ADVERTISEMENT

ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിച്വാനിൽ 6.0 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനത്തിൽ 3 മരണം. 60 പേർക്കു പരുക്കേറ്റു. പുലർച്ചെ നടന്ന ഭൂചലനത്തിൽ 1250 വീടുകളോളം പൂർണമായി തകരുകയും നാലായിരത്തിലധികം വീടുകൾക്കു ഭാഗികമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ചൈനയിലെ യോങ്ച്വാൻ ജില്ലയിൽ നിന്നു 52 കിലോമീറ്റർ മാറിയാണു ഭൂചലനത്തിന്‌റെ പ്രഭവകേന്ദ്രം. മരങ്ങൾ പിഴുതുവീണും മറ്റുമാണ് നാശനഷ്ടങ്ങളിൽ അധികവും സംഭവിച്ചത്. തകർച്ചയുടെയും വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മേഖലയിൽ ഇത്രത്തോളം നാശനഷ്ടങ്ങളുണ്ടാക്കിയ ഒരു ഭൂചലനം സംഭവിക്കുന്നത് ഒരുപതിറ്റാണ്ടിനു ശേഷമാണെന്ന് ചൈനീസ് അധികൃതർ അറിയിച്ചു.

 

പുലർച്ചെ മുതൽ തന്നെ ചൈനീസ് അധികൃതർ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങി. യോങ്ച്വാനിലെ ലൂഴോ നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. 50 ലക്ഷത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരമാണ് ലൂഴോ. ഇവിടെ രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനയ്‌ക്കൊപ്പം ചൈനീസ് സൈന്യവും ഇറങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരെയും സുരക്ഷാ ഉപകരണങ്ങളും ആംബുലൻസുകളും ഫയർ എൻജിനുകളുമടങ്ങിയ സന്നാഹങ്ങളും നഗരത്തിൽ എത്തിച്ചിട്ടുണ്ട്.

സിച്വാൻ പ്രവിശ്യ സ്ഥിതി ചെയ്യുന്നത് ചൈനയിലെ പ്രബലമായ ഒരു സീസ്മിക് ബെൽറ്റിലാണ്. ഇതുമൂലം ഇവിടെ ഭൂകമ്പസാധ്യത എപ്പോഴും നിലനിൽക്കുന്നു. ഭൂചലനങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും അവ തീവ്രത കുറഞ്ഞവയാണെന്നും തങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.

 

13 വർഷങ്ങൾക്കു മുൻപ് 2008ലാണ് ഇവിടത്തെ ഏറ്റവും തീവ്രമായ ഭൂചലനം നടന്നത്. 2008 സിച്വാൻ ഭൂചലനം എന്നറിയപ്പെടുന്ന ഇതിൽപെട്ട് 90000 ആളുകൾ മരിച്ചു. അന്ന് അതു മൂലമുണ്ടായ നാശനഷ്ടങ്ങങ്ങൾ ഇന്നും പരിഹരിക്കാതെ തുടരുകയാണ്. അന്ന് ഇത്ര വലിയ തകർച്ചയ്ക്കു കാരണമായത് മേഖലയിലെ നിലവാരം കുറഞ്ഞ കൺസ്ട്രക്ഷൻ രീതികൾകൊണ്ടാണെന്ന് ആരോപണമുണ്ടായിരുന്നു. ഇത്തവണയും ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകർന്നത് ഇതിലേക്കു വിരൽ ചൂണ്ടുന്നു.

 

കോവിഡിനു ശേഷം പ്രകൃതിദുരന്തങ്ങൾ ചൈനയെ വൻതോതിൽ വേട്ടയാടുന്നുണ്ട്. ജൂലൈയിൽ ഹെനാൻ പ്രവിശ്യയിൽ പെയ്ത അതിതീവ്രമഴ മൂലം വൻ വെള്ളപ്പൊക്കമുണ്ടായിരുന്നു. 302 ആളുകൾ മരിക്കുകയും 5- പേരെ കാണാതാകുകയും ചെയ്തു. ചൈനയുടെ ഇലക്ട്രോണിക്‌സ് നഗരമായ ഷെങ്‌സുവിനെ വെള്ളത്തിലാക്കിയ പ്രളയത്തിൽ കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണു സംഭവിച്ചത്. തെക്കൻ ചൈനയിൽ ചന്തു ചുഴലിക്കാറ്റും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടാക്കിയിരുന്നു.

English Summary: Three killed, dozens injured as shallow quake hits China's Sichuan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com