ലോകത്തിലെ ആദ്യ കരയുയർന്നത് ജാർഖണ്ഡിലെ സിംഘ്ഭൂം മേഖലയില്‍! പുതിയ പഠനം

 Earth’s First Land to Rise Above the Ocean is in India
Image Credit: Shutterstock
SHARE

കരകൾ സമുദ്രത്തിൽ നിന്നുയർന്നെന്നാണു ഭൗമശാസ്ത്രജ്ഞർ പഠിപ്പിക്കുന്നത്. 250 കോടി വർഷം മുൻപാണത്രേ അതു നടന്നത്. എന്നാൽ ഈ സിദ്ധാന്തത്തെ തിരുത്തികൊണ്ട് പുതിയൊരു ഗവേഷണഫലം.കരകൾ സമുദ്രത്തിൽ നിന്നുയർന്നത് 320 കോടി വർഷം മുൻപാണെന്ന് ഇന്ത്യ, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള സംയുക്ത ഗവേഷക സംഘം പറയുന്നു. മറ്റൊരു വെളിപ്പെടുത്തൽ കൂടി ഇവർ നടത്തി. ലോകത്തിലെ ആദ്യ കരയുയർന്നത് ഇപ്പോൾ സ്ഥിതി ചെയ്യുന്നത് സിംഘ്ഭൂം മേഖലയിലാണ്. ജാർഖണ്ഡിലാണ് ഈ മേഖല സ്ഥിതി ചെയ്യുന്നത്. ഗവേഷണ ഫലങ്ങൾ പിഎൻഎഎസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.

സിംഘ്ഭൂമിൽ ആദിമ ചുണ്ണാമ്പുകല്ലുകൾ ശാസ്ത്രജ്ഞർ പരിശോധിച്ചു. ലോകത്തിലെ പഴക്കമുള്ള ചുണ്ണാമ്പുകല്ലുകളാണ് ഇവയെന്നു ഭൗമശാസ്ത്രജ്ഞർ അംഗീകരിക്കുന്നുണ്ടെങ്കിലും ഇവയുടെ പ്രായം കണക്കാക്കിയിരുന്നില്ല. നദികളൊഴുകിയ അടയാളങ്ങൾ, സമതലങ്ങൾ, ബീച്ചുകൾ തുടങ്ങിയവയും ഇവിടെ നിലനിന്നതായി ഇവർ കണ്ടെത്തിയിട്ടുണ്ട്. ചുണ്ണാമ്പുകല്ലുകളിലെ യുറേനിയം, ലെഡ് എന്നീ മൂലകങ്ങളുടെ സാന്നിധ്യം വിലയിരുത്തി, എത്രകാലം മുൻപാണ് ഇവ രൂപപ്പെട്ടതെന്ന് ഗവേഷകർ കണ്ടെത്തി. അങ്ങനെയാണ് ഇവയ്ക്ക് 320 കോടി വർഷം പ്രായമുണ്ടെന്നു കണ്ടെത്തിയത്. ആദിമ കാലത്ത് ഭൂമി മുഴുവൻ വെള്ളം നിറഞ്ഞു കിടന്ന സമയത്ത് ഉയർന്ന് ആദ്യ കര!

ഭൗമ പ്ലേറ്റുകളുടെ ടെക്ടോണിക് ചലനങ്ങൾ മൂലമാണ് സമുദ്രത്തിൽ നിന്നു കരയുയർന്നതെന്നുള്ള പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വാദത്തെയും ഈ പഠനം നിരാകരിക്കുന്നു. ടെക്ടോണിക് ചലനങ്ങൾ മൂലമല്ല, മറിച്ച് ഭൂമിക്കുള്ളിൽ നിന്നുള്ള മാഗ്മ ഉപരിതലത്തിലേക്കു വൻരീതിയിലെത്തിയെന്നും ഇവിടെ അവ ഖരാവസ്ഥ നേടി കരയായി മാറിയെന്നും പഠനം പറയുന്നു. കോടിക്കണക്കിനു വർഷങ്ങൾ കടന്നുപോകവെ സിംഘ്ഭൂം മേഖലയുടെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൂടി. ഇന്നത് സമുദ്രത്തിൽ നിന്നു 1.8 കോടി കിലോമീറ്റർ ഉയരത്തിലാണ്.

ഇത്തരത്തിൽ ഉയർന്നു വന്ന ആദ്യ കരകൾ സ്യാനോബാക്ടീരിയ എന്ന സൂക്ഷ്മകോശ ജീവികൾക്കു വീടൊരുക്കി. ഇവയാണ് ഭൂമിയിൽ ഓക്സിജൻ നിർമാണത്തിനു വഴിവച്ചത്. പ്രിയദർശിനി ചൗധരി എന്ന ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. കലിഫോർണിയ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ പ്രഗത്ഭ സർവകലാശാലകളിലെ ഗവേഷകരും സംഘത്തിലുണ്ട്. ഛോട്ടാനാഗ്പുർ പീഠഭൂമിയുടെ ഭാഗമായുള്ള ഭൗമമേഖലയാണു സിംഘ്ഭൂം. സിംഹങ്ങൾ വിഹരിക്കുന്നയിടമെന്നാണ് ഈ പേരിന്റെ അർഥം. ഇന്ത്യയിലെ ചെമ്പ് ഖനനത്തിന്റെയും ഉത്പാദനത്തിന്റെയും നല്ലൊരു പങ്കും നടക്കുന്നത് ഈ മേഖലയിലാണ്.

English Summary: Earth’s earliest landmass got formed in Jharkhand’s Singhbhum region, finds study

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS