ADVERTISEMENT

അതിശക്തമായ ചുഴലിക്കാറ്റുകളുടെ ആക്രമണത്താൽ വിറച്ചു വിറങ്ങലിച്ചു നിൽക്കുകയാണ് അമേരിക്ക. നൂറിലധികം പേർ ദുരന്തത്തിൽ കൊല്ലപ്പെട്ടെന്നാണു കണക്ക്. തെക്ക്, പടിഞ്ഞാറൻ മേഖലയിലുള്ള 5 യുഎസ് സംസ്ഥാനങ്ങൾ ചുഴലിയുടെ സംഹാരനൃത്തത്തിന് ഇരയായെങ്കിലും കെന്‌റക്കി സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ നാശം. ദേശീയദുരന്തമെന്നാണു കെന്റക്കിയിലെ കാറ്റുമൂലമുള്ള നശീകരണത്തെ പ്രസിഡന്‌റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലി ദുരന്തമാണ് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്. ഇവിടെ മാത്രം 80 പേർ കൊല്ലപ്പെട്ടു. 250 കിലോമീറ്ററോളം ദൂരത്തിലാണ് ഇവിടെ ചുഴലിക്കാറ്റുകൾ വീശിയടിച്ചത്. 1890ലാണ് കെന്‌റക്കിയിൽ ഇതിനു മുൻപ് ഇത്ര ശക്തിയിൽ കാറ്റടിച്ചത്. അന്ന് ഇവിടെ 76 പേർ മരിച്ചു.

 

കെന്റക്കിയിൽ വീടുകളും സ്ഥാപനങ്ങളും തകർന്നടിഞ്ഞു. വീടില്ലാതായവർക്കായി പബ്ലിക് പാർക്കുകളും മറ്റും സർക്കാർ തുറന്നുകൊടുത്തിരിക്കുകയാണ്. ഇലിനോയിയിലെ ഒരു വെയർഹൗസ് തകർന്നുവീണു. ഇതിനുള്ളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു സംശയം. വടക്കുകിഴക്കൻ അർകൻസാസിൽ തുടങ്ങിയ ചുഴലിക്കാറ്റുകൾ മിസോറി, ഇലിനോയ്, ടെന്നസി, കെന്റക്കി മുതലായ ഇടങ്ങളിലേക്കു വ്യാപിച്ചു വൻതോതിൽ നശീകരണം നടത്തുകയായിരുന്നു. മുപ്പതിലധികം ചുഴലിക്കാറ്റുകൾ കഴിഞ്ഞ ദിവസം യുഎസിൽ ഉണ്ടായത്രേ. സഞ്ചരിക്കുന്ന ദുരന്തവാഹിനികളാണു ടൊർണാഡോ ചുഴലിക്കാറ്റുകൾ. പോകുന്ന വഴിയെല്ലാം നാശം വിതയ്ക്കുന്ന ഇവ യുഎസിൽ വളരെ കൂടുതലാണ്. 2021ൽ മാത്രം യുഎസിൽ വിവിധ മേഖലകളിലായി 1079 ചുഴലിക്കാറ്റുകൾ വീശിയടിച്ചെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ പറയുന്നു. 

 

മറ്റുരാജ്യങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ടൊർണാഡോ ചുഴലിക്കാറ്റുകൾ എന്തുകൊണ്ടാണ് യുഎസിൽ ഇത്രമാത്രം തോതിൽ സംഭവിക്കുന്നത്? ലോകത്ത് മറ്റെല്ലായിടത്തും കൂടി സംഭവിക്കുന്നതിന്‌റെ നാലു മടങ്ങു ചുഴലിക്കാറ്റുകൾ യുഎസിൽ പ്രതിവർഷം സംഭവിക്കുന്നു. തറനിരപ്പിൽ ചൂടുള്ള വായു. ഉയർന്ന അന്തരീക്ഷത്തിൽ തണുത്ത വായു. ഇതിനിടയിൽ വിവിധ വേഗത്തിൽ വീശുന്ന കാറ്റുകൾ. ചുഴലിക്കാറ്റുകൾ ഉണ്ടാകാനുള്ള ഏറ്റവും അനുയോജ്യ സാഹചര്യങ്ങൾ ഇവയെന്നു കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. ഈ സാഹചര്യങ്ങളെല്ലാം ഒത്തുചേർന്നയിടങ്ങളാണ് യുഎസിന്‌റെ ഗ്രേറ്റ് പ്ലെയിൻസ് എന്നറിയപ്പെടുന്ന സമതലങ്ങൾ. ടൊർണാഡോ ആലി എന്നാണ് ഇവ അറിയപ്പെടുന്നത്. ടെക്‌സസ് മുതൽ നോർത്ത് ഡക്കോട്ട വരെ ഇവ പരന്നു കിടക്കുന്നു. റോക്കി മൗണ്ടൻസ്, മെക്‌സിക്കൻ ഉൾക്കടൽ എന്നിവയും ടോർണാഡോയുടെ പ്രഭവത്തിനും വ്യാപനത്തിനും സഹായകമാണ്.

 

തെക്കുനിന്നുള്ള ചൂടുകാറ്റും, പടിഞ്ഞാറു നിന്നുള്ള തണുത്തകാറ്റും ടൊർണാഡോ ചുഴലിക്ക് അനൂകൂല സാഹചര്യം സൃഷ്ടിക്കുന്നു. യുഎസിൽ ഓരോ വർഷവും ശരാശരി 1000 ടൊർണാഡോകൾ ഉണ്ടാകുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള കാനഡയിൽ പ്രതിവർഷം 100 എണ്ണമാണ് ഉണ്ടാകുന്നത്. യുഎസിലെ പല മേഖലകളിലെയും ആളുകൾ എപ്പോഴും ചുഴലിക്കാറ്റുകൾ സംഭവിക്കാനുള്ള സാധ്യത പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്. വെതർ റിപ്പോർട്ടുകൾക്കും മറ്റും അവർ എപ്പോഴും ശ്രദ്ധ നൽകുന്നു. 1925ൽ യുഎസിൽ സംഭവിച്ച ട്രൈ സ്‌റ്റേറ്റ് ടൊർണാഡോയാണ് ഇതുവരെ സംഭവിച്ചതിൽ വച്ച് ഏറ്റവും കനത്ത നാശനഷ്ടം രാജ്യത്തു വരുത്തിയത്. 747 പേർ ഇതിൽപ്പെട്ടു കൊല്ലപ്പെട്ടു. 

 

1932ൽ സംഭവിച്ച ഡീപ് സൗത്ത് ടൊർണാഡോ ഔട്ട്‌ബ്രേക്കിൽ 332 പേർ കൊല്ലപ്പെട്ടു. ടെക്‌സസ് മുതൽ സൗത്ത് കാരലീന വരെ ഇതു വീശിയടിച്ചു. അലബാമയിൽ മാത്രം 270 പേർ ഇതിൽ മരിച്ചു. 1840ൽ ഗ്രേറ്റ് നാച്ചസ് ടൊർണാഡോയിൽ 317 പേർ കൊല്ലപ്പെട്ടു.സമീപകാലത്തുണ്ടായ ഏറ്റവും വലിയ ചുഴലിദുരന്തം 2011 ഏപ്രിലിൽ സംഭവിച്ച സൂപ്പർ ഔട്ട്‌ബ്രേക്ക് എന്ന ടൊർണാഡോ പരമ്പരയാണ്. ഒരാഴ്ചയ്ക്കുള്ളിൽ 300 ചുഴലിക്കാറ്റുകളാണ് നിലത്തിറങ്ങി മരണവൃത്തങ്ങൾ തീർത്തത്. 314 പേർ ഇതിൽ പെട്ടു മരിച്ചു. അലബാമ, ടെന്നസി, മിസിസിപ്പി, ജോർജിയ, അർകൻസാസ്, വെർജീനിയ തുടങ്ങിയ മേഖലകൾ ഇതിന്‌റെ കരുത്തിന്‌റെ ചൂടറിഞ്ഞു. യുഎസിൽ മാത്രമല്ല ലോകത്ത് ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നത്. ലോകത്ത് ഒരേയൊരു ഭൂഖണ്ഡം ഒഴിച്ച് ബാക്കിയെല്ലായിടത്തും ടൊർണാഡോകൾ സംഭവിക്കുന്നുണ്ട്. സംഭവിക്കാത്ത ഒരേയൊരു ഭൂഖണ്ഡം ഏതെന്നോ? അന്‌റാർട്ടിക്കയാണ് ആ സ്ഥലം.

 

English Summary: Deadly tornadoes slam through six states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com