ലോകത്തിലെ ദുരൂഹമായ പ്രകൃതി ദുരന്തം; നിശബ്ദ കൊലയാളി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്?

Cameroon's Lake Nyos Gas Burst
Grab Image from video shared on youtube by EDUSPLORER AFRICA
SHARE

മനുഷ്യൻ സൃഷ്ടിച്ച പാരിസ്ഥിതിക ദുരന്തങ്ങൾ ഏറെയാണ്. ചെർണോബിൽ, ഫുക്കുഷിമ, ഭോപ്പാൽ...എന്നിങ്ങനെ ഓരോ സ്ഥലനാമങ്ങളുമായി ചേർത്ത് നാം ആ പട്ടിക ദിനംപ്രതി വലുതാക്കിക്കൊണ്ടിരിക്കുകയുമാണ്. എന്നാൽ പ്രകൃതി സൃഷ്ടിച്ച ദുരന്തങ്ങളുമേറെയാണ്. അത്തരം അപ്രതീക്ഷിത ദുരന്തങ്ങളിൽ ചിലതിന്റെ കാരണം ഇന്നും മനുഷ്യന് അജ്ഞാതവും. അവയിൽ ഏറ്റവും കുപ്രസിദ്ധമാണ് 1986 ഓഗസ്റ്റ് 21ന് ആഫ്രിക്കയിലെ ന്യോസ് തടാകത്തിൽ സംഭവിച്ചത്. ഇന്നും ലോകത്തിലെ ഏറ്റവും ദുരൂഹമായ പ്രകൃതി ദുരന്തം! 

വടക്കുപടിഞ്ഞാറൻ കാമറൂണിലാണ് ഈ തടാകം. ഒരു അഗ്നിപർവതത്തിനു മുകളിലെ വിള്ളലിൽ നിന്നാണ് തടാകം രൂപംകൊണ്ടത്. ഓഗസ്റ്റ് 21ന് തികച്ചും അപ്രതീക്ഷിതമായി തടാകത്തില്‍നിന്നു വൻതോതിൽ വിഷലിപ്തമായ കാർബൺ ഡയോക്സൈഡ് വാതകം പുറന്തള്ളപ്പെട്ടു. ഏകദേശം 3 ലക്ഷം മുതൽ 16 ലക്ഷം വരെ ടൺ കാർബൺ ഡയോക്സൈഡാണ് ഒറ്റയടിക്ക് പുറത്തെത്തിയതെന്നാണു കരുതുന്നത്. ഇവ ചുറ്റിലും പരന്നതാകട്ടെ അസാധാരണമായ വേഗത്തിലും. മണിക്കൂറിൽ 100 കിലോമീറ്റർ എന്ന കണക്കിനു വേഗത്തിൽ ഈ വിഷവാതകം തടാകത്തിന്റെ പരിസരത്തെ ഗ്രാമപ്രദേശങ്ങളിൽ നിറഞ്ഞു. 

1746 മനുഷ്യരാണ് അന്ന് ഈ വിഷവായു ശ്വസിച്ചു മരിച്ചു വീണത്. 3500ലേറെ കന്നു കാലികളെയും ഈ നിശബ്ദ കൊലയാളി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തടാകത്തിനു ചുറ്റും ഏകദേശം 25 കിലോമീറ്റർ വരെയുള്ള ഭാഗത്താണ് ഈ കാർബൺ ഡയോക്സൈഡ് നിറഞ്ഞത്. ഓക്സിജൻ ഇല്ലാതായതോടെ മനുഷ്യർ പിടഞ്ഞുവീഴുകയായിരുന്നു. രാത്രിയിലായിരുന്നു സംഭവം. പലരും ഉറങ്ങുകയായിരുന്നു. ചാ, ന്യോസ്, സബം തുടങ്ങിയ സമീപ ഗ്രാമങ്ങളിലായിരുന്നു മരണങ്ങളിലേറെയും. ഉറക്കത്തിൽ പലരും ഒന്നുമറിയാതെ മരണത്തെ പുൽകിയപ്പോൾ ചിലരുടെ മൃതദേഹം വായിൽനിന്നും മൂക്കിൽനിന്നും രക്തം വന്ന നിലയിലായിരുന്നു. 

ഏതാനും പേർ മാത്രമാണ് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട് പിറ്റേന്ന് കണ്ണു തുറന്ന്. രാത്രിയിൽ ആരെങ്കിലും ആക്രമിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഗ്രാമപ്രദേശത്ത് യാതൊരു പ്രശ്നങ്ങളുമില്ലാത്ത വിധം എല്ലാം ശാന്തമായിരുന്നു. അതിക്രമത്തിന്റെ യാതൊരു ലക്ഷണവുമില്ല. പക്ഷേ മുറ്റത്ത് ചെറുപ്രാണികൾ വരെ ചത്തുവീണിരിക്കുന്നു! ‘എനിക്ക് സംസാരിക്കാനായില്ല. പതിയെ എന്റെ ബോധവും നഷ്ടപ്പെട്ടു തുടങ്ങി. വായ തുറക്കാനാകാത്ത അവസ്ഥ. അതിശക്തമായതെന്തോ മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. സീമപത്ത് മകൾ ശ്വാസം കിട്ടാതെ കരയുന്നതും കേട്ടു... പക്ഷേ ഒന്നും ചെയ്യാനായില്ല. എന്റെ കയ്യിൽ ചില മുറിവുകളുണ്ടായിരുന്നു. അവ എങ്ങനെയാണുണ്ടായതെന്നു മാത്രം മനസ്സിലായില്ല. എനിക്ക് സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ശ്വാസമെടുക്കാനാകുന്നില്ല. അതിനോടകം എന്റെ മകളും മരിച്ചിരുന്നു...പതിയെ ഒന്നും ഓർമയില്ലാതായി...’ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരിലൊരാൾ പിന്നീട് ഗവേഷകരോട് വിശദീകരിച്ചതാണ് ഇക്കാര്യം. 

ഒട്ടേറെ ആരോഗ്യ വിദഗ്ധരും പരിസ്ഥിതി ഗവേഷകരും സംഭവത്തെപ്പറ്റി പഠിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ ആ രാത്രി സംഭവിച്ചതെന്താണ് എന്നതിന് ഇന്നും ഉത്തരം കണ്ടെത്താനായിട്ടില്ല. രാത്രി ഒൻപതോടെ ന്യോസ് തടാകത്തിൽനിന്ന് വൻതോതിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളപ്പെട്ടതായി തെളിഞ്ഞിരുന്നു. അന്തരീക്ഷ വായുവിനേക്കാൾ കനം കൂടിതിനാൽ ഈ വിഷവാതകം പതിയെ താഴ്‌വരയിലേക്ക് ഇറങ്ങി. പിന്നീട് ചുറ്റും പരന്നു. ഏകദേശം 50 മീറ്റർ കനത്തിൽ അന്തരീക്ഷത്തിൽ ഒരു ‘വിഷപ്പുതപ്പ്’ സൃഷ്ടിക്കുകയും ചെയ്തു. സാധാരണ ഗതിയിൽ അഗ്നിപർവതങ്ങളിലെ തടാകങ്ങളിൽ കാർബൺ ഡയോക്സൈഡ് രൂപപ്പെടുന്നത് പതിവാണ്. അവ തടാകത്തിനടിയിൽ കെട്ടിക്കിടക്കുകയും ചെയ്യും. എന്നാൽ മുകളിലെ അന്തരീക്ഷ താപനിലയിൽ രൂപപ്പെട്ട തണുത്ത വെള്ളത്തിന്റെ ഒരു വലിയ പാളി ഉള്ളതിനാൽ ഈ വാതകം പുറത്തേക്കു വരാറില്ല. 

