ADVERTISEMENT

29 വയസ്സിനിടയ്ക്കു നാട്ടിൽക്കഴിഞ്ഞതിനേക്കാൾ കൂടുതൽകാലം വി.എം. സാദിഖ് അലി കാട്ടിലായിരുന്നു. മാനായും കടുവയായും ഗിർവനത്തിലെ സിംഹമായുമൊക്കെ വന്യസൗന്ദര്യം ഒട്ടേറെത്തവണ സാദിഖ് അലിയുടെ ഹൃദയത്തിലേക്കും ക്യാമറയിലേക്കും കടന്നുവന്നു. ഏറെ അലച്ചിലുകൾക്കും കാത്തിരിപ്പുകൾക്കും ശേഷം കിട്ടിയ ആ അപൂർവ ചിത്രങ്ങൾ സാദിഖ് അലി വിൽക്കാനൊരുങ്ങുകയാണ്. ലക്ഷ്യം ഇത്രമാത്രം– ആദിവാസിക്കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുക. 

 Wild Life Photographer Sadiq Ali to Sell His Photos for a Cause

 

 Wild Life Photographer Sadiq Ali to Sell His Photos for a Cause

അതിനുള്ള കാരണവും സാദിഖ് അലി തന്നെ പറഞ്ഞു. ‘കാടിനകത്തു ജീവിക്കുന്ന അവരുടെ പരിമിതികളെക്കുറിച്ച് എനിക്കു നേരിട്ടുതന്നെ അറിയാം. കുട്ടികളുടെ പഠനത്തിനായി മൊബൈലോ ടാബോ വാങ്ങിനൽകാൻ കഴിഞ്ഞാൽ ഞാനെടുത്ത ചിത്രങ്ങളുടെ മനോഹാരിത ഒന്നുകൂടി കൂടുകയേ ഉള്ളൂ’. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വിലമതിക്കുന്ന ചിത്രങ്ങൾവരെ വി.എം സാദിഖ് അലിയുടെ സ്വന്തം ശേഖരത്തിലുണ്ട്. അപകടകരമായ സാഹചര്യങ്ങളെയും ജീവൻതന്നെ നഷ്ടമായേക്കാവുന്ന സന്ദർഭങ്ങളെയും അതിജീവിച്ച് എടുത്തതാണ് ഇവയിൽ പലതും. എത്ര പണം കൊടുത്താലും കിട്ടാത്ത അനുഭവങ്ങളും അവയ്ക്കു പിന്നിലുണ്ട്. 

 

 Wild Life Photographer Sadiq Ali to Sell His Photos for a Cause

ഇതുവരെ സ്വന്തം പഠനാവശ്യങ്ങൾക്കും മറ്റുള്ളവർക്കു ക്ലാസ് എടുത്തുകൊടുക്കാനും മാത്രമേ ഈ ചിത്രങ്ങൾ ഉപയോഗിച്ചിട്ടുള്ളൂ. ഇതാദ്യമായാണ് വിൽപനയ്ക്കു വയ്ക്കുന്നത്. കാടിന്റെ പടം വിറ്റ് ആദിവാസിക്കുട്ടികളെ സഹായിക്കുക എന്ന ആശയത്തെക്കുറിച്ചറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ സാദിഖ് അലിയെ നേരിട്ടു വിളിപ്പിച്ചു. ബിബിസി വൈൽഡ് ലൈഫ് മാഗസിൻ നടത്തിയ മത്സരത്തിൽ സാദിഖിന് രണ്ടാം സ്ഥാനം നേടിക്കൊടുത്ത ബന്ദിപ്പൂരിലെ പുള്ളിപ്പുലിയുടെ ചിത്രം അദ്ദേഹത്തിനു കൈമാറി ആശയത്തെ പ്രായോഗിക തലത്തിലേക്കു കൊണ്ടുവരികയും ചെയ്തു.

 Wild Life Photographer Sadiq Ali to Sell His Photos for a Cause

 

 Wild Life Photographer Sadiq Ali to Sell His Photos for a Cause

കിട്ടും ചിത്രത്തിനൊപ്പം ഫൊട്ടോഗ്രഫറുടെ കുറിപ്പും

സാദിഖലി എടുത്ത ഓരോ ചിത്രത്തിനും ഓരോ കഥ പറയാനുണ്ട്. ചിത്രമെടുക്കാനുണ്ടായ സാഹചര്യം. ആ ജീവി വിഭാഗത്തിന്റെ പ്രത്യേക എന്നിവയെല്ലാം വ്യക്തമാക്കുന്ന കുറിപ്പും ഫ്രെയിം ചെയ്ത ഫോട്ടോയ്ക്കൊപ്പം സാദിഖ് അലി നൽകും. വന്യജീവികളുടെ ചിത്രങ്ങൾ മാത്രമല്ല, സ്വീകരണ മുറിക്ക് അലങ്കാരമാകുന്ന കിടിലൻ പ്രകൃതി ദൃശ്യങ്ങളുടെ ശേഖരവും പക്കലുണ്ട്. കാടിനോടുള്ള ഇഷ്ടത്തിന് സ്വന്തം ജന്മദേശവും കാരണമായതായി സാദിഖ് അലി പറയുന്നു. കാട് അതിന്റെ സകലസൗന്ദര്യത്തോടെയും നിൽക്കുന്ന നിലമ്പൂരെന്ന ഫ്രെയിമിൽനിന്നു വന്നൊരാൾക്ക് അങ്ങനെയാകാതെ പറ്റില്ലല്ലോ. 

 

നിലമ്പൂരിലെ കൂറ്റമ്പാറയാണ് നാട്. പിതാവ് വി.എം.മൂസ ഹാജി വാങ്ങി നൽകിയ ഫ്യുജി ഫിലിം ക്യാമറയുമായി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അരങ്ങേറ്റം. പിന്നീട് പഠനത്തോടൊപ്പം കാടുചുറ്റലും പതിവായി. കൂട്ടുകാരെല്ലാം നാടുകാണാനിറങ്ങുമ്പോൾ സാദിഖ് അലി കാടുകാണാനിറങ്ങും. ഇതിനകം ഇന്ത്യയിലെ മിക്കവാറുമെല്ലാ വന്യജീവി സങ്കേതങ്ങളും ക്യാമറയിലാക്കിക്കഴിഞ്ഞു. രാജ്യാന്തര പുരസ്കാരങ്ങളും തേടിയെത്തി. 

 

ജേണലിസം ബിരുദാനന്തര ബിരുദത്തിനുശേഷം സ്വന്തമായി ‘ട്രോഗൻ മീഡിയ’ എന്ന പേരിൽ സംരംഭം നടത്തുകയാണിപ്പോൾ. കലാലയങ്ങൾ കേന്ദ്രീകരിച്ച് പ്രകൃതി സംരക്ഷണ ക്ലാസുകളും ബോധവൽക്കരണവുമെല്ലാം സൈഡ് ബിസിനസായും നടത്തുന്നു. പുതുതായി നിലവിൽവന്ന കരിമ്പുഴ വന്യജീവി സങ്കേതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് മനസ്സിലുള്ള അടുത്ത പദ്ധതി. മാതാവ് ഫാത്തിമ, സഹോദരൻ ഷറഫുദ്ദീൻ, ഭാര്യ അഷിത എന്നിവരാണ് സാദിഖ് അലിക്ക് പ്രചോദനവുമായി കൂടെയുള്ളത്. ഫോൺ– ‪99956 09938‬

English Summary: Wild Life Photographer Sadiq Ali to Sell His Photos for a Cause

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com