ADVERTISEMENT

പുതിയ തലമുറയിലേക്കു സംസ്കൃതിയുടെ വിത്തുകൾ പാകി മുളപ്പിക്കുകയാണു സുനിൽ മാഷിന്റെ ‘നീർമാതളം വിതൈപന്തുകൾ’. പരിസ്ഥിതി ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിനു മരം വച്ചുപിടിപ്പിക്കുന്ന നമ്മുടെ നാട്ടിൽ വ്യത്യസ്തമായ പരിസ്ഥിതി പാഠമാണു കെ.എസ്. സുനിൽ എന്ന ഫിസിക്സ് അധ്യാപകൻ പഠിപ്പിക്കുന്നത്.

വിതൈ പന്തുകൾ

വിതൈപന്തുകൾ എന്ന വിത്തുപന്തുകൾ നമുക്കെല്ലാം പരിചിതമാണ്. ചെടികളുടെ വിത്തുകൾ കാലാവസ്ഥാ മാറ്റം കൊണ്ടും പക്ഷിമൃഗാദികൾ ഭക്ഷിച്ചും നശിച്ചു പോകാതിരിക്കാൻ സംസ്കരിച്ചു സൂക്ഷിക്കുന്ന രീതിയാണിത്. മണ്ണും ചാണകവും ചാരവും മറ്റും ചേർത്തു കുഴച്ച മിശ്രിതത്തിൽ വിത്ത് ഒളിപ്പിച്ച് ഉണക്കി സൂക്ഷിക്കുന്നു. ഈ വിത്തുപന്തുകൾ അനുയോജ്യ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നു. അനുകൂല കാലാവസ്ഥയിൽ അവ മുളച്ചു വളരുന്നു. ഈ വിതൈപന്തുകൾ ഏറെക്കാലം സൂക്ഷിച്ചു വയ്ക്കാനുമാകും. 

നീർമാതളം വിതൈപന്തുകൾ

പാലക്കാട് ജിലയിലെ ഒറ്റപ്പാലത്തിനടുത്തു പത്തിരിപ്പാല ജിവിഎച്ച്എസ്എസ്സിലെ അധ്യാപകൻ കെ.എസ്. സുനിലിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണു നീർമാതളം വിതൈപന്തുകൾ. ചക്ക, മാങ്ങ, പുളി, ഞാവൽ എന്നിവയുടെ ഫലം ഭക്ഷിച്ച ശേഷം അതിന്റെ വിത്തുകൾ ചാണകവും ചാരവും ചേർത്തു കുഴച്ച മണ്ണിൽ പൊതിഞ്ഞു സൂക്ഷിച്ചു വച്ചു പലയിടങ്ങളിലായി നടാൻ വിദ്യാർഥികളെ ചുമതലപ്പെടുത്തുകയാണു സുനിൽ. പാഠ്യപദ്ധതിയുടെ ഭാഗമെന്നോണം ചിട്ടയായി പ്രവർത്തിക്കുമ്പോൾ ഭൂമിയിലെ സസ്യസമ്പത്ത് വളരുമെന്നതിൽ സംശയമില്ല. വിദ്യാർഥികളിൽ സസ്യലോകത്തിന്റെ സംതിലിതാവസ്ഥയെപ്പറ്റി അറിവു പകരാനും ഇതിലൂടെ കഴിയും. 

neermathalam-seedball-project-for-tree-planting4

മത്സരമെന്ന നിലയിൽ ഇതിനെ സമീപിക്കുന്നതോടെ കുട്ടികൾ വിത്തു നടലും ചെടികളുടെ പരിപാലനവും ശ്രദ്ധയോടെ ചെയ്യും. ഇങ്ങനെ വലിയൊരു സന്ദേശമാണു നീർമാതളം വിതൈപന്തിലൂടെ പകരാൻ സുനിൽ ശ്രമിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ തൃശൂർ, പാലക്കാട് ജില്ലകളിലെ ഏതാനും സ്കൂളുകളിലെ വിദ്യാർഥികളെയാണു പരിസ്ഥിതി ക്ലബ്ബിന്റെ സഹകരണത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ചു കൃത്യമായ മാർഗനിർദേശവും കുട്ടികൾക്കു നൽകിയിട്ടുണ്ട്. മാതാപിതാക്കളുടെയോ മറ്റു മുതിർന്നവരുടെയോ സഹായത്തോടെയാണിതു ചെയ്യേണ്ടത്. ചിങ്ങം ഒന്നിന് ഈ പ്രവർത്തനങ്ങളുടെ ഫലം കാണുമെന്നു സുനിൽ പറയുന്നു. കർഷകദിനത്തിൽ ഇങ്ങനെ ആയിരത്തിലേറെ ഫലവൃക്ഷത്തൈകൾ ഭൂമിക്കു പച്ചക്കുടയൊരുകാൻ വളർന്നു തുടങ്ങിയിരിക്കും. 

നീർമാതളം ഫലവൃക്ഷ പദ്ധതി

neermathalam-seedball-project-for-tree-planting
കെ.എസ്. സുനിൽ വിദ്യാലയ മുറ്റത്തു നീർമാതളം ഫലവൃക്ഷത്തൈ നടുന്നു

2015ൽ സുനിൽ ആവിഷ്ക്കരിച്ചു ഫലിപ്പിച്ചതാണു നീർമാതള ഫലവൃക്ഷ പദ്ധതി. വരണ്ട മണ്ണിലും കടുത്ത വേനലിലും ഫലവൃക്ഷത്തൈകൾ വളർത്തിയെടുക്കുന്ന രീതിയാണത്. മൂന്നടി നീളവും രണ്ടടി വീതം വീതിയും താഴ്ചയുമുള്ള കുഴി നിർമിക്കുന്നു. ഇതിൽ ഒരടി നീളവും നാലിഞ്ചു വ്യാസവുമുള്ള പൈപ്പും ഇഷ്ടികക്കഷണവും ചകിരിയും ക്രമീകരിച്ചു പൈപ്പിൽ നിന്ന് ഒരടി അകലത്തിൽ വൃക്ഷത്തൈ നടുന്നു. വേനലിൽ ആഴ്ചയിലൊരിക്കൽ കുഴൽ വഴി ജലമോ വീടുകളിലെ ദ്രവ മാലിന്യമോ നൽകി ഫലവൃക്ഷത്തൈകൾ വളർത്തിയെടുക്കാം. ദ്രവമാലിന്യം വളമാക്കുന്ന പ്രക്രിയ കൂടി കുഴലിൽ നടക്കുന്നു.

വിയ്യൂർ സെൻട്രൽ ജയിൽ, ജിഎച്ച്എസ്എസ് പെരിങ്ങോട്ടുകുർശി, എസ്എസ്ഒഎച്ച്എസ് ലക്കിടി, മങ്കര പൊലീസ് ക്വാർട്ടേഴ്സ്, കൊപ്പം അഭയം, കല്ലേക്കാട് അൽ ഹസനിയ സ്കൂൾ, പറളി ഹൈസ്കൂൾ, മങ്കര ജിഎച്ച്എസ്, എൽഎസ്എൻജിഎച്ച്എസ് ഒറ്റപ്പാലം, പട്ടാമ്പി ജിഎച്ച്എസ്എസ്, എഎൽപിഎസ് പരുത്തിപുള്ളി, സെക്കന്ദരാബാദ് സെന്റ് പാട്രിക് ഹൈസ്കൂൾ, കോഴിക്കോട് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ, അനങ്ങൻമല ഇക്കോ ടൂറിസം മേഖല, മായന്നൂർ കൊണ്ടാഴി വനമേഖല, വാണിയംകുളം ടിആർകെഎച്ച്എസ്എസ്, ജിഎച്ച്എസ് ഒറ്റപ്പാലം ഈസ്റ്റ് എന്നിവിടങ്ങളിലും 100 വിദ്യാർഥികളുടെ വീടുകളിലുമാണ് ഈ പദ്ധതിയിൽ ഫലവൃക്ഷത്തൈകൾ നട്ടത്. ആറായിരത്തിലധികം തൈകളാണു നീർമാതളം പദ്ധതിയിൽ മുളച്ചു വളർന്നത്. 

തന്റെ വിദ്യാർഥികളിൽ മികച്ച വിജയം നേടിയവരുടെ വീടുകളിലെത്തി സുനിൽ വൃക്ഷത്തൈകൾ നട്ടു. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വീടുകളിൽ പദ്ധതിയെത്തിക്കാനുള്ള ശ്രമങ്ങൾ ലോക്‌ഡൗണിൽ കുരുങ്ങിക്കിടക്കുകയാണ്. പദ്ധതിക്കു 2017ൽ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പ്രോജക്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. 2018ൽ സതേൺ ഇന്ത്യ സയൻസ് ഫെയറിലും രണ്ടാം സ്ഥാനം. 2019ലെ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ സംസ്ഥാനതല അംഗീകാരവും നേടി.

നീർമാതളം എന്ന മോഹിപ്പിക്കുന്ന പേര്

വരണ്ട കാലാവസ്ഥയിൽ ഗുണമേന്മയുള്ള കൂടുതൽ ഫലങ്ങൾ എന്നതായിരുന്നു ലക്ഷ്യം. പദ്ധതിക്കു യോജിച്ച പേര് കിട്ടിയിരുന്നില്ല. അപേക്ഷിക്കാനുള്ള അവസാനതീയതിയുടെ തലേരാത്രി ഉറക്കമില്ലാതെ കിടന്നു. രാത്രിയുടെ അന്ത്യയാമത്തിൽ ഇരുട്ടിൽ നിന്നാരോ മൊഴിഞ്ഞു "നീർമാതളം". സുനിൽ നീർമാതളമെന്ന പേരിന്റെ വരവെങ്ങനെ എന്നു പറയുന്നു. സുഹൃത്തായ സണ്ണി മാഷെയും തിരക്കഥാകൃത്തും സഹപാഠിയുമായ ബിപിൻ ചന്ദ്രനെയും വിളിച്ചു പറഞ്ഞു. അർഥസമ്പൂർണം......നീർ എന്നാൽ ജലവും മാതളം എന്നാൽ പഴവും. കുറച്ചു ജലത്തിൽ നിന്നു ഗുണമേന്മയുള്ള കുറെ പഴങ്ങൾ.

neermathalam-seedball-project-for-tree-planting1
കെ.എസ്. സുനിൽ വിദ്യാലയ മുറ്റത്തു നീർമാതളം ഫലവൃക്ഷത്തൈ നടുന്നു

മനുഷ്യ ഭാവനയുടെ രണ്ടു മുഖങ്ങളാണു ശാസ്ത്രവും സാഹിത്യവും. വിശ്വസാഹിത്യത്തിനു മലയാളത്തിന്റെ മികച്ച സംഭാവനയാണു പ്രണയവും സൗന്ദര്യവും വേദനയും സംസാരിച്ച ഡോ. കമലാ സുരയ്യ എന്ന മാധവിക്കുട്ടി. ആ പ്രതിഭയുടെ നിഴൽപറ്റി നിൽക്കാനായി ഈ കുഞ്ഞു പ്രോജക്ടിനും. അവതരിപ്പിക്കുമ്പോഴൊക്കെ പലരും കൗതുകത്തോടെ ഉന്നയിച്ച ചോദ്യമാണിത്. ഊഷരമായ ഭൂമിയിൽ താപം താങ്ങാനാവാതെ തളർന്നു കരിഞ്ഞ എല്ലാ പുതുനാമ്പുകൾക്കും തണൽവിരിക്കാൻ പുന്നയൂർക്കുളത്തു പൂത്തുനിൽക്കുന്ന നീർമാതളത്തണലിനാവട്ടെ. ഒപ്പം നീർമാതളം ഫലവൃക്ഷപദ്ധതിക്കും. സുനിൽ പറഞ്ഞു.

ലാൽ ജോസിന്റെ ആശയം

സുനിലിന്റെ നീർമാതളം പദ്ധതി പ്രകൃതിക്കു വൻ മുതൽക്കൂട്ടാണെന്നു ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്. ലാൽ ജോസിന്റെ വാക്കുകൾ: സുനിലിനെ ചെറുപ്പം മുതലേ അറിയാം. ഞങ്ങൾ ഒരേ നാട്ടുകാരാണ്. കോളജിൽ എന്റെ ജൂനിയർ ആയിരുന്നു. മൂന്നു വർഷം മുൻപ് അകലൂരിലെ സ്കൂളിൽ നീർമാതളം പദ്ധതിയുമായി ബന്ധപ്പെട്ടു ഞാൻ പോയിരുന്നു. അന്നു പ്രസംഗിച്ചപ്പോൾ പഴയ ഒരു സംഭവം ഓർമിപ്പിച്ചു. ഞങ്ങൾ കോളജിൽ പഠിക്കുന്ന കാലത്ത് ഒറ്റപ്പാലത്തു ജിയോളജിക്കൽ സർവേക്കാർ വന്നിരുന്നു. ആ പ്രദേശത്തെ വേനലിലെ കഠിനമായ ചൂടിനെക്കുറിച്ചു ഗവേഷണം നടത്തിയ അവർ അതിനൊരു പരിഹാരം നിർദേശിച്ചു. 

അനങ്ങൻമലയുടെ മുകളിൽ നിറയെ ആൽമരങ്ങൾ നട്ടു വളർത്തിയാൽ പാലക്കാടൻ ചുരം കടന്നു വരുന്ന ചൂടുകാറ്റിനെ തടഞ്ഞു തണുപ്പിക്കുമെന്ന്. അന്ന് എല്ലാവരും അതിനെ കളിയാക്കി. മലമുകളിൽ ആൽ വച്ച് അതു വളർന്നു മരമായിട്ട് എന്നാണിതിനു പരിഹാരമുണ്ടാവുക എന്നായിരുന്നു പരിഹാസം. അതു കഴിഞ്ഞിട്ടു മുപ്പത്തഞ്ചോ നാൽപതോ വർഷങ്ങളായി. അന്നത്തെ ചെറുപ്പക്കാർ അതിനു മുൻകയ്യെടുത്ത് അത്തരമൊരു പ്രവ‍ൃത്തി ചെയ്തിരുന്നെങ്കിൽ ഇന്ന് ഒറ്റപ്പാലത്തിന്റെ കാലാവസ്ഥ മാറിയേനെ. 

എന്റെ പ്രസംഗത്തിലെ ആശയം സുനിൽ വൈകാതെ നടപ്പാക്കി എന്നതായിരുന്നു എനിക്കു സുനിലിനോടു തോന്നിയ താൽപര്യത്തിനു പ്രധാന കാരണം. സുനിലിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന നൂറോളം പേരുടെ സംഘം അനങ്ങൻമല കയറി അവിടെ ആലും മറ്റു വൃക്ഷങ്ങളും നട്ടു. പിന്നീട് സുനിലുമായി ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു. പിന്നീടൊരിക്കൽ വീട്ടിൽ വന്നപ്പോഴാണു സുനിൽ നീർമാതളം ഫലവൃക്ഷ പദ്ധതിയെക്കുറിച്ചു പറയുന്നത്. അതിൽ എനിക്കും വലിയ താൽപര്യമായി. എന്റെ വീട്ടിൽത്തന്നെ പത്തുപന്ത്രണ്ടു മരങ്ങൾ നട്ടു. 

neermathalam-seedball-project-for-tree-planting3
ലാൽ ജോസ് വിതൈപന്തുമായി കൊണ്ടാഴി വനമേഖലയിൽ.

അന്നാണു തമിഴ് നാടോടികളുടെ വിതൈപന്തുകളെക്കുറിച്ചുള്ള എന്റെ ഓർമകൾ സുനിലുമായി പങ്കുവച്ചത്. തമിഴ് നാടോടികൾ പലയിടത്തും സംഘമായി വന്നു താമസിക്കും. അവർ കഴിക്കുന്ന പഴങ്ങളുടെ വിത്തുകൾ ചാണകം ചേർത്ത മണ്ണിൽ വച്ച് ഉരുട്ടി പന്തു പോലെയാക്കി ഉണക്കി സൂക്ഷിച്ചു വയ്ക്കും. താമസിച്ചിരുന്ന സ്ഥലത്തു മഴ വരുമ്പോഴേക്കും സുരക്ഷിത സ്ഥലത്തേക്ക് അവർ നീങ്ങും. ആ യാത്രയ്ക്കിടയിൽ വഴിയോരങ്ങളിലും തുറസ്സായ സ്ഥലങ്ങളുലുമെല്ലാം അവർ ഈ വിത്തുപന്തുകൾ എറിയും. അതവിടെ കിടക്കും. മഴയിൽ കുതിർന്നാൽ പൊതിഞ്ഞു വച്ച മണ്ണും ചാണകവും ആ വിത്തിനു വളരാനുള്ള സാഹചര്യമൊരുക്കും. വിതൈപന്തുകൾ എന്നാണ് അവരതിനെ വിളിച്ചിരുന്നത്. ആ നാടോടികൾ അവർ വിതച്ച വിത്തു വൃക്ഷമായ ശേഷം അതിന്റെ ഫലം കഴിക്കാൻ ആ വഴി തിരിച്ചുവരില്ല. പക്ഷേ, അവരുടെ ഏതെങ്കിലും തലമുറകളിൽപെട്ട നാടോടികൾ അതിലേ വരുമ്പോൾ ആ വൃക്ഷങ്ങള്‍ അവർക്കു തണലേകും അവരുടെ വിശപ്പകറ്റും.. തലമുറകൾക്കു വേണ്ടിയുള്ള കരുതലാണത്. ഇത്തരത്തിൽ വിതൈപന്തുകളും ചെയ്യാവുന്നതാണ് എന്ന ആശയം സുനിലിനോടു പങ്കുവച്ചു. 

ഇത്തവണ പരിസ്ഥിതി ദിനത്തിന്റെ തലേന്നു ഞങ്ങൾ കൊണ്ടാഴി കായാംപൂവം ഭരത വനമേഖലയിൽ നാൽപതോളം മരങ്ങൾ നട്ടു. അവിടെ കുറേ സ്ഥലം വൃക്ഷങ്ങളില്ലാതെ തുറസ്സായി കിടന്നിരുന്നു. വൈകിട്ട് ആളുകൾ വിശ്രമിക്കാൻ പോയിരിക്കുന്ന ആ സ്ഥലത്ത് ആൽമരം ഉണ്ടായിരുന്നെങ്കിൽ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. വനം വകുപ്പിന്റെ അനുവാദത്തോടും സഹായത്തോടും അരയാൽ, പേരാൽ, മാവ്, പ്ലാവ്, തേക്ക്, ഈട്ടി എന്നീ മരങ്ങളാണ് അവിടെ നട്ടത്. അന്നു വരുമ്പോൾ സുനിൽ വിതൈപന്തുകൾ തയാറാക്കി കൊണ്ടുവന്നിരുന്നു. 

വായിച്ചറിഞ്ഞ, സംസാരത്തിൽ മാത്രം പങ്കുവച്ചിരുന്ന ഒരു അറിവ് അങ്ങനെ പ്രായോഗിക തലത്തിലെത്തിച്ചു. പിന്നീട് സുനിൽ അതു വലിയൊരു പ്രോജക്ടാക്കി മാറ്റി. ഇതു കേരളം മുഴുവൻ വ്യാപിപ്പിക്കേണ്ട മാതൃകാ പദ്ധതിയാണ്. കുട്ടികൾക്കു പാഠ്യപദ്ധതിയുടെ ഭാഗമായി നൽകുന്ന സാമൂഹിക പ്രതിബദ്ധതാ പരിപാടികളിൽ ഉൾപ്പെടുത്തിയാൽ മതി. ഈ ലോക്‌ഡൗൺ കാലത്ത് അവർ കഴിക്കുന്ന ചക്കയുടെയും മാങ്ങയുടെയും പുളിയുടെയും ഒക്കെ കുരുക്കൾ കൊണ്ട് ഇത്തരം വിതൈപന്തുകൾ ഉണ്ടാക്കാവുന്നതാണ്. 

ചെടികൾ നടുന്നതിലുപരി അതിന്റെ പരിപാലനം പ്രധാനമാണ്. ഞാൻ നട്ട മരങ്ങളുടെ വളർച്ചയറിയാൻ ആ വഴിയെല്ലാം പോകുമ്പോൾ ഇറങ്ങി നോക്കാറുണ്ട്. എല്ലാക്കാലത്തും ഇത്തരം കാര്യങ്ങൾക്കു നേതൃത്വം കൊടുക്കാൻ ആരെങ്കിലും മുന്നിലുണ്ടാകും. ഇപ്പോൾ സുനിൽ മാഷിന്റെ ഊഴമാണ്. ഒറ്റപ്പാലം ഭാഗത്തെ പാതയോരങ്ങളിൽ ഇന്നു കാണുന്ന വൻമരങ്ങൾ വച്ചുപിടിപ്പിച്ചത് അയ്യപ്പൻ എന്ന ഒരു പഞ്ചായത്ത് ജീവനക്കാരനാണ്. 

പഴമയുടെ ഓർമപ്പെടുത്തൽ

neermathalam-seedball-project-for-tree-planting2
കെ.എസ്. സുനിൽ

പുതുതായി ഒന്നും തങ്ങൾ ചെയ്യുന്നില്ലെന്നാണു സുനിലിന്റെ അഭിപ്രായം. പഴയ സംസ്കാരത്തെ ഓർമപ്പെടുത്തി ആ പാതയിലൂടെ സഞ്ചരിക്കുന്നു. അത്രമാത്രം. ഇത്തരം ഒരു പ്രവൃത്തി ചെയ്യുമ്പോൾ അതിന്റെ ശാസ്ത്ര, പാരിസ്ഥിതിക, ചരിത്ര, സാമൂഹിക പ്രസക്തി കൂടി വിദ്യാർഥികൾ മനസ്സിലാക്കണം എന്നതാണു പദ്ധതിയുടെ ഊന്നൽ. വിതൈപന്തുകൾ തയാറാക്കൽ, നടൽ, നിരീക്ഷിക്കൽ, ആ പ്രവർത്തനം വിവിധ തലങ്ങളിൽ അവരിലുണ്ടാക്കിയ ഇംപാക്ട് എന്നിവ വിലയിരുത്തി കർഷകദിനത്തിൽ സമ്മാനം നൽകും. എൽപി സ്കൂൾ മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾ ഇതിൽ അണിചേരുന്നുണ്ട്. 

 

green-revolution-by-a-physics-teacher-to-spread-the-idea-of-seed-balls1

ഇതിൽ ലാൽ ജോസിനെപ്പോലുള്ള പ്രശസ്തരെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ താൽപര്യം കണക്കിലെടുത്താണ്. പബ്ലിസിറ്റി സ്റ്റണ്ട് അല്ല. സുനിൽ എന്ന ഒരു അധ്യാപകൻ എവിടെയോ കുറേ വിത്തെറിഞ്ഞു എന്നു പറയുമ്പോൾ അതിനൊരു പ്രസക്തിയില്ല. മറിച്ച് സംവിധായകൻ ലാൽ ജോസ് അതു ചെയ്യുമ്പോൾ എന്താണ് അദ്ദേഹത്തിനു പറയുന്നതെന്നു കേൾക്കാൾ ധാരാളം പേരുണ്ടാകും. ഓരോ സ്കൂളിലെയും പത്തു കുട്ടികളെ വീതമാണു തിരഞ്ഞെടുക്കുക. ഇവർ ഒൻപതു തരം വിത്തുകളാണു വിതൈപന്തുകളാക്കേണ്ടത്. അത്രയും വിത്തുകൾ തിരിച്ചറിയുക എന്നതു തന്നെ വലിയൊരു അറിവാണ്. മണ്ണും ചാണകവും ചാരവും കൈകൊണ്ടു കുഴയ്ക്കാൻ അവൻ തയാറാകുന്നിടത്താണു മറ്റൊരു പാഠം. 

പത്തു സ്കൂളിൽ നിന്ന് 50 കുട്ടികൾ വീതം പദ്ധതിയിൽ പ്രവർത്തിക്കുന്നു എന്നിരിക്കട്ടെ. ഈ അഞ്ഞൂറു പേരും 9 വിത്തുകൾ വീതം നടുന്നു. അപ്പോൾ, ആകെ 4500 വിത്തുകൾ. ഇതിൽ ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറെണ്ണമെങ്കിലും മരമായാൽ അതു വലിയൊരു സമ്പത്തല്ലേ. തൈകൾ കൊടുത്തു നടാൻ പറയുന്നതിനേക്കാൾ ഈ രീതി ഫലപ്രദമാകും. മാർക്കിടുമ്പോൾ വിത്തു തിരഞ്ഞെടുത്ത രീതി കൂടി പരിഗണിക്കും. ഒരു മാങ്ങയുടെ അണ്ടിയാണെങ്കിൽ അവൻ കഴിച്ച രുചിയേറിയ മാമ്പഴത്തിന്റെ വിത്താകും അവൻ സൂക്ഷിക്കുക. ഇതു കൂട്ടായ സംരംഭമാണ്. സ്കൂളിലെ എല്ലാ അധ്യാപകരുടെയും സംഘടനകളുടെയും പിൻബലത്തിലാണ്. ജെആർസി, എസ്പിസി, പരിസ്ഥിതി ക്ലബ് എന്നീ സംഘടനകളുടെ സജീവ പിന്തുണയുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ സുലൈമാൻ മാഷാണ് ഗൂഗിൾ ഫോം തയാറാക്കാനും മറ്റും സഹായിക്കുന്നത്. 

വിദ്യാർഥികൾക്കുള്ള നിർദേശങ്ങൾ:

പ്രവർത്തനക്രമം

1. ജൂൺ 21 മുതൽ 25 വരെ: ഗുണമേന്മയുള്ള 9 വ്യത്യസ്ത ഫലവൃക്ഷ വിത്തുകൾ തെരഞ്ഞെടുക്കുകയും വൃത്തിയാക്കി ഉണക്കി എടുക്കുകയും ചെയ്യുക.

2. ജൂൺ 26 മുതൽ 30 വരെ: ഒരു കപ്പ് ചാണകവും കാൽ കപ്പ് ചാരവും കാൽകപ്പ് മണ്ണും അധികം നനവില്ലാതെ കുഴച്ച് ഓരോ വിത്തും പന്തു രൂപത്തിൽ പൊതിഞ്ഞെടുക്കുക. മഴ കൊള്ളാതെ 5 ദിവസം ഉണക്കിയെടുക്കുക.

