ADVERTISEMENT

ലോകത്തിലെ രണ്ടാമത്തെ വലിയ വജ്രം ദക്ഷിണാഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ കണ്ടെത്തി. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയമണ്ട് കമ്പനിയായ ലുകാരയാണ് വെള്ള നിറത്തിൽ മനോഹരമായ വജ്രം കണ്ടെത്തിയത്. അതീവ പ്രാധാന്യമുള്ള വജ്രം കഴിഞ്ഞ ദിവസം കമ്പനിയുടെ പ്രതിനിധി രാജ്യത്തിന്റെ പ്രസിഡന്റായ മൊക്ഗ്വീറ്റ്സി മസീസിക്ക് കൈമാറി.

ഈ വജ്രം 1174.76 കാരറ്റാണ്. ഉയർന്ന ഗുണനിലവാരമുള്ള വജ്രം കരോവെ ഖനിയിൽ നിന്നുമാണ് ലഭിച്ചത്. ലോകത്താകമാനം ഈ വിഭാഗത്തിൽപെട്ട വജ്രത്തിന് ആവശ്യക്കാരേറെയാണ്. എന്നാൽ കരോവെ ഖനിയിൽ നിന്നു ലഭിക്കുന്ന ആദ്യ വജ്രമല്ല ഇത്. ഇതിനോടകം വെള്ളനിറത്തിലുള്ള 17 വജ്രങ്ങൾ ഖനിയിൽ നിന്നു ലഭിച്ചിട്ടുണ്ട്. ഇവയിൽ 5 എണ്ണം 300 കാരറ്റ് തൂക്കമുള്ളവയാണ്. ശേഷിക്കുന്നവയ്ക്കും നൂറു കാരറ്റ് തൂക്കം വരും.

വലുപ്പത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള വജ്രവും ദക്ഷിണാഫ്രിക്കയിൽ നിന്നു തന്നെ ലഭിച്ചതാണ്. 1905 ലാണ് 3106 കാരറ്റുള്ള വജ്രം  കണ്ടെത്തിയത്. അതിനുശേഷം 2015ൽ ടെന്നിസ് ബോളിനോളം വലുപ്പമുള്ള മറ്റൊരു വജ്രം വടക്കുകിഴക്കൻ ബോട്സ്വാനയിൽ നിന്നും കണ്ടെത്തിയിരുന്നു. 1109 കാരറ്റ് തൂക്കമുണ്ടായിരുന്ന ആ വജ്രം നിലവിൽ ലോകത്തിൽ മൂന്നാമത്തെ വലിയ വജ്രമാണ്.

ഇന്നോളം കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ പത്ത് വജ്രങ്ങളിൽ ആറെണ്ണവും ബോട്സ്വാനയിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്. അതേസമയം  പുതിയ വജ്രത്തിന്റെ കണ്ടെത്തൽ കൊറോണ വൈറസ് വ്യാപനം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തിന് വലിയ കൈത്താങ്ങാകുമെന്നാണ് കണക്കുകൂട്ടൽ. വജ്ര വ്യാപാരത്തിൽനിന്നു ലഭിക്കുന്ന തുകയുടെ 80% ഡയമണ്ട് കമ്പനികൾ സർക്കാരിനാണ്  കൈമാറുന്നത്. എന്നാൽ കോവിഡ് വ്യാപനം മൂലം വജ്ര പിപണി ഇടിഞ്ഞതിതിനെ തുടർന്ന് കുറച്ചുകാലമായി ബോട്സ്വാനയുടെ വരുമാനത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.

English Summary: Botswana Unearths World Second Largest Diamond After Discovering Third Largest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com