ADVERTISEMENT

ഏപ്രില്‍ 28 ന് ടെക്സസില്‍ വ്യാപകമായ തോതില്‍ ആലിപ്പഴം പൊഴിഞ്ഞിരുന്നു. ലിലനോ റാമിറസ് എന്നു പേരിട്ട ഈ ഹെയില്‍സ്റ്റോം പ്രതിഭാസത്തില്‍ നിരവധി കൂറ്റന്‍ ആലിപ്പഴങ്ങളാണ് പതിച്ചത്. ഇവയിലൊന്ന് ഒരു പക്ഷേ അമേരിക്കയില്‍ പതിച്ച ഏറ്റവും വലിയ ആലിപ്പഴം എന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ശേഷിയുള്ളതായിരുന്നു. പക്ഷേ ഇത്തരം റെക്കോര്‍ഡുകള്‍ക്കൊന്നും കാത്തുവയ്ക്കാതെ ഈ ആലിപ്പഴം മാര്‍ഗറീറ്റ എന്ന കോക്ടെയ്‌ലിനൊപ്പം ടെക്സസിലെ ഒരു കുടുംബത്തിലെ അംഗങ്ങൾ അകത്താക്കി. കോക്ടെയ്ല്‍ ഉണ്ടാക്കുന്നതിന് മുന്‍പ് ഇവര്‍ ഈ ആലിപ്പഴത്തിന്‍റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇതോടൊപ്പം ആലിപ്പഴത്തിന്‍റെ വലുപ്പം വ്യക്തമാക്കാന്‍ ഒരു നാണയവും ഉപയോഗിച്ചു. ഇതിലൂടെയാണ് ടെക്സസിലെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഈ ആലിപ്പഴത്തിന്‍റെ വലുപ്പം കണക്കാക്കിയത്.

വലുപ്പം കണക്കാക്കിയത് ട്വിറ്ററിലെ ചിത്രം ഉപയോഗിച്ച്

അതേസമയം തന്നെ ഇതേ ആലിപ്പഴ വീഴ്ചയില്‍ ടെക്സസില്‍ പതിച്ച മറ്റൊരു ആലിപ്പഴം കൂടി കാലാവസ്ഥാ വിഭാഗം കണ്ടെത്തി. ഭാഗ്യം കൊണ്ട് ഈ ആലിപ്പഴം കണ്ടെത്തിയവര്‍ ഉടന്‍ തന്നെ അതിനെ സൂക്ഷിച്ച് ഫ്രീസറിലേക്ക് മാറ്റിയിരുന്നു. 16.2 സെന്‍റിമീറ്റാണ് ഈ ആലിപ്പഴത്തിന്‍റെ വലുപ്പം. 600 ഗ്രാമോളം ഭാരവും ഈ ആലിപ്പഴത്തിനുണ്ടായിരുന്നു. അതേസമയം മുന്‍പ് കണ്ടെത്തിയ ആലിപ്പഴത്തിന്‍റെ ചിത്രം ഉപയോഗിച്ച് ഗവേഷകര്‍ വലുപ്പം കണക്കാക്കാന്‍ ശ്രമിച്ചിരുന്നു. ചിത്രത്തില്‍ നിന്ന് ഈ ആലിപ്പഴത്തിന്‍റെ വലുപ്പം ഏതാണ്ട് 16 മുതല്‍ 17 സെന്‍റിമീറ്ററാകാമെന്നാണ് ഇവര്‍ കണക്കു കൂട്ടിയത്. അതേസമയം ഈ ചിത്രം എപ്പോഴെടുത്തതാണെന്ന് വ്യക്തമല്ല. അതിനാൽ ഈ ആലിപ്പഴത്തിന്‍റെ എത്ര ഭാഗം ഉരുകി പോയിട്ടുണ്ടാകുമെന്ന് തീര്‍ച്ചപ്പെടുത്താനാകില്ലെന്നും കൃത്യമായ അളവ് ലഭിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു.

ഏപ്രില്‍ 28 നു നടന്ന ഈ ആലിപ്പഴ വീഴച വലിയ നാശനഷ്ടങ്ങള്‍ ടെക്സസില്‍ ഉണ്ടാക്കിയിട്ടുണ്ട്. ആലിപ്പഴത്തിന്‍റെ വലുപ്പമനുസരിച്ച് പല വേഗത്തിലാണ് ഇവ ഭൂമിയിലേക്ക് പതിക്കുക. ഉദാഹരണത്തിന് അര കിലോയോളം ഭാരമുള്ള വലിയ ആലിപ്പഴം ഏതാണ്ട് 161 കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമിയിലേക്കെത്തുക. അതുകൊണ്ട് തന്നെ ഇവ ഒരു കെട്ടിടത്തിന് മുകളിലോ, വാഹനത്തിനു മുകളിലോ, മനുഷ്യരുടെ മേലോ പതിച്ചാലുണ്ടാകുന്ന ആഘാതം ഏറെയാണ്. പലപ്പോഴും ശകതമായ ആലിപ്പഴ വീഴ്ചയില്‍ മരങ്ങള്‍ പോലും നശിക്കാറുണ്ട്.

അര്‍ജന്‍റീനയിലെ ഭീമന്‍ ആലിപ്പഴം

ലോകത്തെ ഏറ്റവും വലിയ ആലിപ്പഴം പതിച്ചതും ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയിലാണ്. 20.3 സെന്‍റിമീറ്റര്‍ ചുറ്റളവുള്ള ഈ മഞ്ഞുകട്ട പതിച്ചത് സൗത്ത് ഡെക്കോട്ടയിലാണ്. അതേസമയം ഇതിലും വലുപ്പമുള്ള ആലിപ്പഴങ്ങള്‍ പല മേഖലയിലും പതിച്ചിട്ടുണ്ടാകാമെന്നും, ആലിപ്പഴത്തിന്‍റെ വലുപ്പം സ്ഥിരീകരിക്കുകയെന്നത് എളുപ്പമല്ലാത്തതിനാലാണ് ഇവയൊന്നും രേഖപ്പെടുത്താന്‍ കഴിയാത്തതെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. ഉദാഹരണത്തിന് 2018ല്‍ അര്‍ജന്‍റീനയില്‍ പതിച്ച ഭീമന്‍ മഞ്ഞുകട്ട 25 സെന്‍റീമീറ്ററെങ്കിലുമുണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതിന്‍റെ വലുപ്പം സ്ഥിരീകരിക്കാനോ അത് സംരക്ഷിക്കാനോ സാധിച്ചില്ല. അതുകൊണ്ട് തന്നെ വലുപ്പമേറിയ ആലിപ്പഴങ്ങളുടെ പട്ടികയില്‍ ഈ മഞ്ഞുകട്ടയുമില്ല.

English Summary: Texas' Largest Ever Hailstone Made Into Margaritas Before It Was Verified, Says NWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com