പേരിൽ മലബാറുണ്ട്, പക്ഷേ ഈ കുഞ്ഞൻ ഇനി കർണാടകയുടെ ‘സ്വന്തം’ തവള; അതെങ്ങനെ?

 How a 'Malabar' Frog going to become Karnataka's State Amphibian
മലബാർ ട്രീ ടോഡ്
SHARE

കേരളത്തിൽ അങ്ങോളമിങ്ങോളം ഓടിക്കളിക്കുന്ന ആനവണ്ടിയുടെ ‘കെഎസ്ആർടിസി’ എന്ന പേര് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് പണ്ട് കർണാടക ഒരു നീക്കം നടത്തിയിരുന്നു. കോടതിയിലെ നിയമനടപടികളിൽ കേരളം ഹാജരാക്കിയ വിവിധ രേഖകളുടെ അടിസ്ഥാനത്തിൽ ഒടുവിൽ ആ നീക്കം അവസാനിച്ചു. കെഎസ്ആർടിസി കേരളത്തിനു സ്വന്തമായി. ഇപ്പോഴിതാ കേരളത്തിനു കൂടി സ്വന്തമെന്ന് അവകാശപ്പെടാവുന്ന മറ്റൊന്നും കർണാടക അവരുടേതാക്കാനുള്ള ശ്രമത്തിലാണ്. സംഗതി മറ്റൊന്നുമല്ല – ഒരു ഇത്തിരിക്കുഞ്ഞൻ തവളയാണ്. മലബാർ ട്രീ ടോഡ് എന്നാണ് പേര്. മലയാളത്തിൽ മരച്ചൊറിയൻ തവള എന്നു വിളിക്കും. ശാസ്ത്രീയ നാമം: Pedostibes tuberculosus.

ചൂണ്ടു വിരലിന്റെ അറ്റം കൊണ്ട് ഒളിപ്പിക്കാൻ കഴിയുന്ന വലുപ്പമേ ഇത്തിരിക്കുഞ്ഞന് ഉള്ളൂ. ഇവനെ കർണാടകയുടെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കർണാടക വൈൽഡ് ലൈഫ് ബോർഡിന് നൽകിയ ശുപാർശ അംഗീകരിച്ചാൽ, വലിയ ഉൽസവ ചടങ്ങുകളോടെ  പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വാർത്തകൾ. ഇതുപക്ഷേ, കേരളം എതിർക്കാനൊന്നും സാധ്യതയില്ല. കാരണം കേരളത്തിന് ഇപ്പോഴേ നല്ലൊരു സംസ്ഥാന തവളയുണ്ട് – മഹാബലി തവള അഥവാ പാതാളത്തവള. വർഷത്തിൽ ഒരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നു പുറത്തു വരുന്ന ഈ തവളയ്ക്ക് ഇതിലും നല്ലൊരു പേര് ഇല്ലല്ലോ. 

മലബാർ ട്രീ ടോഡ് 

1875–76 ൽ ആണ് ആദ്യമായി മരച്ചൊറിയൻ തവളയെ കണ്ടെത്തിയതായി രേഖപ്പെടുത്തിയത്. പിന്നീട് ഈ ഇത്തിരിക്കുഞ്ഞനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. 105 വർഷം കഴിഞ്ഞു മരച്ചൊറിയൻ തവളയെ കുറിച്ച് വീണ്ടും വിവരങ്ങൾ ലഭിച്ചു, അതും കേരളത്തിലെ പൊൻമുടിയിൽ നിന്ന്. 1980ലാണ് രണ്ടാം തവണ മരച്ചൊറിയൻ തവളയെ കണ്ടെത്തുന്നത്. ഇതിനെ തിരിച്ചറിഞ്ഞ് ്രേഖപ്പെടുത്തുന്നത് 1985ലും. 2005 വരെ മൂന്നു തവണ മാത്രമാണ് മരച്ചൊറിയനെ കണ്ടെത്തുന്നത്. മഹാരാഷ്ട്ര, കേരള, ഗോവ എന്നിവിടങ്ങളിൽ നിന്ന്. 

2006 മുതൽ മരച്ചൊറിയനെ എല്ലാവരും ‘നോട്ടമിടാൻ’ തുടങ്ങി. വന്യജീവി സംരക്ഷണം നിയമം ഷെഡ്യൂൾ നാലിൽ പെട്ടതാണ് ഇവ. പിന്നീട് 193 തവണ ഇവയെ കണ്ടെത്തിയതായി റിപ്പോ‍ർട്ടുകൾ വന്നിട്ടുണ്ട്. പശ്ചിമഘട്ട വാസിയാണ് മരച്ചൊറിയൻ അഥവാ മലബാർ ട്രീ ടോഡ്. മഹാരാഷ്ട്രയ്ക്ക് തെക്കു ഭാഗത്ത് പശ്ചിമഘട്ട മേഖലയിലെ നിത്യ ഹരിത വനങ്ങളിലും അർധ നിത്യഹരിത വനങ്ങളിലും ആർദ്ര ഇലപൊഴിയും കാടുകളിലുമാണ് ഇതിനെ കണ്ടു വരുന്നത്. ഇന്ത്യയിൽ മാത്രം കാണപ്പെടുന്നതാണ് ഇവ. കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഈ തവളയെ 2007ലെ ചുവന്ന പുസ്തകത്തിൽ (റെഡ് ബുക്ക്) ഉൾക്കൊള്ളിച്ചിരിക്കുന്നു. 

കന്നഡത്തിന് അവകാശപ്പെട്ടത്

പേര് മലബാർ ട്രീ ടോഡ് എന്നാണെങ്കിലും ഇവയെ കൂടുതൽ കണ്ടു വരുന്നത് കർണാടകയിലാണെന്ന് ഡൽഹി സർവകലാശാലയിലെ വിദഗ്ധനായ പ്രഫ. എസ്.ഡി.ബിജു പറഞ്ഞു. വയനാട് മുതലുള്ള പശ്ചിമ ഘട്ടമാണ് പ്രധാന ആവാസ കേന്ദ്രം. കർണാടക, മഹാരാഷ്ട്ര, ഗോവ എന്നിവടിങ്ങളിലും കാണുന്നുണ്ട്.  ഇലകൾക്കു കീഴിലാണ് സാധാരണ ചൊറിത്തവളകളെ കണ്ടു വരാറുള്ളതെങ്കിലും മലബാർ ട്രീ ടോഡിനെ മരപ്പൊത്തുകളിലാണ് കൂടുതലും കാണുക. മരപ്പൊത്തിലെ വെള്ളത്തിലാണ് മുട്ട ഇടുന്നതും. അപൂർവം ചിലപ്പോൾ മാത്രമാണ് ഭൂമിയിൽ ഇറങ്ങി വെള്ളത്തിൽ  മുട്ടയിടുന്നതെന്ന് ബിജു വ്യക്തമാക്കി. 

കേരളത്തിന്റെ മഹാബലി

പശ്ചിമഘട്ടത്തിൽ കൂടുതലായി കാണപ്പെടുന്നതാണ് പാതാള തവള അഥവാ ‘മഹാബലി തവള. ‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണു ശാസ്ത്രീയ നാമം. ‘പർപ്പിൾ ഫ്രോഗ്’ എന്നും അറിയപ്പെടുന്നു. വംശനാശ ഭീഷണി നേരിടുന്ന ഇവ വർഷത്തിൽ 364 ദിവസവും മണ്ണിനടിയിലാണ്. പ്രജനനത്തിനായി ഒരു ദിവസം മാത്രം പുറത്തെത്തും. കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തുന്ന സന്ദീപ് ദാസ് ആണ് ഇതിനെ കേരളത്തിന്റെ ‘സ്വന്തം’ തവളയായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കത്തിനു തുടക്കം കുറിച്ചത്. 

Mahabali Frog
മഹാബലി തവള

ഡൽഹി സർവകലാശാലയിലെ പ്രഫ. എസ്.ഡി.ബിജുവും ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണു 2003ൽ ഇടുക്കിയിൽ ഈ തവളയെ കണ്ടെത്തിയത്. അതിനു മുൻപുതന്നെ ഇതേക്കുറിച്ചുള്ള പരാമർശം സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ നടത്തിയിരുന്നു. ഊതി വീർപ്പിച്ചതു പോലെയാണ് ആകൃതി. ശരീരം ധൂമ്ര നിറത്തിലുള്ളതാണ്. 

പന്നികളുടേതു പോലെ മൂക്ക് ഉള്ളതിനാൽ, ചിലയിടങ്ങളിൽ ‘പന്നി മൂക്കൻ തവള’ എന്നും പേരുണ്ട്. വെളുത്ത നിറമുള്ള കൂർത്ത മൂക്കാണ്. ദൃ‍‍ഢമായ കൈ കാലുകൾ മണ്ണു കുഴിച്ചു പോകാൻ സഹായിക്കുന്നു. ചിതലും മണ്ണിരയും മണ്ണിലെ മറ്റു ചെറു പ്രാണികളമാണു ഭക്ഷണം. പശ്ചിമ ഘട്ട മലനിരകളുടെ കാലാവസ്ഥ അനുസരിച്ചു പരിണമിച്ചതു പോലെയാണു പ്രജനനവും ജീവിത രീതികളും.

English Summary: How a 'Malabar' Frog going to become Karnataka's State Amphibian?

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA