ADVERTISEMENT

ഏതെങ്കിലും വിധത്തിൽ ലോകം അവസാനിച്ചാല്‍ ഒരു ലോകമഹായുദ്ധമോ  അല്ലെങ്കില്‍ പ്രകൃതിദുരന്തമോ മൂലം ഭൂമിക്കെന്തെങ്കിലും  അപകടം സംഭവിച്ചാൽ  അതിനെ അതിജീവിക്കുന്നവരുടെ  ഭാവി എന്തായിരിക്കും ? ചെടികളും മരങ്ങളും വിത്തുകളുമടക്കം നശിച്ചു കഴിഞ്ഞാൽ എങ്ങിനെ നാം ഭൂമിയെ പൂർവസ്ഥിതിയിലാക്കും എന്ന വലിയ ചോദ്യത്തിനു ഉത്തരമാണ് സ്വൽബാഡ് ഗ്ളോബൽ സീ‍ഡ് വാൾട്ട് എന്ന വിത്ത് നിലവറ. ഡൂംസ്ഡേ വാൾട്ട്( Doomsday Vault) എന്നും സ്വൽബാഡ്  ഗ്ളോബൽ സീ‍ഡ് വാൾട്ടിനു പേരുണ്ട്. ഡൂംസ്ഡേ എന്ന വാക്കിനർത്ഥം ലോകാവസാനത്തിലെ അവസാനത്തെ ദിനം എന്നാണ്.

ജീന്‍ ബാങ്കുകള്‍

ഗവൺമെന്റും ഗവേഷണസ്ഥാപനങ്ങളും  രാജ്യങ്ങളുടെ തനതായ സസ്യങ്ങളെ സംരക്ഷിക്കാൻ അവയുടെ വിത്തുകള്‍ സംഭരിച്ചു വക്കുന്നുണ്ട്. ജീൻ ബാങ്ക് എന്നറിയപ്പെടുന്ന  ഈ വിത്ത് നിലവറകൾ പല രാജ്യങ്ങളിലുമുണ്ട് . ലോകത്താകെയുള്ള 1750 ജീൻ ബാങ്കുകളും അവരുടെ കൈവശമുള്ള  എല്ലാ വിത്തുകളുടെയും  ഒരു ഭാഗം സ്വൽബാഡ് ഗ്ളോബൽ സീ‍ഡ് വാൾട്ടിനു കൈമാറുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ജീൻ ബാങ്കുകളുടെ ഒരു ബാക്കപ്പ്.

പല രാജ്യങ്ങളിലും  പല തരത്തിലുള്ള പ്രക‍ൃതിദുരന്തങ്ങളും ആഭ്യന്തര കലാപങ്ങളും മൂലം  ഭൂമിയിലെ പല വിത്തുവർഗങ്ങളും തിരിച്ചു പിടിക്കാൻ കഴിയാത്ത വിധം നഷ്ടപ്പെട്ടു പോകുന്നുണ്ട്. അതു പോലെ തന്നെയാണ്  ഭൂമിയിലെ കൂട്ടവംശനാശങ്ങളിലും സംഭവിക്കുന്നത്.   ഇനിയൊരു ലോകമഹായുദ്ധമുണ്ടായാൽ  എല്ലാ രാജ്യങ്ങളും  അവരുടെ ആവനാഴിയിലെ ദിവ്യാസ്ത്രങ്ങളെല്ലാം  പ്രയോഗിക്കുമെന്നുറപ്പാണ്.  അങ്ങിനെ സംഭവിച്ചാൽ ഭൂമിയിലെ സസ്യജാലങ്ങൾ മുഴുവൻ നശിച്ചു പോകും. അങ്ങിനെ ഒരിക്കൽ കൂടി ഉണ്ടായാൽ ( ഉണ്ടാകാതിരിക്കട്ടെ  ഒരിക്കലും ) വീണ്ടും മുളപ്പിച്ചെടുപ്പിക്കാൻ  വേണ്ടി സൂക്ഷിച്ചു വച്ചിരിക്കുന്ന വിത്തുകളുടെ നിലവറയാണ് ഡൂംസ്ഡേ വാൾട്ട്. നോർവീജിയൻ  ദ്വീപായ സ്പിറ്റസ്ബെർഗനിലാണ്  (spitsbergan) സ്വൽബാഡ്  ഗ്ളോബൽ സീ‍ഡ് വാൾട്ട് സ്ഥിതി ചെയ്യുന്നത്. നോർവീജിയൻ ഗവൺമെന്റും  ക്രോപ് ട്രസ്റ്റും നോർഡിക്  ജനറ്റിക് റിസോർസ് സെന്ററും ( നോർ‍‍‍ഡ്‍‍‍ജെൻ ) തമ്മിലുള്ള ത്രികക്ഷി ഉടമ്പടി പ്രകാരമാണ് ഡൂംസ്ഡേ വാൾട്ടിന്റെ നടത്തിപ്പ്.

അല്‍പം ചരിത്രം

നോര്‍ഡിക് ‍‍ജീൻ ബാങ്ക് ( ഇപ്പോൾ  നോർ‍‍‍ഡ്‍‍‍ജെൻ ) നോർ‍ഡിക് സസ്യങ്ങളിലെ ജനിതക പദാര്‍ത്ഥങ്ങൾ ( Germplasm) ശീതീകരി‌‌ച്ചു സംരക്ഷിക്കാൻ  ഉപേക്ഷിച്ച ഒരു കല്‍ക്കരി ഘനിയില്‍  1984 ൽ തുടങ്ങിയ നിലവറയാണത്.  2001 ൽ ഇന്റര്‍നാഷണൽ ട്രീറ്റി ഓൺ പ്ളാന്റ് ജനറ്റിക് റിസോഴ്സസ് ഫോർ ഫുഡ് ആന്റ് അഗ്രികൾച്ചർ  ( ITPGRFA) ഇതു ഏറ്റെടുത്തു.  ഒരുപാട് പഠനങ്ങൾക്കു ശേഷം 2004 ൽ നോർവീജിയൻ ഗവൺമെന്റ് നിലവറ പണിയാനുള്ള പണം മുടക്കാമെന്നേറ്റു.  അങ്ങിനെ  ഏറ്റവും അനുയോജ്യം എന്നു കണ്ടെത്തിയ  സ്പിറ്റസ്ബെർഗന്‍ ദ്വീപിലെ വിജനമായ സ്വൽബാഡ്  എന്ന സ്ഥലത്ത് നിർമാണപ്രവർത്തനം  ആരംഭിച്ചു. 2006 ജൂണ് 19 നു  നിര്‍മാണം തുടങ്ങിയ നിലവറ ഉദ്ഘാടനം ചെയ്തത്  2008 ഫെബ്രുവരി 26 നാണ്.  2008 ഫെബ്രുവരിയിലാണ്  തുറന്നതെങ്കിലും   ജനുവരിയിൽ തന്നെ ആദ്യത്തെ  വിത്തുകൾ എത്തിയിരുന്നു.  നിലവറയുടെ ഒന്നാം വാർഷികത്തിൽ  നിലവറയിൽ ഉണ്ടായിരുന്നത്  90,000 ഇനത്തിൽ പെട്ട 4,00,000 ത്തോളം വിത്തുകളാണ്. 2021  ജൂണിലെ കണക്കനുസരിച്ച്  ഇപ്പോളുള്ളത് 10,81,026 തരത്തിലുള്ള വിത്തിനങ്ങള്‍.  രാജ്യങ്ങളുടെ തനതായ നാടൻ വിത്തിനങ്ങളും  വനങ്ങളിൽ വളരുന്ന സസ്യങ്ങളുടെ  വിത്തുകളും ഇവിടെയുണ്ട്.  പക്ഷേ  ജനിതകവ്യതിയാനം വരുത്തിയ വിത്തുകൾ ഇവിടെ സൂക്ഷിക്കാൻ അനുവാദമില്ല.

norway-svalbard-global-seed-vault1

സ്പിറ്റസ്ബെർഗന്‍ ദ്വീപിലെ  പെര്‍മഫ്രോസ്റ്റ്  എന്ന മഞ്ഞുപാളികൾ നിറഞ്ഞ സ്വൽബാഡിൽ  പാറകൊണ്ടുള്ള  മല 320 മീറ്റർ തുരന്നാണ് നിലവറ പണിതിരിക്കുന്നത്.  ഈ തുരങ്കം  മൂന്നു അറകളുള്ള മുറിയിൽ അവസാനിക്കുന്നു. അതിലെ മധ്യഭാഗത്തെ അറ മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. സമുദ്രനിരപ്പിനേക്കാൾ 130 മീറ്റർ ഉയരത്തില്‍ പണിതിരിക്കുന്നതു കൊണ്ട്  മ‍ഞ്ഞുരുകി സമുദ്രനിരപ്പുയർന്നലും  നിലവറ സുരക്ഷിതമായിരിക്കും .   -18 ഡിഗ്രിയിലാണ്  ഇവിടെ വിത്തുകൾ സൂക്ഷിച്ചിരിക്കുന്നത്..   തണുപ്പിക്കാനുള്ള ഉപകരണങ്ങൾ തകരാറിലായാലും   ചുറ്റുമുള്ള പെര്‍മഫ്രോസ്റ്റ് കാരണം  ആഴ്ചകളോളം  -3ഡിഗ്രിയില്‍ തണുപ്പ് നിലനിൽക്കും. ഇനിയും ചൂട് ഉയര്‍ന്ന്  0 ഡിഗ്രിയില്‍ എത്തണമെങ്കില്‍  പോലും  ഏകദേശം  200 വർഷങ്ങളെടുക്കും.

ബാങ്കിലെ  ലോക്കർ പോലെയാണ്  നിലവറ പ്രവര്‍ത്തിക്കുന്നത്. നോർവെ ഗവൺമെന്റും ക്രോപ് ട്രസ്റ്റുമാണ്  എല്ലാം നോക്കി നടത്തുന്നത്. ആരാണോ വിത്തു അവിടേക്കയച്ചത് ആ വിത്തുകൾ അവരുടെ മാത്രം സ്വന്തം.  നിലവറയിലെ വിത്തുകളുടെ അവകാശം അത് അവിടെ ഏൽപിക്കുന്ന ആളുടെ മാത്രം ആണെന്ന് ഉള്ള സമ്മതപത്രത്തിൽ നോര്‍വെ ഗവൺമെന്റും ഡെപ്പോസിറ്ററും  ഒപ്പിടുന്നു. ഇതിനെ  ബ്ളാക്ക് ബോക്സ് എഗ്രിമെന്റ് എന്നാണ് വിളിക്കുന്നത്.  ഒരാള്‍ സൂക്ഷിക്കാനേൽപിച്ച  വിത്തുകളടങ്ങിയ ബോക്സ് പുറത്തെടുക്കാനോ തുറക്കാനോ വേറൊരാള്‍ക്ക് അധികാരമില്ല.

സിറിയയിലെ ആഭ്യന്തരകലഹം മൂലം International center for Agricultural Research in the Dry Areas ( ICARDA) യുടെ അവിടുത്തെ വിത്തു നിലവറ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നു, തുടര്‍ന്ന് അവർ മൊറോക്കോയിലും  ലെബനനിലും  ഓഫിസ് മാറ്റി സ്ഥാപിച്ചു. 2015 ൽ സ്വൽബാഡ് നിലവറയിൽ സൂക്ഷിച്ചിരുന്ന  വിത്തുകൾ അവർ തിരിച്ചെടുത്തു. നിലവറയിൽ നിന്നുമുള്ള ആദ്യത്തെ പിൻവലിക്കൽ .  2017 ഒരിക്കൽ കൂടി ഇതാവർത്തിച്ചു . ആ വിത്തുകൾ  ലെബനനിലും മൊറോക്കോയിലും പാകി പല ഇരട്ടിയാക്കി എടുത്ത വിത്തുകള്‍ നിലവറയിലേക്കു തിരിച്ചു നല്‍കി. ബാക്കിയുള്ളവ  ICARDA യുടെ ലെബനിനിലെയും മൊറോക്കോയിലേയും നിലവറകളിൽ സൂക്ഷിച്ചു,  ഇതാണ് നിലവറയിൽ നിന്നും 2021 ജൂൺ വരെ ആകെയുണ്ടായ പിൻവലിക്കൽ.

ത്യാഗത്തിന്റെ കഥ

വിത്തുകളെ സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലി കൊടുത്തവരുടെ  കഥയുമുണ്ട് ചരിത്രത്തിൽ.  ലെനിൻഗ്രാഡ് കീഴടങ്ങിയ സമയത്ത് ജര്‍മൻ സൈന്യത്തിൽ നിന്നും സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ വിത്ത് നിലവറ സംരക്ഷിക്കാൻ അവിടുത്തെ ശാസ്ത്ര‍‍ജ്ഞര്‍ വിത്തുകൾ സൂക്ഷിച്ചിരിക്കുന്ന  മുറിയിൽ കയറി കതകടച്ചു സംരക്ഷണം തീർത്തു. കീഴടങ്ങൽ നീണ്ടു പോയപ്പോൾ വിശപ്പു മൂലം അവർ ഓരോരുത്തരായി  മരിച്ചു വീഴാൻ തുടങ്ങി. നെല്ലും മറ്റു ധാന്യങ്ങളും ചുറ്റും നിറഞ്ഞിരിക്കുന്ന മുറിയിലാണ്  അതിലൊരു ധാന്യമണിയിൽ പോലും തൊടാതെ വിശപ്പു കൊണ്ടവർ മരിച്ചു വീണത്.

English Summary: Svalbard Global Seed Vault Protects Earth's Food's Supply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com