ADVERTISEMENT

ഇന്ത്യയുടെ ദേശീയമൃഗമെന്ന പദവിയിൽ വിരാജിച്ചിരുന്ന  ഒരു കാലം സിംഹങ്ങൾക്കുണ്ടായിരുന്നു.1972-ൽ കടുവകൾ ആ സ്ഥാനം തട്ടിയെടുത്തു. ആനകളാകട്ടെ 2010 മുതൽ നമ്മുടെ ദേശീയ പൈതൃകജീവികളാണ്. കടുവകൾക്കും ആനകൾക്കും നമ്മുടെ രാജ്യത്ത് ഉയർന്ന പദവിയാണുള്ളത്. പ്രോജക്ട് ടൈഗർ, പ്രോജക്ട് എലഫന്റ് എന്നീ പരമപ്രധാനമായ സംരക്ഷണപദ്ധതികൾ അവർക്കായി മാത്രം നാം നടത്തിവരുന്നു. പ്രോജക്ട് ടൈഗർ അതിന്റെ 48 വർഷങ്ങളും പ്രോജക്ട് എലഫന്റ് 28 വർഷങ്ങളും പിന്നിട്ടിരിക്കുന്നു. ഇപ്പോഴിതാ രണ്ടു മൃഗജാതികൾക്കു കൂടി സ്വന്തമായ പരിരക്ഷണ പദ്ധതിയെന്ന സ്റ്റാറ്റസ് ലഭിച്ചിരിക്കുന്നു. സിംഹങ്ങൾക്കും ഡോൾഫിനുകൾക്കുമാണ് ഇതുവരെ കടുവകൾക്കും ആനകൾക്കും മാത്രമുണ്ടായിരുന്ന പദവി ലഭിക്കുന്നത്.

 

കഴിഞ്ഞവർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ഇന്ത്യയുടെ  പ്രധാനമന്ത്രി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രോജക്ട് ലയണും ,പ്രോജക്ട് ഡോൾഫിനും നിലവിൽ വരുന്നതോടെ ജൈവവൈവിധ്യ സംരക്ഷണത്തിനു മാത്രമല്ല ടൂറിസത്തിലും  തൊഴിലവസരസ്വഷ്ടിയിലും പുതിയ ഉണർവുണ്ടാകുമെന്ന്  പ്രതീക്ഷിക്കപ്പെടുന്നു. പ്രോജക്ട് തുടങ്ങുന്നതോടെ ഈ രണ്ടു ജീവികൾക്കു മാത്രമായി പരിസ്ഥിതി വന കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിൽ ( MOEFCC ) പ്രത്യേക ഭരണ  സെല്ലുകൾ ഉണ്ടാകും. മാത്രമല്ല ബഡ്ജറ്റിൽ ഇവരുടെ സംരക്ഷണത്തിനായി മാത്രം പ്രത്യേകം തുക ബഡ്ജറ്റിൽ മാറ്റിവയ്ക്കപ്പെടുകയും ചെയ്യും.

 

ഗുജറാത്തിലെ ഗിർവനങ്ങളിലാണ് ഏഷ്യൻ സിംഹങ്ങളുടെ ലോകത്തിലെ അവസാനത്തെ വാസസ്ഥലം നിലനിൽക്കുന്നത്. തങ്ങളുടെ ഏക ആവാസസ്ഥാനത്തെ അവരുടെ നിലനിൽപിനെക്കുറിച്ചുള്ള ആശങ്കകൾ കുറച്ചു വർഷങ്ങളായി  ഉയരുന്നുണ്ട്. 2018-ൽ  കനൈൻ ഡിസ്റ്റമ്പർ എന്ന വൈറസ് പകർച്ചവ്യാധിമൂലം 26 - ഓളം സിംഹങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടത് ആശങ്കകൾ അധികമാക്കിയിരുന്നു. അതിനാൽ പുതിയ പദ്ധതിയിൽ സിംഹങ്ങളുടെ ആരോഗ്യപരിപാലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മുഖ്യ പ്രാധാന്യമുണ്ടാകും. സുപ്രധാനമെന്നു കണക്കാക്കിയിരിക്കുന്ന ചില മേഖലകളിലായിരിക്കും പ്രോജക്ട് ലയൺ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക. 

independence-day-pm-modi-speech-dolphins-tiger-project1

 

എണ്ണത്തിൽ വർദ്ധനവ് കാണിക്കുന്ന ഗിർവനത്തിലെ സിംഹക്കൂട്ടത്തിന്റെ പരിപാലനം, പ്രാദേശിക മനുഷ്യ സമൂഹങ്ങൾക്ക് പ്രയോജനകരമാകുന്ന പ്രവർത്തനങ്ങൾ, ആ വാസസ്ഥലസംരക്ഷണം, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം മിതമാക്കൽ, ഏഷ്യൻ സിംഹങ്ങളുടെ വംശമറ്റു പോകാതെയുള്ള പരിരക്ഷണം എന്നീ മേഖലകൾക്ക് പരിഗണന ലഭിക്കും.ഗീർ വനങ്ങൾക്കു പുറത്ത് സിംഹങ്ങൾക്കായി പുതിയ വാസസ്ഥലങ്ങൾ ഒരുക്കേണ്ടത് അവയുടെ സംരക്ഷണത്തിന് ഏറ്റവും സുപ്രധാനമാണ്. മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതത്തിലേക്ക് കുറച്ച് സിംഹങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 2013-ൽ സുപ്രിം കോടതി ഉത്തരവിട്ടിരുന്നെങ്കിലും, ഗുജറാത്തിന്റെ എതിർപ്പു മൂലം അത് നടന്നിട്ടില്ല. 

 

പുതിയ പ്രോജക്ടിന്റെ രൂപരേഖയിൽ സിംഹങ്ങൾക്ക് പുതിയ ആറ് ആവാസസ്ഥലങ്ങൾ ശുപാർശ ചെയ്യപ്പെടുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ വന്യജീവി സങ്കേതങ്ങളാണ് പട്ടികയിലുള്ളത്. ഗുജറാത്തിലെ ഗിർവനങ്ങളിൽ സിംഹങ്ങളെ കാണപ്പെടുന്ന മേഖലയുടെ വിസ്തീർണ്ണം 30,000 ചതുരശ്രകിലോമീറ്ററോളം വരുന്നു.എന്നാൽ ഇതിൽ കേവലം 250 ചതുരശ്ര കിലോമീറ്ററാണ് സിംഹങ്ങൾക്ക് മാത്രമായി ലഭ്യമായിട്ടുള്ളത്. ബാക്കി സ്ഥലങ്ങളിലും മനുഷ്യ പ്രവൃത്തികൾ സാധ്യമാണ്. സിംഹങ്ങൾക്കു മാത്രമായുള്ള പ്രദേശം ആയിരം ചതുരശ്ര കിലോമീറ്ററെങ്കിലും ആക്കുവാനും പദ്ധതിയിടുന്നുണ്ട്.

 

2009-ലാണ് ഗംഗാ ഡോൾഫിനെ നമ്മുടെ ദേശീയ ജലജീവിയായി പ്രഖ്യാപിക്കുന്നത്. പ്രോജക്ട് ഡോൾഫിനിൽ കടലിലും ശുദ്ധജലത്തിലും കണ്ടു വരുന്ന എല്ലാ  ഉപജാതികളെയും ഉൾപ്പെടുത്തുന്നു. ഡോൾഫിനുകളെ കരുതാൻ  കടലുകളും പുഴകളും സംരക്ഷിക്കപ്പെടുമ്പോൾ മറ്റു ജലജീവികൾക്കും അതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. നദിയുടെ ആരോഗ്യത്തിന്റെ ആവാസവ്യവസ്ഥയുടെ സുസ്ഥിതിയുടെ സൂചക ജീവജാതിയാണ് ഗംഗാ ഡോൾഫിനുകൾ എന്നതോർക്കുക. 

 

നദീ ഡോൾഫിനുകളുടെ ആവാസസ്ഥലവിസ്തൃതിയിൽ 40 ശതമാനത്തോളം കുറവു വന്നിരിക്കുന്നതായാണ് കണക്കുകൂട്ടൽ.ഗംഗയിലും സിന്ധുവിലും കണ്ടു വരുന്ന ഡോൾഫിനുകളുടെ ആവാസസ്ഥലികളാൽ മനുഷ്യപ്രേരിതമായ വലിയ നാശമാണ് സംഭവിക്കുന്നത്. യമുന ഉൾപ്പെടെ പല നദികളിൽ നിന്നും ഇന്ത്യൻ സുന്ദർബാനിൽ നിന്നും അവ പ്രാദേശികമായി അപ്രത്യക്ഷമായിരിക്കുന്നു.ഇവയ്ക്കൊക്കെ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ പ്രോജക്ട് ഡോൾഫിൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.

 

dsabingeorge10@gmail.com

 

English Summary: Projects on Gangetic Dolphin, Asiatic Lions to be launched soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com