ADVERTISEMENT

ഈയടുത്തായി നിരന്തരം കേൾക്കുന്ന വാർത്തകളാണു മിന്നലേറ്റുള്ള മരണങ്ങൾ. കൂടുതലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ. പഴമക്കാർ പറയുന്നതു പൊലെ പണ്ടുണ്ടായിരുന്ന മഴയെയും മിന്നലിനെയും അപേക്ഷിച്ച് അപകടകാരികളാണ് ഇന്നത്തെ മിന്നലുകൾ. ആരോഗ്യരംഗവും ജനങ്ങളിൽ അറിവും കൂടിവരുന്ന കാലത്ത് മിന്നലേറ്റുള്ള മരണങ്ങൾ കൂടുന്നത് ശ്രദ്ധിക്കേണ്ട വിഷയവും. പരിസ്ഥിതി ശോഷണം മുതൽ കാലാവസ്ഥാ വ്യതിയാനവും സൂര്യന്റെയും ഗ്രഹങ്ങളുടെയും മറ്റും സ്വാധീനവും ഇതിനു പിന്നിലുണ്ട്. കാലാവസ്ഥാ വ്യതിയാനം ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് പ്രളയം ഉണ്ടാകുമ്പോഴാണ്. കൂടുതൽ ജനങ്ങളെ പ്രത്യക്ഷത്തിൽ ബാധിക്കുന്നത് പ്രളയമാണല്ലോ. 

അന്തരീക്ഷ താപനില ഉയരുന്നതും മഞ്ഞ് ഉരുകുന്നതും തനിക്ക് ബാധകമല്ല എന്നു ചിന്തിക്കുന്ന ധാരാളം ആളുകളുണ്ട്. അതുപോലെ താൻ ജീവിക്കുന്നത് സമുദ്രത്തിന് അടുത്തല്ലാത്തതിനാൽ സുനാമിയെയും ചുഴലിക്കാറ്റുകളെയും കൂടുതലായി പേടിക്കേണ്ടെന്നും കരുതുന്നവരുണ്ട്. കാട്ടുതീ കെടുത്താൻ അറിയാത്തതുകൊണ്ടാണു കത്തുന്നതെന്നും എന്റെ പറമ്പിലായിരുന്നെങ്കിൽ വെള്ളമൊഴിച്ച് കെടുത്തുമായിരുന്നു എന്നു പറയുന്നവരുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത മനസ്സിലാക്കാതെയാണ് ഇക്കൂട്ടരുടെ നിലപാടുകൾ. എന്നാൽ പ്രകൃതിയിലുണ്ടാകുന്ന ഈ മാറ്റങ്ങളെക്കുറിച്ച് കുറച്ചൊന്നു പഠിച്ചാൽ പിന്നെ ‘എത്ര നാൾ ഭൂമിയിൽ ജീവൻ ബാക്കിയുണ്ടാകും’ എന്നു ചോദിച്ചുപോകും.

മിന്നലിന്റെ ഇന്ത്യ

 Is lightning striking the Arctic more than ever before?

കേരളത്തിൽ ജീവിക്കുന്ന നമ്മൾ മലയാളികൾക്ക് മിന്നൽ എന്നു പറഞ്ഞാൽ ആദ്യം ഓർമ വരുന്നത് തുലാമഴയാണ്. തുലാമാസം നോക്കാതെയാണു മഴ ഇപ്പോൾ എത്തുന്നതെങ്കിലും ഇടിയും മിന്നലോടും കൂടി മഴ പെയ്താൽ അതു തുലാമഴയെന്നാണു മിക്കവരും പറയുക. അല്ലെങ്കിൽ വേനൽമഴ. ഏതൊക്കെ മഴ ഏതു മാസത്തിൽ പെയ്യുമെന്നതിൽ കാലാവസ്ഥാ വിദഗ്ധരുടെ പോലും നിഗമനങ്ങൾ തെറ്റുന്ന വിധത്തിലേക്കു കാലാവസ്ഥയുടെ സ്വഭാവം മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൂടാതെ അന്തരീക്ഷത്തിലെ പദാർഥങ്ങളുടെ അംശം, സ്ഥലത്തിന്റെ പ്രത്യേകത തുടങ്ങിയവയും മിന്നലിനെ സ്വാധീനിക്കുന്നവയാണ്.

ഇന്ത്യയിൽ മിന്നലിന്റെ കണക്കുകൾ പ്രകാരം വർഷംതോറും 10 മുതൽ 25 വരെ ശതമാനം കൂടാം. ബംഗാൾ‍, ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണു കൂടുതൽ മിന്നൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2000ത്തിനു ശേഷം ഇന്ത്യയിൽ 40,000ത്തിലധികം പേർക്കാണ് മിന്നലിൽ ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 90%ത്തിനു മുകളിലും ഗ്രാമീണ മേഖലകളിലുമാണ്.

അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പുകൾ എല്ലാവരിലേക്കും എത്താത്തത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. മിന്നൽ ഭീഷണി അറിയാതെ തുറസ്സായ പാടശേഖരങ്ങളിലും മറ്റും നിൽക്കുന്നവർ മിന്നലാക്രമണത്തിന് ഇരയാകുന്നു. മഴ നനയാതെ ഉയരമുള്ള മരത്തിന്റെ ചുവട്ടിൽ സ്ഥാനം പിടിച്ചവരും മരിച്ചവരിൽപെടുന്നു. മിന്നൽ മുന്നറിയിപ്പുകളും അപകടങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയുടെയും അഭാവമാണു പലപ്പോഴും മരണത്തിൽ കലാശിക്കുന്നത്. ഇന്ത്യയിൽ ഛോട്ടാ നാഗ്പൂർ പീഠഭൂമിയാണ് ഏറ്റവും കൂടുതൽ മിന്നൽ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒരിടം.

പ്രകൃതി ദുരന്തം മൂലം മരിക്കുന്നവർക്കുളള നഷ്ടപരിഹാരം കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ളതിനു പുറമെ സംസ്ഥാന സർക്കാരുകളും നൽകുമെങ്കിലും മിന്നലിനെ പല സംസ്ഥാനങ്ങളും പ്രകൃതി ദുരന്തമായി അംഗീകരിച്ചിട്ടില്ല. കേരളം, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ മാത്രമാണു മിന്നലിനെ പ്രകൃതി ദുരന്തമായി അംഗീകരിച്ചിട്ടുള്ളത്.

രാജ്യത്ത് ഇടിമിന്നൽ വർധിക്കുന്നതായി കേന്ദ്രം ലോക്സഭയെ അറിയിച്ചിരുന്നു. 2019ൽ 47.69 ലക്ഷം ഇടിമിന്നലുകളാണു രാജ്യത്തുണ്ടായതെങ്കിൽ 2020ൽ ഇത് 63.30 ലക്ഷമായി. കേരളത്തിൽ 1.3 ലക്ഷമായിരുന്നത് 1.8 ലക്ഷമായി ഉയർന്നു. വർധന 34%. ഈ വർഷം ജൂൺ വരെ കേരളത്തിലുണ്ടായത് 90,901 ഇടിമിന്നലുകളാണ്. രാജ്യമാകെ 27.87 ലക്ഷവും. കഴിഞ്ഞ 2 പതിറ്റാണ്ടായി ഇടിമിന്നലുകളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണു ലോക്സഭെയെ അറിയിച്ചത്. ഒരു വർഷത്തിനിടെ ഏറ്റവുമധികം ഇടിമിന്നൽ മരണങ്ങൾ ബിഹാറിലാണ്– 401.

മിന്നൽ എങ്ങനെ?

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അന്തരീക്ഷ വായുവിലെത് ഉൾപ്പെടെ എല്ലാ കണങ്ങൾക്കും ചാർജുണ്ട്. എല്ലാ തന്മാത്രകൾക്കും ആറ്റങ്ങൾക്കും പോസിറ്റീവോ, നെഗറ്റീവോ ചാർജ് കാണും. ഒരേ ചാർജുള്ള കണങ്ങൾ പരസ്പരം വികർഷിക്കുകയും വിപരീത ചാർജുകൾ പരസ്പരം ആകർഷിക്കുകയും ചെയ്യും. ഇതാണു മിന്നലിനു പിന്നിലുള്ള ഏറ്റവും അടിസ്ഥാനമായ ശാസ്ത്രം. മറ്റു മേഘങ്ങളെ അപേക്ഷിച്ച് ചാർജ് കൂടിയ മേഘങ്ങളിൽ നിന്നാണു മിന്നലുകൾ ഉണ്ടാകുന്നത്. ഇവയിലെ പോസിറ്റീവ് ചാർജുള്ള കണങ്ങൾ ഒരു ഭാഗത്തും നെഗറ്റീവ് ചാർജുള്ള കണങ്ങൾ എതിർവശത്തും കൂട്ടമാകുന്നു. ചാർജ് അതിന്റെ പാരമ്യത്തിലെത്തുമ്പോൾ അവ പുറത്തേക്കു പ്രവഹിക്കപ്പെടുന്നു. മറ്റൊരു മേഘത്തിലേക്കോ, ഭൂമിയിലേക്കോ, ആകാശത്തേക്കോ ആകാം ഇത്. ഇവയാണു നമ്മൾ കാണുന്ന മിന്നലുകൾ.

മഴ പെയ്യുമ്പോൾ അതിലെ ജല തന്മാത്രകളും ഐസ് കട്ടകളും തമ്മിൽ ഉരസൽ ഉണ്ടാകുന്നു. അടുത്തടുത്തുള്ള രണ്ടു മേഘങ്ങൾ തമ്മിലും ഇത്തരത്തിൽ ഉരസൽ നടക്കാറുണ്ട്. ഇവയുടെ ഫലമായി മേഘത്തിലെ കണങ്ങൾ ചാർജ് ചെയ്യപ്പെടുന്നു. പോസിറ്റീവ് ചാർജുള്ള കണങ്ങൾ മേഘങ്ങളുടെ മുകൾ ഭാഗത്തായി കേന്ദ്രീകരിക്കുന്നു. നെഗറ്റീവ് ചാർജുള്ള കണങ്ങൾ താഴ് ഭാഗത്തും. ഇതിന്റെ ഫലമായി ഭൂമിയും അന്തരീക്ഷവും  ചാർജ് ആകുന്നു. മേഘങ്ങളിലെ ചാർജ് എതിർ ചാർജായ ഭൂമിയിലേക്കോ, അന്തരീക്ഷത്തിലേക്കോ, മേഘത്തിന്റെ തന്നെ മറ്റു ഭാഗത്തേക്കോ പ്രവഹിക്കുന്നതിനെയാണു മിന്നൽ എന്നു പറയുന്നത്.

ഇത്തരത്തിൽ പ്രവഹിക്കുന്ന മിന്നൽ കടന്നു പോകുന്നതിനു ചുറ്റുമുള്ള അന്തരീക്ഷത്തെയും ചൂടു പിടിപ്പിക്കുന്നു. സൂര്യന്റെ ഉപരിതലത്തിനെക്കാൾ 5 ഇരട്ടി വരെ ഉഷ്മാവ് അന്തരീക്ഷത്തിൽ സൃഷ്ടിക്കാൻ മിന്നലിനു കഴിയും. മിന്നൽ കടന്നു പോകുന്നതോടെ വലിയ രീതിയിൽ ചാർജ് ലഭിക്കുന്ന അന്തരീക്ഷ തന്മാത്രകൾ വികസിക്കുകയും ചലിച്ചു തുടങ്ങുകയും ചെയ്യന്നു. തന്മാത്രകളുടെ വേഗത്തിലുള്ള ചലനവും കൂട്ടിയിടിയും സമീപത്തെ മറ്റു തന്മാത്രകളെ പ്രകമ്പനം കൊള്ളിക്കുന്നു. ഇതാണു നമ്മൾ ‘ഇടി’ എന്നു പറയുന്ന ശബ്ദമായി കേൾക്കുന്നത്.

മലിനീകരണവും മിന്നലും

ശരാശരി ആഗോള താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് വർധനവ് ഉണ്ടാകുകയാണെങ്കിൽ അത് 12 ശതമാനത്തോളം മിന്നലിന്റെ വർധനവിനു കാരണമാകും. 2015ൽ കലിഫോർണിയ സർവകലാശാല നടത്തിയ പഠനമാണ് ഇതിലേക്കു വെളിച്ചം വീഴ്ത്തിയത്. 2015നു ശേഷം താപനിലയിലുണ്ടായ വർധനവ് മിന്നലിനെ സ്വാധീനിച്ചിരിക്കാം. 2050 ആകുന്നതോടെ കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയിൽ ജീവിതം ദുസ്സഹമാകുമെന്ന കണക്കുകൂട്ടലുകളിൽ മിന്നലാക്രമണങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട്. വളരെക്കുറച്ചു രാജ്യങ്ങളാണു മിന്നലിനെ പ്രകൃതി ദുരന്തമായി പരിഗണിച്ചതു പോലും. പ്രളയം, താപതരംഗം, കാറ്റുകൾ തുടങ്ങിയവ പോലെ മനുഷ്യന്റെ പ്രവൃത്തികളുടെ ഫലമാണ് മിന്നലുമെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.

ആർട്ടിക്കിലും മിന്നൽ

Is lightning striking the Arctic more than ever before?

മഞ്ഞുപാളികൾ മൂടിയ, എല്ലായ്പ്പോഴും തണുത്ത അന്തരീക്ഷമുള്ള ആർട്ടിക് മേഖലയിൽ അസാധാരണമായി കാറ്റും ഇടിമിന്നലുമുണ്ടാകുന്നത് കാലാവസ്ഥാ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. സൈബീരിയ മുതൽ അലാസ്ക വരെ നീണ്ടുകിടക്കുന്ന ആർട്ടിക് മേഖലയിൽ കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായി കാറ്റും മിന്നലുമുണ്ടായി. ഇത്തരമൊരു പ്രതിഭാസം മുൻപു കണ്ടിട്ടില്ലെന്നും കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം ചൂടുപിടിക്കുന്നതാണ് ഇതിനു കാരണമെന്നുമാണു ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. മഞ്ഞു മൂടിയ ആർട്ടിക് സമുദ്രത്തിൽ മിന്നലിനുള്ള വിദൂരസാധ്യതപോലുമില്ലാത്തതാണ്. എന്നാൽ, അന്തരീക്ഷോഷ്മാവ് വർധിച്ചതോടെ മേഖലയിലെ വായു മിന്നൽചാലകമായി മാറുകയാണ്. ഇനിയങ്ങോട്ട് ഈ മേഖലയിൽ കാറ്റും മിന്നലുമൊക്കെ സാധാരണയായി മാറുമെന്നും ശാസ്ത്രജ്ഞർ ശങ്കിക്കുന്നു.

2010 മുതൽ ഗ്രീഷ്മകാലത്ത് ആർട്ടിക്കിൽ മിന്നലുകൾ ഉണ്ടാകുന്നുണ്ട്. എന്നാൽ, ഇപ്പോൾ അതിന്റെ ശക്തിയും വ്യാപ്തിയും വർധിച്ചുവരികയാണ്. സൈബീരിയയിലാണു മിന്നൽ ഏറ്റവും ശക്തമായിട്ടുള്ളത്. അടുത്തിടെ മിന്നലേറ്റുണ്ടായ കാട്ടുതീ സൈബീരിയയിൽ 20 ലക്ഷം ഏക്കർ ഭൂമിയിൽ നാശം വിതച്ചിരുന്നു. ജൂണിൽ അലാസ്കയിലെ തുന്ദ്ര മേഖലയിലെ 18,000 ഹെക്ടൽ വനത്തിനും കാട്ടുതീയിൽ നാശം സംഭവിച്ചിരുന്നു.

English Summary: Is lightning striking the Arctic more than ever before?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com