എന്നാൽ ന്യോസ് തടാകത്തിൽ ആ വാതകത്തെ പുറത്തേക്കു ശക്തിയായി തള്ളുന്ന ഒരു ശക്തി രൂപപ്പെട്ടിരുന്നു. ഒരുപക്ഷേ അതൊരു ഭൂകമ്പമോ ഉരുൾപൊട്ടലോ ചെറിയ അഗ്നിപർവത സ്ഫോടനമോ ആയിരിക്കാം. പക്ഷേ അവിടെയും ഉറപ്പിച്ചു പറയാന്‍ ഒരു കാരണമില്ല. നിശബ്ദമായിട്ടാണ് തടാകത്തിൽ ആ ‘ട്രിഗർ’ സൃഷ്ടിക്കപ്പെട്ട്, അതിന്റെ ഫലമാകട്ടെ ഞെ‌ട്ടിപ്പിക്കുന്ന ദുരന്തവും. തടാകത്തിൽ ചെറു സ്ഫോടനമുണ്ടായെന്നും 300 അടി വരെ ഉയരത്തിൽ വെള്ളം ചിതറിത്തെറിച്ചെന്നും ഒരു വിഭാഗം ഗവേഷകർ കണ്ടെത്തിയിരുന്നു. എന്നാൽ അവിടെയും അതിലേക്കു നയിച്ച കാരണം മാത്രം കണ്ടെത്താനായില്ല. ഇസ്രയേൽ–കാമറൂൺ സർക്കാർ സംയുക്തമായി നടത്തിയ ബോംബ് സ്ഫോടനമാണ് അപകടത്തിലേക്കു നയിച്ചതെന്ന നിഗൂഢതാ സിദ്ധാന്തവും ആ സമയത്തു പരന്നിരുന്നു. എന്നാൽ ശാസ്ത്രീയമായ തെളിവുകളിൽത്തന്നെ ഗവേഷകർ ഉറച്ചുനിന്നു. 

സമാനമായ സംഭവം കുറച്ച് വർഷങ്ങൾക്ക് മുൻപ് മോനം എന്ന തടാകത്തിലും സംഭവിച്ചതായി കണ്ടെത്തി. അന്ന് 37 പേരാണു മരിച്ചത്. 1984ലെ ആ കാർബൺ ഡയോക്സൈഡ് ബഹിർഗമനത്തിന്റെയും കാരണം വ്യക്തമല്ല! ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ തടാകങ്ങളിൽ പ്രത്യേകതരം പൈപ്പുകൾ ഘടിപ്പിച്ചാണു പരിഹാരം കണ്ടത്. ഈ പൈപ്പുകൾ അടിത്തട്ടിലെ കാർബൺ ഡയോക്സൈഡ് അൽപാൽപമായി വലിച്ചെടുത്ത് ഇടയ്ക്കിടെ അന്തരീക്ഷത്തിലേക്കു വിടും. ഇടയ്ക്ക് ന്യോസ് തടാകത്തിന്റെ തീരത്തിന് ബലക്ഷയവും വന്നിരുന്നു. തടയണ കെട്ടിയാണ് 2011ൽ അതു പരിഹരിച്ചത്. മൂന്നു പതിറ്റാണ്ടിലേറെയായി നിശബ്ദമാണ് ഈ തടാകം. പക്ഷേ ഏതെങ്കിലും വിധത്തിൽ തടാകത്തിന് നാശം സംഭവിച്ചാൽ വീണ്ടും പുറത്തേക്കു വരാനൊരുങ്ങി വൻ വിഷവാതക ശേഖരം അടിത്തട്ടിലുള്ളതിനാൽത്തന്നെ അധികൃതർ എല്ലായിപ്പോഴും ജാഗരൂകരാണ്.

English Summary: Cameroon's Lake Nyos Gas Burst

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA