ADVERTISEMENT

ലോകം കണ്ട ഏറ്റവും മികച്ച നായാട്ടുകാരിലൊരാളായി പല്ലും നഖവും നീട്ടി മരണം പതിയിരിക്കുന്ന കുമയൂൺ മേഖലകളിൽ നരഭോജികളെ വേട്ടയാടുക. പിന്നീട് മൃഗയാവിനോദങ്ങളുടെ പേരിൽ വന്‍തോതിൽ വന്യമൃഗങ്ങളെ കൊന്നൊടുക്കുന്നതിൽ വേദനിച്ച് എന്നേക്കുമായി തോക്ക് താഴെ വച്ച് അവയുടെ സംരക്ഷത്തിനായി ജീവിതം ഉഴിഞ്ഞു വയ്ക്കുക. വേട്ടക്കാരനിൽ നിന്നു സംരക്ഷകനിലേക്കുണ്ടായ ഇൗ മാറ്റമാണ് എഡ്വേർഡ് ജെയിംസ് കോർബറ്റ് എന്ന ജിം കോർബറ്റിനെ മറ്റ് നായാട്ടുകാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

കടുവ ദിനമായ ജൂലൈ 29ന് നാല് ദിവസം മുൻപ് ജൂലൈ 25നാണ് ഇന്ത്യയിലാദ്യമായി വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരുന്ന കടുവകൾക്കു വേണ്ടി ഒരു ദേശീയോദ്യാനം എന്ന ആശയം നടപ്പിലാക്കിയ ജിം കോർബറ്റിന്റെ ജന്മദിനം. 1875 ജൂലൈ 25–ന് ബ്രിട്ടീഷ് ഇന്ത്യയിലെ നൈനിറ്റാളിലാണ്  അദ്ദേഹം ജനിച്ചത്. നാലാം വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട കോർബറ്റ് ചെറുപ്പം മുതലേ വനവും വന്യജീവികളുമായി അടുത്തിടപഴകിയിരുന്നു. ലോകപ്രശസ്തനായ  നായാട്ടുകാരൻ എന്നതിലുപരി  മികച്ച എഴുത്തുകാരനും വന്യജീവി ഫോട്ടോഗ്രഫറും മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം.

tiger-reserve-jim-corbett-national-park1

ഹിമാലയൻ മേഖലയായ കുമയൂണിൽ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയുയർത്തി വിഹരിച്ചിരുന്ന നരഭോജി കടുവകളെ കൊല്ലാനാണ് ഗവൺമെന്റ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. മറ്റ് നായാട്ടുകാരെപ്പോലെ മുന്നിൽ കാണുന്ന കടുവയെ വെടിവയ്ക്കുകയായിരുന്നില്ല അദ്ദേഹത്തിന്റെ രീതി. നരഭോജിയുടെ ആക്രമണമുണ്ടാകുന്ന പ്രദേശത്തെത്തി മൃഗത്തെപ്പറ്റി കൃത്യമായ വിവരങ്ങൾ ശേഖരിച്ചാണ് അദ്ദേഹം വേട്ടയാടിയത്. നരഭോജിയെ കാത്തിരിക്കുമ്പോഴും തേടിയെത്തുന്ന മൃഗം അത് തന്നെയെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ അദ്ദേഹം നിറയൊഴുക്കുമായിരുന്നുള്ളൂ. വനത്തെയും വന്യജീവികളെയും വിശേഷിച്ച് കടുവകളെപ്പറ്റി അദ്ദേഹത്തിനുണ്ടായിരുന്ന ആഴത്തിലുള്ള അറിവാണ് ഇൗ തിരിച്ചറിവിന് അദ്ദേഹത്തെ സഹായിച്ചത്. നരഭോജിയുടെ ആക്രമണമുണ്ടാകുന്ന പ്രദേശം, ആക്രമണത്തിനിരയാകുന്ന വ്യക്തിയിലുണ്ടാകുന്ന മുറിവുകൾ,നരഭോജിയുടെ ആക്രമണസ്വഭാവം,കാൽപ്പാടുകൾ, അവ പുറപ്പെടുവിക്കുന്ന ശബ്ദം ഇവയെല്ലാം അദ്ദേഹം വിശദമായി പരിശോധിച്ചിരുന്നു. 

കടുവയുടെ സ്വഭാവസവിശേഷതകൾ ഇത്രയേറെ മനഃപ്പാഠമാക്കിയ മറ്റൊരു നായാട്ടുകാരനുണ്ടോയെന്ന് സംശയമാണ്. കടുവയും പുലിയും നരഭോജികളാകുന്നത് പരുക്ക് മൂലമോ പ്രായാധിക്യം മൂലമോ സ്വാഭാവിക ഇരകളെ വേട്ടയാടിപ്പിടിക്കാൻ സാധിക്കാതെ വരുമ്പോഴാണെന്ന അദ്ദേഹത്തിന്റെ നിഗമനം നരഭോജിയെ വധിച്ചതിന് ശേഷം നടത്തുന്ന ശരീരപരിശോധനയിൽ വളരെ ശരിയായിരുന്നെന്ന് തെളിയിക്കപ്പെട്ടു. ഒരിക്കൽ മനുഷ്യമാംസം രുചിച്ചു കഴിഞ്ഞാൽ കടുവയുടെയും പുലിയുടെയും സ്വഭാവത്തിലുണ്ടാകുന്ന വ്യത്യാസവും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവിക ഇരയല്ലാത്തതിനാൽ മനുഷ്യസാമീപ്യമുള്ള പ്രദേശത്തു നിന്ന് അകന്നുനിൽക്കുകയാണ് ഇവ ചെയ്യുന്നത്. ഒരിക്കൽ നരഭോജിയായിക്കഴിഞ്ഞാൽ കടുവയ്ക്ക് മനുഷ്യനോടുള്ള ഭയം എന്നേക്കുമായി മാറുന്നു. പകൽ വെളിച്ചത്തില്‍ ആൾക്കൂട്ടത്തിൽ നിന്നു പോലും അത് ഇരയെ ആക്രമിക്കും. എന്നാൽ പുലിക്കാകട്ടെ നരഭോജിയായാലും മനുഷ്യനോടുള്ള ഭയം മാറുന്നില്ല. ഇത്തരം കാര്യങ്ങളിലുള്ള അറിവാണ് ജിം കോർബറ്റിനെ മറ്റ് നായാട്ടുകാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. 

ഇന്ത്യയിലെ പ്രകൃതിസമ്പത്ത് സംരക്ഷിക്കുന്നതിനെപ്പറ്റി ബോധവാനായിരുന്ന കോർബറ്റ് കടുവയെ വേട്ടയാടി ഉന്മൂല നാശം ചെയ്താൽ ഇന്ത്യയിലെ ഏറ്റവും ഉൽകൃഷ്ടമായ ജീവിവർഗത്തെയായിരിക്കും  നഷ്ടപ്പെടുത്തുകയെന്ന് തന്റെ കുമയൂണിലെ നരഭോജികൾ എന്ന പുസ്തകത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തനിക്കേറെ പ്രിയപ്പെട്ട ജന്തുവർഗമായ കടുവയെ ‘അളവറ്റ ധൈര്യമുള്ള വിശാലഹൃദയനായ മാന്യൻ’ എന്നാണ് കോർബറ്റ് വിശേഷിപ്പിക്കുന്നത്.

രാജാക്കന്മാരുടെയും ബ്രിട്ടീഷുകാരുടെയും  മൃഗയാ വിനോദത്തിന്റെ പ്രധാന ഇരകളായ കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ട കോർബറ്റ് വന്യജീവികളെ വേട്ടയാടുന്നത് എന്നേക്കുമായി ഉപേക്ഷിക്കുകയും വന്യജീവി സംരക്ഷണത്തിനായി 1936 –ൽ ഇന്ത്യയിലെ ആദ്യ വന്യജീവി സങ്കേതമായ ഹെയ‍്‍ലി ദേശീയോദ്യാനം ആരംഭിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ഹെയ്‍ലി വന്യജീവി സങ്കേതം രാംഗംഗ ദേശീയോദ്യാനം എന്ന് നാമകരണം ചെയ്തെങ്കിലും 1957 – ൽ  ജിം കോർബിറ്റിനോടുള്ള ബഹുമാനാർഥം ജിം കോർബറ്റ് ദേശീയോദ്യാനം എന്ന പേരിൽ പുനർനാമകരണം ചെയ്തു. 1947 ൽ കെനിയയിലേക്ക് കുടിയേറിയ അദ്ദേഹം 1955 ഏപ്രിൽ 19–ാം തീയതി നിര്യാതനായി.

 

English Summary: Jim Corbett National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com