പുറന്തള്ളുന്നത് 100 കോടി ടൺ ഹരിതഗൃഹ വാതകങ്ങൾ, എവർഗിവണിന്റെ സഹോദരി സൂയസിലേക്ക്

evergreen-ship
Image Credit: Vessel Finder
SHARE

എവർ എയ്‌സ് എന്നു പേരുള്ള ഒരു വമ്പൻ കപ്പലിന്‌റെ യാത്ര സാകൂതം നോക്കിയിരിക്കുകയാണു ലോക കപ്പൽഗതാഗതമേഖല. കഴിഞ്ഞ മാർച്ചിൽ ഈജിപ്തിലെ സൂയസ് കനാലിൽ എവർഗിവൺ എന്ന കണ്ടെയ്‌നർ കപ്പൽ ആറുദിവസത്തോളം കുടുങ്ങിക്കിടന്നത് ഓർമയുണ്ടാകും. ആ കപ്പലിന്‌റെ നിർമാതാക്കളായ ഷോ കിസെൻ കൈഷ എന്ന ജാപ്പനീസ് കമ്പനിയാണ് എവർ എയ്‌സിന്‌റെയും നിർമാതാക്കൾ. ലോകത്തെ ഏറ്റവും വലുപ്പമുള്ള ചരക്കുകപ്പലാണ് എവർ എയ്‌സ്.

യൂറോപ്പിൽ നിന്നു ഏഷ്യയിലേക്കുള്ള ചരക്കുഗതാഗതത്തിന്‌റെ പ്രധാന നാഡിയാണ് സൂയസ് കനാൽ. പ്രതിദിനം നൂറിലധികം രാജ്യാന്തര കപ്പലുകളാണ് ഇതുവഴി കടന്നുപോകുന്നതെന്ന് കരുതപ്പെടുന്നു. രണ്ടരലക്ഷം ടൺ ഭാരമുള്ള മെഗാഷിപ് വിഭാഗത്തിൽ പെടുന്ന എവർഗിവൺ ഇരുപതിനായിരം കണ്ടെയ്‌നറുകൾ വഹിച്ചുകൊണ്ടാണു സൂയസിലെത്തിയത്. 1300 അടിയായിരുന്നു ഇതിന്‌റെ നീളം. തയ്വാൻ കമ്പനിയായ എവർഗ്രീൻ ഷിപ്പിങ്ങാണ് ഇതിന്‌റെ ഗതാഗതം നിർവഹിച്ചത്. എന്നാൽ സൂയസ് കനാലിന്‌റെ ദക്ഷിണ കവാടത്തിന് അഞ്ച് കിലോമീറ്റർ വടക്കായി ഈ കപ്പൽ കുറുകെ കുടുങ്ങുകയായിരുന്നു. കുടുങ്ങിയ ഭാഗത്തിന്‌റെ വീതി വെറും 985 അടി മാത്രമായിരുന്നു, അതായക് കപ്പലിന്‌റെ നീളത്തേക്കാൾ കുറവ്. ഇതുമൂലം കനാലിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. 3600 കപ്പലുകൾ ഒരാഴ്ചയോളം തടസ്സപ്പെട്ടു. ഇതു മൂലം ആഗോള ചരക്കുഗതാഗത മേഖലയ്ക്ക് ശതകോടിക്കണക്കിനു ഡോളറിന്‌റെ നഷ്ടമാണുണ്ടായത്.

