ADVERTISEMENT

കേരളത്തിൽ നിന്നൊരു പുതിയ നിശാശലഭം. മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ കോഴിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ തോട്ടപ്പള്ളിയിൽ നിന്നും 2018 നവംബറിൽ ആണ് ഈ ശലഭത്തെ ആദ്യമായി കാണുന്നത്. ഗവേഷകനും പ്രാണീവിദഗ്‌ധനും ആയ കോയമ്പത്തൂരിലെ എച്ച്‌.ശങ്കരരാമൻ, മലപ്പുറം അരീക്കോട് കീഴുപറമ്പ്‌ സ്വദേശിയും ശലഭനിരീക്ഷകനുമായ ബാലകൃഷ്ണൻ വളപ്പിൽ എന്നിവരാണ് ഈ പുതിയ നിശാശലഭത്തെ കണ്ടെത്തിയത്.

 

 Thottappally Thachan, New Moth species found in Kerala

കോസിഡേ (Cossidae) അഥവാ "തച്ചൻ" കുടുംബത്തിലെ  സൈല്യൂടെസ് രാമമൂർത്തി എന്ന പേരിലാണ് പുതിയശലഭം അറിയുപ്പെടുക. റഷ്യൻ ശലഭ വിദഗ്ധനായ റോമൻ യാക്കോവ്‌ലേവുമായി ചേർന്നെഴുതിയ ഈ ശലഭത്തിന്റെ നിർവചനം പ്രശസ്ത രാജ്യാന്തര മാസികയായ സൂടാക്സയിലാണ് ഈയിടെ പ്രസിദ്ധീകരിച്ചത്. 2018 നു ശഷം കേരളത്തിലെ വടക്കൻ ജില്ലകളിൽ ബാലകൃഷ്ണൻ വളപ്പിൽ നടത്തിയ സർവേകളിൽ ഈ ശലഭം പലയിടങ്ങളിലും കണ്ടിട്ടുണ്ട്. 2019ൽ സൈലന്റ് വാലിയിലും, കരുവാരക്കുണ്ട്, നിലമ്പൂർ, 2020 ജനുവരിയിൽ ആറളത്തു നടത്തിയ സർവേ എന്നിവിടങ്ങളിലും ഈ നിശാശലഭത്തെ കണ്ടെത്തിയിരുന്നു.

 

സാധാരണ ശലഭങ്ങൾ ഇലകൾ ഭക്ഷണമാക്കുമ്പോൾ ഇവ തടി തുരന്ന് അതിനകത്തെ തടിയാണ് ഭക്ഷണമാക്കുന്നത്. അതിനാൽ ഇവയുടെ ലാർവകൾ ഒന്നും രണ്ടും വർഷംവരെ ജീവിക്കും. കേരളത്തിൽ നിശാശലഭങ്ങളുടെ കൃത്യമായ കണക്കില്ലെന്ന് ബാലകൃഷ്ണൻ പറയുന്നു. 3000 എന്നാണ് ഏകദേശകണക്ക്. അവയിൽ 2000 ശലഭങ്ങളെ കണ്ടെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്. ‘തോട്ടപ്പള്ളി തച്ചൻ’ എന്നാണ് പുതിയ ശലഭത്തിന്റെ മലയാളം പേര്. കോഴിക്കോട് ആർഇസിയിൽ നിന്നു പഠനം പൂർത്തിയാക്കി 25 വർഷത്തോളം സിവിൽ എൻജിനിയറായി പ്രവർത്തിച്ച ശേഷം ബാലകൃഷ്ണൻ ഇപ്പോൾ മുഴുവൻ സമയവും പക്ഷിനിരീക്ഷണത്തിനും പ്രകൃതിനിരീക്ഷണത്തിനുമായി മാറ്റി വച്ചിരിക്കുന്നു. 

 

English Summary: Thottappally Thachan, New Moth species found in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com