ADVERTISEMENT

മൈക്രോസ്കോപ്പിലൂടെ കാണാന്‍ കഴിയുന്ന ജീവികളെല്ലാം തന്നെ ഇഴയുകയോ നീന്തുകയോ ഒക്കെ ചെയ്യാന്‍ കഴിവുള്ളവയാണെന്നാണ് പൊതുവെയുള്ള ധാരണ. ഇത് ഏറെക്കുറെ ശരിയാണ്. എന്നാല്‍ അപൂര്‍വം ചില ജീവികള്‍ക്ക് നടക്കാനുള്ള ശേഷിയുമുണ്ട്. ടാര്‍ഡിഗ്രേഡ് എന്ന ഈ സൂക്ഷ്മജീവി മറ്റ് പല കാരങ്ങള്‍ കൊണ്ടും ശാസ്ത്രത്തിന്‍റെ ശ്രദ്ധ മുന്‍പും ആകര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് മൈക്രോസ്കോപ്പ് നിരീക്ഷണത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയ ഈ ജീവിയുടെ നടക്കാനുള്ള ശേഷിക്ക് സഹായകരമാകുന്ന ശരീരഭാഗങ്ങള്‍.

ശൂന്യാകാശത്തും അതിജീവിക്കുന്ന വര്‍ഗം

മോസ് പിഗുകള്‍ എന്നുകൂടി അറിയപ്പെടുന്ന ടാര്‍ഡിഗ്രേഡുകള്‍ ഭൂമിയിലെ ഏറ്റവുമധികം അതിജീവന ശേഷിയുള്ള ജീവിവര്‍ഗം കൂടിയാണ്. ഇവയുടെ അതിജീവന ശേഷി വച്ച് നോക്കിയാല്‍ ഭൂമിയില്‍ മാത്രമല്ല ശൂന്യാകാശത്ത് പോലും ഇവയ്ക്ക് അതിജീവനം സാധ്യമാകും. വെള്ളത്തിനകത്ത് മരവിച്ച അവസ്ഥയിലോ, വായു പോലുമില്ലാത്ത ശൂന്യമായ അവസ്ഥയിലോ, 600 ഇരട്ടി മര്‍ദത്തിലോ പോലും ഇവ ജീവനോടെ ഇരിക്കുമെന്ന് പഠനത്തിലൂടെ ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുണ്ട്. നടക്കാന്‍ കഴിയുന്ന സൂക്ഷ്മജീവി എന്ന പ്രത്യേകത ഏതു രീതിയിലാണ് ഇവയെ അതിജീവനത്തിന് സഹായിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കാനാണ് ഗവേഷകര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

Secrets Of How Tardigrades Strut Revealed In New Microscopic Footage
Image Credi: Shutterstock

ഹിപ്സിബയസ് ദുജാര്‍ദിനി എന്ന വിഭാഗത്തില്‍ പെട്ട ടാര്‍ഡിഗ്രേഡ് ജീവികളെയാണ് ഗവേഷകര്‍ പഠനത്തിന് വിധേയമക്കിയത്. യുഎസിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് നടത്തിയ പഠനത്തില്‍ ഇവയുടെ നടക്കാനുള്ള ശേഷി ചെറുപ്രാണികളുടേതിനു തുല്യമാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. പ്രാണികള്‍ക്കുള്ളത് പോലെ ഏതാണ്ട് അര ഡസനോ അതിലധികമോ കാലുകള്‍ ഇവയ്ക്കുണ്ടെന്നാണ് മൈക്രോസ്കോപ്പ് ഉപയോഗിച്ചുള്ള അതിസൂക്ഷ്മ നിരീക്ഷണത്തിലൂടെ തിരിച്ചറിഞ്ഞത്. ഇവയുടെ സഞ്ചാര രീതി ചെറുപ്രാണികള്‍ക്ക് തുല്യമാണെന്ന് ഗവേഷകര്‍ വിവരിക്കുന്നു. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ച ഇവ നടക്കുന്ന രീതിയുടെ വിഡിയോ ദൃശ്യങ്ങളും ഗവേഷകര്‍ ചിത്രീകരിച്ചിട്ടുണ്ട്.

ഉറുമ്പുകളുടെ പൂര്‍വികര്‍?

ഈ ദൃശ്യങ്ങളിലുള്ള ടാർഡ്രിഗേഡുകളെ എന്തെങ്കിലും ചെയ്യാന്‍ ഒരു തരത്തിലും തങ്ങള്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. അവയ്ക്ക് ആകർഷകമായി തോന്നുന്ന എന്തെങ്കിലും കണ്ടെത്തി അവിടേക്കെത്താന്‍ ശ്രമിക്കുകയെന്നത് മറ്റ് ജീവികളെ പോലെ ടാഡ്രിഗേഡിന്‍റെയും സ്വാഭാവിക ചോദനയാണ്. ഇതുതന്നെയാണ് ദൃശ്യത്തില്‍ കാണാനാകുന്നതെന്നും റോക്ക്ഫെല്ലർ സർവകലാശാല ഗവേഷകയായ ഡോ. ജാസ്മിന്‍ നിരോദി പറയുന്നു. ഇവയുടെ നടത്തത്തിന്‍റെ വേഗം ഏത് തന്നെയായാലും ശൈലി അതേ പോലെ തന്നെ തുടരുമെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു. ഉറുമ്പുകള്‍ക്കും മറ്റും സമാനമായ രീതിയാണ് ടാർഡിഗ്രേഡുകളുടേത്. നടക്കുമ്പോഴും വേഗത്തില്‍ ഓടുമ്പോഴും ഒരേ രീതിയിലാണ് കാലുകളുടെ ചലനം.

Secrets Of How Tardigrades Strut Revealed In New Microscopic Footage
Image Credit: Shutterstock

മനുഷ്യരുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ ഈ സാമ്യതയില്‍ അദ്ഭുതം ഉണ്ടാകില്ല. എന്നാല്‍ ടാർഡിഗ്രേഡുകള്‍ എന്നത് ഒരു മില്ലിമീറ്ററിന്‍റെ മൂന്നിലൊന്ന് മാത്രം വലുപ്പമുള്ള അതിസൂക്ഷ്മ ജീവിയാണ്. ഒരു പക്ഷേ പല ഉറുമ്പുകളുടെയും നൂറിലൊന്ന് മാത്രം വലുപ്പമുള്ള ജീവികള്‍. അത് കൊണ്ട് തന്നെ ഇവയുടെ ശൈലിക്ക് ഉറുമ്പുമായുള്ള സാമ്യം ശാസ്ത്രത്തിന് കൗതുകം സൃഷ്ടിക്കുന്ന തിരിച്ചറിവാണ്. കാരണം കൂടുതല്‍ വലിയ ജീവികളിലേക്കെത്തുമ്പോള്‍ ഈ വലുപ്പവ്യത്യാസം വച്ചു നോക്കിയാല്‍ നാല് കാലുള്ള ജീവികള്‍ ഓടുന്നതും നടക്കുന്നത് വ്യത്യസ്ത ശൈലിയിലാണ്. ഉദാഹരണത്തിന് കുതിര നടക്കുമ്പോള്‍ വശങ്ങളിലെ രണ്ട് കാലുകള്‍ ഒരേ സമയം നീങ്ങുന്നു എങ്കില്‍ ഓടുമ്പോള്‍ മുന്‍-പിന്‍ കാലുകളാണ് ഒരേ സമയം നീങ്ങുന്നത്.

കാലുകളുടെ ഉപയോഗത്തിലുള്ള ഈ സാമ്യം മൂലം ഉറുമ്പുകളും പ്രാണികളുമായി ടാർഡിഗ്രേഡുകളുടെ പൂര്‍വികര്‍ക്ക് ജനിതക ബന്ധമുണ്ടായിരുന്നോ എന്ന സംശയവും ഗവേഷകര്‍ക്കുണ്ട്. പരിണാമ ദിശയില്‍ വേര്‍പിരിഞ്ഞ ബന്ധുക്കളായി പക്ഷേ ടാർഡിഗ്രേഡുകളെയും ചെറു പ്രാണികളെയും കാണാന്‍ ഗവേഷകര്‍ക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരം ഗവേഷകര്‍ നല്‍കിയിട്ടുമില്ല.

English Summary: Secrets Of How Tardigrades Strut Revealed In New Microscopic Footage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com