ADVERTISEMENT

നാല് മാസമായി കിലോയ ശാന്തമായി കിടക്കുകയായിരുന്നു. ക്ഷോഭം കുറേക്കാലത്തേക്കെങ്കിലും അടങ്ങിയെന്ന് എല്ലാവരും വിശ്വസിച്ചപ്പോൾ വീണ്ടും തീ തുപ്പി തുടങ്ങി. ഹവായിയുടെ ബിഗ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന കിലോയയുടെ ശൃംഗഗർത്തമായ ഹലേമോമയിൽ ഒരു തീനാളം പോലെ ലാവ കണ്ടുതുടങ്ങി. അതു തുടക്കമായിരുന്നു. പിന്നീട് ലാവ കുതിച്ചൊഴുകി. എന്നാൽ നിലവിൽ ഹലേലുമ ഗർത്തത്തിനുള്ളിൽ മാത്രമാണു ലാവാപ്രവാഹമെന്നും അതിനാൽ തന്നെ പൊതുജനങ്ങൾക്ക് പ്രശ്നമില്ലെന്നും അധികാരികൾ അറിയിച്ചിട്ടുണ്ട്.എന്നാൽ സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഇങ്ങോട്ടേക്കുള്ള പൊതുവിടങ്ങളും വിനോദസഞ്ചാര പാർക്കുകളുമൊക്കെ അടച്ചുപൂട്ടി.

 

1983 മുതൽ മുടങ്ങാതെ തീതുപ്പുന്ന അഗ്നിപർവതമാണ്  കിലോയ. അഞ്ച് അഗ്നിപർവതങ്ങൾ ചേർന്നാണ് ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രവും പസിഫിക് സമുദ്രത്തിലെ ദ്വീപുമായ ഹവായ്ക്കു രൂപം നൽകിയത്. ഇവയിൽ ചിലത് ഇപ്പോൾ നിർജീവ അവസ്ഥയിലാണ്.ഹവായിയിലെ ജനങ്ങളുടെ വിശ്വാസപ്രകാരം ലോകത്തെ അഗ്നിപർവതങ്ങളുടെ അധിദേവതയാണ് പെയ്ലെ. പോളിനേഷ്യയിൽനിന്നു കടൽ കടന്നുവന്നു ഹവായിയിൽ താമസിച്ചവരാണു പെയ്ലെയുടെ ഐതിഹ്യവും അവിടെയെത്തിച്ചത്. 

 

സാഗരങ്ങളുടെ ദേവതയായ, തന്റെ മൂത്ത സഹോദരിയുടെ ഭർത്താവിനെ വശീകരിക്കാൻ പെയ്ലെ ശ്രമിച്ചു. സംഭവം പുറത്തായതോടെ രോഷാകുലയായ സഹോദരിയിൽനിന്നു രക്ഷനേടാൻ ഹവായിയിലേക്ക് എത്തുകയായിരുന്നു പെയ്ലെ. അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ ചുട്ടുപഴുത്ത ഗ്ലാസ് നൂലുകൾ പോലെ മുകളിലേക്കു ചിതറാറുണ്ട്. ഇതിനെ പെയ്‌ലെയുടെ മുടിയെന്നാണ് ഹവായ് ദ്വീപുകാർ വിളിക്കുന്നത്. ഹവായ് ദ്വീപുകളിൽ തണുപ്പുമാറ്റാനായി പെയ്ലെ ഉണ്ടാക്കിയ തീക്കുണ്ഡങ്ങൾ പിന്നീട് അഗ്നിപർവതങ്ങളായി മാറിയെന്ന് ഐതിഹ്യം. ഒട്ടേറെ അഗ്നിപർവതങ്ങൾ പെയ്ലെയുടെ തീക്കുണ്ഡത്തിൽനിന്നുയർന്നെങ്കിലും തന്റെ ഇരിപ്പിടമായി പെയ്ലെ തിരഞ്ഞെടുത്തതു കിലോയയെയാണ്. ഇപ്പോൾ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്ന അഗ്നിപർവതത്തെ.

 

വലിയ ദ്വീപ് എന്നറിയപ്പെടുന്ന ഹവായ് ദ്വീപിന്റെ അഞ്ച് അഗ്നിപർവതങ്ങളിൽ മൗന ലോയയാണ് ഏറ്റവും വലുത്. സജീവമായ അഗ്നിപർവതം എന്ന പേര് ഇതിനുണ്ടെങ്കിലും മൂന്നു പതിറ്റാണ്ടായി മുടങ്ങാതെ തീതുപ്പി വാർത്തകളിൽ നിറയുന്നതു കിലോയയാണ്. ‘ഷീൽഡ് വോൾക്കനോ’ വിഭാഗത്തിൽപെടുന്ന കിലോയയ്ക്ക് എല്ലാക്കൊല്ലവും മദപ്പാട് ബാധിക്കാറുണ്ട്. 2018 മേയ് ആദ്യവാരമാണ് സമീപകാലത്ത് കിലോയയുടെ ഏറ്റവും വലിയ പൊട്ടിത്തെറി നടന്നത്.. കിലോയയുടെ അഗ്നിമുഖങ്ങളിൽ ഒന്നായ ‘പൂഓ’യുടെ ചുറ്റും ബലൂൺ പോലെ വീർത്തുയർന്നു. തുടർന്ന് വിസ്ഫോടനത്തോടെ ലാവാപ്രവാഹം.ഹവായിയിലെ ജനവാസ മേഖലയായ ലെയ്ലാനി എസ്റ്റേറ്റ്സിന് കനത്ത നാശം സംഭവിച്ചു. 

 

700 വീടുകൾ, മറ്റു ടൂറിസം കേന്ദ്രങ്ങൾ, റോഡുകൾ എന്നിവയൊക്കെ വിസ്ഫോടനത്തിൽ തകർന്നു. മണിക്കൂറിൽ 300 മീറ്റർ വേഗം പുലർത്തി മന്ദഗതിയിൽ വന്ന ലാവാപ്രവാഹം നാൽപതോളം വീടുകൾ മുക്കി. 2000 പേരുടെ പലായനത്തിനു കാരണമായി. ലേസ് എന്നറിയപ്പെടുന്ന വിഷവാതകപടലവും ഇതു പുറത്തുവിട്ടു.ഭൂമിക്കുള്ളിലെ തിളച്ചുമറിയുന്ന ലാവ, അഗ്നിപർവതങ്ങളിലൂടെ പുറത്തെത്തിയശേഷം സമുദ്രത്തിലെത്തുമ്പോൾ ജലം ഇവയെ തണുപ്പിക്കും. തുടർന്നു രൂപപ്പെടുന്ന ഗ്ലാസ്തരികളും ഹൈഡ്രോക്ലോറിക് ആസിഡും വിഷവസ്തുക്കളുമടങ്ങിയ വാതകപടലമാണ് ലേസ്.

 

മൂന്നു ലക്ഷം മുതൽ ആറു ലക്ഷം വരെ വർഷങ്ങൾ കിലോയയ്ക്ക് പ്രായമുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ഹലേമോമ ഉൾപ്പെടെ രണ്ട് അഗ്നിമുഖങ്ങളാണ് പർവതത്തിന്. നാലായിരത്തിലധികം അടി ഉയരം. എപ്പോഴും പ്രവഹിക്കുന്നതെന്ന് അർഥമുള്ളതാണ് കിലോയ എന്ന പേര് .1840ൽ മുപ്പത്തിയഞ്ചു കിലോമീറ്ററോളം നീളത്തിൽ ലാവ പ്രവഹിക്കത്തക്കവണ്ണം ഒരു വിസ്ഫോടനം കിലോയയിൽനിന്നുണ്ടായി. തുടർന്ന് 1983 വരെയുള്ള കാലഘട്ടത്തിൽ ഇടവിട്ട സന്ദർഭങ്ങളിൽ കിലോയ തീതുപ്പി.ചെറിയ ഒരിടവേളയ്ക്കുശേഷം 1983 ജനുവരിയിൽ കിലോയ വീണ്ടും ലാവ പ്രവഹിപ്പിച്ചു. അന്നു മുതൽ ഇന്നു വരെ പർവതം അതിന്റെ സജീവത നഷ്ടപ്പെടുത്തിയിട്ടില്ല. 

 

1990ൽ ഹവായിയിലുള്ള കാലാപന എന്ന  പട്ടണം കിലോയ അഗ്നി പർവതത്തിൽനിന്നുള്ള ലാവാപ്രവാഹത്തിൽ പൂർണമായി നശിച്ചിരുന്നു.സ്പെയിനിലെ ലാ പാൽമ എന്ന ദ്വീപിലുള്ള കുംബെ വീയജ എന്ന അഗ്നിപർവതവും കനത്ത പൊട്ടിത്തെറിക്കു ശേഷം ലാവ പ്രവഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

 

English Summary: Hawaii's Kilauea volcano erupts for first time in nearly a year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com