ADVERTISEMENT

ഒരേ ശരീരത്തിൽ സ്ത്രീ-പുരുഷ കോശങ്ങൾ ഇടകലർന്ന് വരുന്ന അപൂർവ പ്രതിഭാസം സിന്ദൂരത്തുമ്പിയിൽ കണ്ടെത്തി. മണ്ണാർക്കാട് കാരാക്കുത്ത് വീട്ടിൽ അജയ് കൃഷ്ണ എന്ന പത്താം ക്ലാസ് വിദ്യാർഥിയാണ് ഈ വിചിത്ര തുമ്പിയെ ആദ്യം കാണുന്നത്. തുടർന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര ഗവേഷണ മേധാവി സുബിൻ കെ ജോസ്, ഗവേഷകൻ വിവേക് ചന്ദ്രൻ എന്നിവർ വിശദമായ പഠനങ്ങൾ നടത്തി. 

∙ ഗൈനാൻഡ്രോമോർഫിസം

മുഖ്യമായും പെൺതുമ്പിയെ പോലെ മഞ്ഞ നിറത്തിൽ കാണപ്പെട്ട ഈ തുമ്പിയുടെ വലത് കണ്ണിന്റെ പാതി, ഉരസ്സിന്റെയും ഉദരത്തിന്റെയും ചില ഭാഗങ്ങൾ, വലതു ചിറകുകളിലെ ഞരമ്പുകൾ എന്നിവ ആൺതുമ്പിയിലെന്ന പോലെ പിങ്ക് കലർന്ന ചുവപ്പായിരുന്നു. ഗൈനാൻഡ്രോമോർഫിസം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഒരു ജനിതകവൈകല്യമായാണ് കണക്കാക്കപ്പെടുന്നതെന്നും ഇത്തരം ജീവികളെ പ്രകൃതിയിൽ അപൂർവമായേ കണ്ടുകിട്ടാറുള്ളൂ എന്നും പഠനസംഘം പറഞ്ഞു. ഗൈനാൻഡ്രോമോർഫിസമുള്ള തുമ്പി സാംപിളുകൾ ലഭ്യമല്ലാത്തതിനാൽ കൂടുതൽ പഠനങ്ങൾ ഇനിയും നടക്കാനുണ്ട്. 

rare-biological-phenomenon-in-dragonflies-sighted-at-kole-wetlands1
അജയ് കൃഷ്ണ

∙ വൈകല്യത്തിനു കാരണം

ആൺതുമ്പിയും പെൺതുമ്പിയും ഇണ ചേർന്നുണ്ടാകുന്ന കോശം വിഭജിച്ച് എംബ്രിയോ ആയും ലാർവയായും മാറുകയാണ് സാധാരണ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ആദ്യ കോശവിഭജനത്തിന്റെ സമയത്ത് ക്രോമസോമുകളുടെ എണ്ണത്തിൽ വ്യതിയാനമുണ്ടാകും. വിതരണം തുല്യമായി നടക്കാത്ത അവസ്ഥയുണ്ടാകും. ഇത്തരം തുമ്പികളുടെ ഇണചേരൽ എങ്ങനെയെന്നത് ഇനിയും പഠനവിധേയമാക്കേണ്ട വിഷയമാണ്. കാഴ്ചശക്തിയുപയോഗിച്ചാണ് തുമ്പികൾ ഇണയെയും തേടുന്നത്. നിലവിലെ നിഗമനങ്ങളനുസരിച്ച് കാഴ്ചയിൽ തന്നെ എതിർ ലിംഗത്തിലുള്ള തുമ്പികൾ ഇണ ചേരാൻ വരില്ല. ജനിതക വൈകല്യം തലമുറകളോളം തുടരുമെന്നതും കാരണമാകും. 

∙ മുൻപ് വയൽത്തുമ്പി

2019ൽ ഇത്തരമൊരു വയൽത്തുമ്പിയെ തൃശ്ശൂർ കോൾ നിലങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നുവെങ്കിലും അന്ന് അതിനെ വിശദമായ പഠനങ്ങൾക്ക് വിധേയമാക്കാൻ കഴിഞ്ഞിരുന്നില്ല. സ്വിസ് തുമ്പിഗവേഷകനായ ഹൻസ്രുവേദി വിൽഡർമുത്തിന്റെ സഹായത്തോടെ രാജ്യാന്തര ശാസ്ത്രപ്രസിദ്ധീകരണമായ 'ഓഡോണേറ്റോളൊജിക്ക'യിൽ ഈ അപൂർവ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. 

English Summary: Rare biological phenomenon in dragonflies sighted at Kole wetlands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com