ADVERTISEMENT

യുകെയിലെ കോട്സ്വേള്‍ഡ് മേഖലയിലുള്ള ഒരു ചുണ്ണാമ്പ് കല്ല് ക്വാറിയിലെ ഖനനത്തിനിടയിലാണ് ഭൗമചരിത്രത്തില്‍ ഇതുവരെ കണ്ടെത്താതിരുന്ന ഒരു ജീവിവര്‍ഗത്തിന്‍റെ ഫോസില്‍ ശേഖരം കണ്ടെത്തിയത്. കൃത്യമായ ആകൃതിയില്ലാത്ത ചുരുണ്ടു കിടക്കുന്ന അവസ്ഥയിലുള്ള ശരീരത്തോട് കൂടിയ ഈ ജീവികളെ ഇതുവരെ ഭൂമുഖത്ത് നിന്നു കണ്ടെത്തിയ ജീവികളുമായി താരതമ്യപ്പെടുത്താനാകില്ല. ഈ കാരണത്താലാണ് ഈ ജീവിവര്‍ഗത്തെ ഏലിയന്‍ അഥവാ അന്യഗ്രഹ ജീവികളെന്ന് ഇവയെ പഠന വിധേയമാക്കിയ ഗവേഷകര്‍ വിശേഷിപ്പിച്ചത്. ലക്ഷക്കണക്കിന് ജീവികളുടെ ഫോസിലുകള്‍ ഈ ശേഖരത്തിലുണ്ടാകുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.

ഇപ്പോള്‍ ഭൂമുഖത്ത് കാണപ്പെടുന്ന കടല്‍ കുക്കുമ്പര്‍, നക്ഷത്രമത്സ്യം, സീ അര്‍ച്ചിന്‍ തുടങ്ങിയ ജീവികളുടെ പൂര്‍വികരായിരിക്കാം ഇപ്പോള്‍ കണ്ടെത്തിയ ജീവിവര്‍ഗമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. നട്ടെല്ലില്ലാത്ത ഗണത്തില്‍ പെടുന്ന ഈ ജീവികളെ ഹെഡ്ജ് ഹോഗ് സ്കിന്‍ എന്ന വിളിപ്പേരിലാണ് തല്‍ക്കാലം ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഏതാണ്ട് എല്ലാ പ്രായത്തിലും ജീവിതദശയിലും പെട്ട ജീവികളുടെ ഫോസിലുകള്‍ ഈ ശേഖരത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഏതാണ്ട് 167 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു വലിയ ഭൂചലനവും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലുമാണ് ഈ ജീവികളുടെ കൂട്ടമരണത്തിന് കാരണമായതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ജുറാസിക് പോംപെ

ഭൂചലനത്തെ തുടര്‍ന്നുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തില്‍ പൂര്‍ണമായി ചാമ്പലായി പോയ റോമന്‍ നഗരമാണ് പോംപെ. സമാനമായ അവസ്ഥയാണ് ജുറാസിക് കാലഘട്ടത്തില്‍ ഈ ജീവികളുടെ ജൈവമേഖലയിലും ഉണ്ടായതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ആ മേഖലയില്‍ അധിവസിച്ചിരുന്ന എല്ലാ ജീവജാലങ്ങളെയും മണ്ണിനടിയിലാക്കിയാണ് നൂറ് കണക്കിന് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ആ ഭൂചലനം കടന്നു പോയത്. അതേസമയം തന്നെ പ്രദേശത്ത് പ്രധാനമായും ഉണ്ടായിരുന്നത് ചുണ്ണാമ്പുകല്ലുകളാണെന്നത് ഈ ജീവികളുടെ ഫോസിലുകള്‍ ഇപ്പോഴും വലിയ കേടുപാടുകള്‍ കൂടാതെ ലഭിക്കാന്‍ സഹായകമായിയെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

മണ്ണിടിച്ചിലുണ്ടായ സമയത്ത് ഈ ജീവികള്‍ എങ്ങനെയാണ് സ്വയം രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ഗവേഷകര്‍ വിശദീകരിച്ചിരുന്നു. ശരീരത്തിലെ കൈകള്‍ പോലുള്ള അവയവങ്ങള്‍ ഒതുക്കി മണ്ണിടിയുന്നതിന് അടിയില്‍ പെടാതിരിക്കാന്‍ ഇവ ശ്രമിച്ചുവെന്ന് ഈ ജീവികളുടെ ഫോസിലുകളുടെ അവസ്ഥയില്‍ നിന്ന് വ്യക്തമാണ്. നെവില്ലെ ഹോളിങ് വര്‍ത്ത് എന്ന അമച്വര്‍ ഫോസില്‍ അന്വേഷിയാണ് ഈ ജീവികളുടെ പ്രാധാന്യത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയത്. തുടര്‍ന്ന് കണ്ടെത്തലിന്‍റെ പ്രാധാന്യം മനസ്സിലായതോടെ ലണ്ടല്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്‍റെ ക്യുറേറ്ററും പാലിയന്‍റോളജിസ്റ്റുമായ ടിം എവിന്‍ ഈ പഠനത്തിന്‍റെ ചുമതല ഏറ്റെടുത്തു. 

ദിനോസറുകള്‍ കര വാണിരുന്ന കാലഘട്ടത്തിലാണ് ഈ ജീവികള്‍ കടലില്‍ ജീവിച്ചിരുന്നത്. അതേസമയം കടലില്‍ ഈ കാലഘട്ടം സാരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. പാതിയിലധികം സമുദ്രജീവികള്‍ക്ക് വംശനാശം സംഭവിച്ച കാലഘട്ടം കൂടിയായിരുന്നു 200- 140 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ സമയം. ശാസ്ത്രീയമായി എക്കിനോഡ്രംസ് എന്ന് വിളിക്കുന്ന ഈ ജീവികള്‍ ആ സമയത്ത് പരിണാമ ഘട്ടത്തിലായിരുന്നു. ഈ ജീവികളുടെ കൈകള്‍ പോലുള്ള നേര്‍ത്ത അവയവങ്ങളാണ് പിന്നീട് വിവിധ ലിംപുകളുള്ള നക്ഷത്രമത്സ്യങ്ങള്‍, സീ അര്‍ച്ചിനുകള്‍ തുടങ്ങിയ ജീവികളായി ഇവ പരിമണിച്ചു എന്നതിന്‍റെ സൂചനകള്‍ നല്‍കുന്നത്. 

ശാസ്ത്രത്തിന് അനുഗ്രഹമായ ദുരന്തം

ഈ ജീവികളുടെ ഫോസിലുകള്‍ കണ്ടെത്തിയ പ്രദേശം അക്കാലത്ത് സമുദ്രത്തില്‍ ഏറെ ആഴത്തിലായിരുന്നില്ല. ഇത് തന്നെയാകും മണ്ണിടിച്ചില്‍ അതിവേഗത്തിലും ഇത്ര വലിയ ആഘാതത്തിലും ഈ ജീവികളെ ബാധിക്കാന്‍ ഇടയായതെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു. സമുദ്രത്തില്‍ ഏതാണ്ട് 30 മുതല്‍ 40 മീറ്റര്‍ വരെ ആഴത്തിലായിരുന്നു അക്കാലത്ത് ഈ ജീവികളുടെ ജൈവ ആവാസവ്യവസ്ഥ നിലനിന്നിരുന്നത്. ഇന്ന് മധ്യ ഇംഗ്ലണ്ടില്‍ കണ്ടെത്തിയ ഈ പ്രദേശം അക്കാലത്ത് പശ്ചിമ ആഫ്രിക്കയ്ക്ക് സമീപമാണ്. തുടര്‍ന്നാണ് ഈ മേഖല സമുദ്രപാളികളുടെ ചലനത്തിന്‍റെ ഭാഗമായി കൂടുതല്‍ വടക്കോട്ടു നീങ്ങിയത്.

അതേസമയം മണ്ണിടിച്ചിലില്‍ ജീവന്‍ പൊലിഞ്ഞത് ഈ ജീവികളുടെ കൂട്ടത്തിന് ദുരന്തമായിയെങ്കിലും അത് ഒരു അനുഗ്രഹമായാണ് ഗവേഷക ലോകം ഇപ്പോള്‍ കാണുന്നത്. ഈ ജീവികളുടെ കൂട്ടം മണ്ണിനടിയില്‍ ഈ രീതിയില്‍ സംരക്ഷിക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ ഇത്തരം ഒരു ജീവിവര്‍ഗം നിലനിന്നിരുന്നു എന്നതിന് തെളിവു പോലും ലഭിക്കില്ലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഈ ജീവിവര്‍ഗം മാത്രമല്ല അക്കാലത്തെ വിവിധ സസ്യങ്ങളുടെയും മരങ്ങളുടെയും മറ്റ് പല ജീവിവര്‍ഗങ്ങളുടെയും വിശദാംശങ്ങള്‍ ഈ മേഖലയില്‍ നിന്ന് ഇതിനകം ലഭിച്ചിട്ടുണ്ട്. വിശദമായ പരിശോധനയിലൂടെ അക്കാലത്തെ കാലാവസ്ഥ ഉള്‍പ്പടെയുള്ള സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷക സംഘം. 

English Summary: Alien-Like Sea Creatures Discovered at a Huge 'Jurassic Pompeii' Graveyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com