ADVERTISEMENT

കനത്ത മഴയെ തുടർന്ന് ചൈനയുടെ  മധ്യപ്രവിശ്യയായ ഹെനാനിലെ  താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നൂറ്റാണ്ടുകൾക്കിടയിൽ ഇതാദ്യമായാണ് ഇത്രയും കനത്ത മഴ ചൈനയിൽ ഉണ്ടാകുന്നത്. വെള്ളപ്പൊക്കത്തെ തുടർന്നുള്ള  മരണസംഖ്യയും ഉയർന്നുകൊണ്ടിരിക്കുകയാണ്. നിരത്തുകളിലും സബ്‌വേകളിലും കെട്ടിടങ്ങളിലുമെല്ലാം  വെള്ളം കയറിയതിനെ തുടർന്ന് പ്രവിശ്യയുടെ തലസ്ഥാന നഗരമായ ഷെങ്ഷൗവിൽ നിന്നുമാത്രം ലക്ഷക്കണക്കിന് ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. 

 

CHINA-WEATHER-FLOOD
Image Credit: AFP

പ്രളയക്കെടുതികൾക്കിടയിലും ആശ്വാസകരമായ ഒരു വാർത്തയും  ചൈനയിൽ നിന്നും പുറത്തു വരുന്നില്ല. വരും ദിവസങ്ങളിലും മഴ കനക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. ജലനിരപ്പ് ക്രമാതീതമായി വർധിക്കുന്നതിനാൽ  അണക്കെട്ട് തകരാനുള്ള സാധ്യതയുള്ളതായി സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹെനാൻ പ്രവിശ്യയിലെ യിഹെടാൻ അണക്കെട്ടിൽ 20 മീറ്റർ നീളത്തിൽ വിള്ളൽ കണ്ടെത്തിയതോടെ ഈ മേഖലയിൽ സൈന്യം സുരക്ഷ ശക്തമാക്കി. 

 

CHINA-WEATHER-FLOOD
Image Credit: AFP

ഷെങ്ഷൗവിൽ 24 മണിക്കൂറിനിടെ 617. 1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. പ്രതിവർഷം നഗരത്തിൽ ലഭിക്കുന്ന  മഴയുടെയും മഞ്ഞിന്റെയും ശരാശരി കണക്ക് 640.8 മില്ലിമീറ്റർ ആണെന്നത് ദുരന്തത്തിന്റെ വ്യാപ്തി വെളിവാക്കുന്നു. ഹെനാൻ പ്രവിശ്യയിലെ 16 അണക്കെട്ടുകളിലും  വെള്ളം പരമാവധി സംഭരണശേഷിക്കു മുകളിലായി കഴിഞ്ഞു. 

 

കനത്ത മഴയ്ക്ക് പുറമേ ഞായറാഴ്ചയോടെ ചൈനയുടെ കിഴക്കൻ തീരങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രദേശത്ത് ഗതാഗതം ഏതാണ്ട് പൂർണമായും സ്തംഭിച്ച നിലയിലാണ്. ആളപായത്തിനു പുറമേ 9000 ഹെക്ടറോളം കൃഷിയിടങ്ങളും  വെള്ളത്തിനടിയിലായി. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി  5 700 ൽ പരം സൈനികരെ പ്രളയ ബാധിത മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. 

 

മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാവുന്നത് ചൈനയിൽ സാധാരണമാണെങ്കിലും  ഇത്രയും രൂക്ഷമായ സ്ഥിതിയിലേക്ക് പോകുന്നത് ഇതാദ്യമാണ്. അണക്കെട്ടുകളുടെ നിർമാണം ജലത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തിയതാണ് വെള്ളപ്പൊക്കം രൂക്ഷമാകാനുള്ള   കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. അതേസമയം അമേരിക്കയിൽ വീശിയടിച്ച ഉഷ്ണക്കാറ്റും പടിഞ്ഞാറൻ യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കവും ഏറ്റവുമൊടുവിലായി ചൈനയിലെ പ്രളയക്കെടുതിയുമെല്ലാം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ അഭിപ്രായം.

 

English Summary: Deadly floods hit central China after torrential rainfall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com