3. ജൂലായ് 1മുതൽ 3വരെ: മുതിർന്നവർ ആരെങ്കിലും പുറത്തു പോകുമ്പോൾ ഉണക്കിയെടുത്ത നീർമാതളം വിതൈപന്തുകൾ തുറസ്സായ സ്ഥലങ്ങൾ കുളക്കര, തോട്ടുവക്ക് എന്നിവിടങ്ങളിൽ വടികൊണ്ടു മണ്ണുമാന്തി വ്യത്യസ്ത സ്ഥലങ്ങളിൽ നിക്ഷേപിക്കുക. മൂന്നു ദിവസം മൂന്നെണ്ണം വീതം.

പൊന്തക്കാട്ടിലേക്കോ ചെറിയ കുന്നിൻ ചെരിവുകളിലേക്കോ നീർമാതളം വിതൈപന്തുകൾ എറിയുകയും ആവാം. ഈ പ്രവൃത്തികൾ പുറത്തുപോയി ചെയ്യുമ്പോൾ ഇഴജന്തുക്കളെ ശ്രദ്ധിക്കണം

4. ജൂലൈ 18: പതിനഞ്ചാം നാളിൽ കുഴിച്ചിട്ട ഇടങ്ങൾ നിരീക്ഷിച്ച വിവരങ്ങൾ രേഖപ്പെടുത്തുക

∙ കുന്നിൻചെരുവിലേക്കോ പൊന്തക്കാടുകളിലേക്കോ എറിഞ്ഞവയെക്കുറിച്ചുള്ള നിരീക്ഷണം രേഖപ്പെടുത്തേണ്ടതില്ല. പൂർവികരുടെ തനതു രീതിയെ അനുസ്മരിക്കാനാണ് ഇത്.

5. ഓഗസ്റ്റ് 2: മുപ്പതാം ദിനത്തിൽ തൈകൾ നിരീക്ഷിച്ചു രേഖപ്പെടുത്തുക.

6. ഓഗസ്റ്റ് 2നു ലഭിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് ഓഗസ്റ്റ് 3നു സബ്മിറ്റ് ചെയ്യുക.

∙ പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ ഫോട്ടോ എടുത്തു സൂക്ഷിക്കുക മൂല്യനിർണയത്തിൽ ആവശ്യപ്പെടുന്ന പക്ഷം തെളിവായി ഹാജരാക്കണം.

ഗൂഗിൾ ഫോം ചോദ്യങ്ങൾ:

1. വിദ്യാർഥിയുടെ പേര് :

2. വിദ്യാലയത്തിന്റെ പേര്:

3. ക്ലാസ്സ്:

4. തെരഞ്ഞെടുത്ത 9 ഫലവൃക്ഷവിത്തുകളുടെ പേര്.

5. വിത്ത് തെരഞ്ഞെടുക്കാനും അത് ഉണങ്ങാനും എടുത്ത ദിവസങ്ങൾ.

6. നീർമാതളം വിതൈപന്തുകൾ ഉണങ്ങാനെടുത്ത ദിവസങ്ങൾ.

7.പുറത്തുപോയി നീർമാതളം വിതൈപന്തുകൾ അനുയോജ്യമായ ഇടത്തിൽ വിതയ്ക്കാൻ സഹായിച്ച വ്യക്തി/വ്യക്തികൾ.

8. ജൂലൈ 18നു പതിനഞ്ചാം ദിനത്തിൽ മുളച്ച തൈകൾ നിരീക്ഷിച്ചപ്പോൾ കണ്ടത്.

9. ഓഗസ്റ്റ് 2 മുപ്പതാം ദിനത്തിൽ തൈകൾ നിരീക്ഷിച്ചപ്പോൾ കണ്ടത്.

10. ഈ പ്രവർത്തനത്തിന്റെ ശാസ്ത്രീയത, ചരിത്രപരമായ പ്രാധാന്യം, സമൂഹത്തിന്റെ പ്രതികരണം, നിങ്ങൾക്കു മാത്രമായുണ്ടായ അനുഭവം.

English Summary: Green Revolution by a Physics Teacher to Spread the Idea of Seed Balls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com