കപ്പലിനെ കുടുക്കിൽ നിന്നു മാറ്റിയത് ടഗ്‌ബോട്ടുകളും മറ്റു സംവിധാനങ്ങളുമുപയോഗിച്ചാണ്. ഈ സമയമത്രയും പ്രാചീന റൂട്ടായ ആഫ്രിക്ക ചുറ്റിയുള്ള സഞ്ചാരം ചില കപ്പലുകൾ അവലംബിച്ചു. സൂയസ്സിലൂടെയുള്ളത് അപേക്ഷിച്ച് വളരെ ദൂരം കൂടിയ റൂട്ടാണ് ഇത്. കപ്പലുകൾ ഇത്രയധികം ദൂരം സഞ്ചരിക്കേണ്ടി വന്നതിനാൽ ഇതിനു വേണ്ട ഇന്ധനവും കൂടി. ഇതു കത്തിയതു മൂലം കാർബൺ ഡയോക്‌സൈഡ് ഉൾപ്പെടെയുള്ള ഹരിതഗൃഹ വാതക വികിരണങ്ങളുടെ തോതും പൊടുന്നനെ കൂടിയത് പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ഇടവരുത്തി.കപ്പലിനെ രക്ഷിക്കാനുള്ള പ്രവർത്തനവും സമുദ്രമേഖലയിൽ നാശത്തിന് കാരണമായി.

മെഗാഷിപ്പുകൾ കാർബൺ ബഹിർഗമനത്തിനും ഹരിതഗൃഹവാതകങ്ങളുടെ വൻ പുറന്തള്ളലുകൾക്കും വഴിവയ്ക്കുന്നെന്നുള്ളത് ദീർഘകാലമായുള്ള ആരോപണമാണ്. ഗ്രെറ്റ തുൻബെർഗ് ഉൾപ്പെടെയുള്ളവർ ഈ ആരോപണം പല തവണ ഉയർത്തിയിട്ടുണ്ട്. 100 കോടി ടൺ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിനു പുറമെ സമുദ്രജലത്തിന്‌റെ മലിനീകരണത്തിനും വൻകിട കപ്പൽ ഗതാഗതം കാരണമാകുന്നെന്നു പരിസ്ഥിതി വിദഗ്ധർ പറയുന്നു. ചെലവു കുറഞ്ഞ ഹെവി ഫ്യൂവൽ ഓയിൽ ഇന്ധനമായി ഉപയോഗിക്കുന്നതും പല കപ്പലുകളിൽ നിന്നുള്ള മലിനീകരണത്തോത് ഉയരാൻ കാരണമാകുന്നു.

ഇക്കാര്യങ്ങളെല്ലാം എവർഗിവൺ കപ്പൽ കുടുങ്ങിയ വേളയിൽ വലിയ ചർച്ചയായിരുന്നു. ഇതു കൂടാതെ കപ്പലുകൾക്കൊപ്പമെത്തുന്ന ഇൻവാസീവ് സ്പീഷീസ് അഥവാ അന്യമേഖലാ ജീവികൾ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും ചർച്ചയായിരുന്നു. ഓസ്‌ട്രേലിയ മുതൽ യുഎസ് വരെ പലയിടങ്ങളിലും കപ്പലുകളിലേറി വരുന്ന ജീവികൾ പ്രദേശത്തു നിലയുറപ്പിക്കുകയും തദ്ദേശീയ ജീവിവർഗങ്ങളുടെ മേൽ അധീശത്വം പുലർത്തി അവയുടെ നാശത്തിനു കാരണമാകുകയും ചെയ്തിരുന്നു.

നിലവിൽ ബ്രിട്ടനിലെ സഫോൽക്കിലുള്ള ഫെലിക്‌സ്റ്റോ തുറമുഖത്താണ് എവർ എയ്‌സ് കിടക്കുന്നത്. താമസിയാതെ  ഇത് സൂയസിലേക്കു പോകും. 24000 കാർഗോ കണ്ടെയ്‌നറുകളാണ് ഈ ഭീമൻ കപ്പൽ വഹിക്കുന്നത്. 201 അടിയാണ് ഇതിന്‌റെ വീതി. ചൈനയിൽ നിന്നാണ് ഇതിന്‌റെ യാത്ര തുടങ്ങിയത്. തുടർന്ന് ജർമനിയിലെ ഹാംബഗ്, നെതർലൻഡ്‌സിലെ റോട്ടർഡാം തുറമുഖങ്ങളിലെത്തിയിരുന്നു.

English Summary: The world's biggest container ship, the Ever Ace, is continuing its maiden voyage this week and soon heading for the Suez Canal

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA