ADVERTISEMENT

യുഎസിലെ മിഷിഗൻ തടാകക്കരയിൽ കാറ്റടിച്ചു പ്രത്യക്ഷപ്പെട്ടത് വിചിത്രശിൽപങ്ങൾ. ഇതിന്റെ ചിത്രങ്ങൾ ജോഷ്വ നോവിക്കി എന്ന ഫൊട്ടോഗ്രഫർ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ വൈറലായി. എങ്ങനെയാണിവ സൃഷ്ടിക്കപ്പെട്ടതെന്ന ആകാംക്ഷയിലാണു ലോകം. മിഷിഗൻ തടാകക്കരയിലെ ടിസ്‌കോർണിയ ബീച്ചിലാണ് വിചിത്രഘടനകൾ പ്രത്യക്ഷപ്പെട്ടത്. ചിലർ ഇത് അന്യഗ്രഹജീവികൾ സൃഷ്ടിച്ചതാണെന്നു പറയുമ്പോൾ ചിലരിത് പ്രകൃതിയുടെ പ്രതിഭാസമാണെന്നാണ് അഭിപ്രായപ്പെടുന്നത്. തണുത്തു മരവിച്ച മണൽത്തിട്ടയിലേക്കു വളരെ വേഗത്തിൽ കാറ്റടിച്ചതുമൂലമുണ്ടായതാണു ശിൽപങ്ങളെന്നാണു പൊതുവെ കരുതപ്പെടുന്നത്. നദികൾ കരയിൽ ഉണ്ടാക്കുന്ന പാറ്റേണുകൾ പോലെ ഒന്ന്. നദികൾക്ക് കരയിൽ മാറ്റങ്ങൾ വരുത്താൻ ഒരുപാടു വർഷങ്ങൾ വേണ്ടിവരുന്നു എന്നു മാത്രമാണു വ്യത്യാസം.

കാറ്റുമൂലമുണ്ടായ ഈ വിചിത്രഘടനകൾ താമസിക്കാതെ വീഴുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. സാൻഡ് ഹൂഡോസ് എന്നാണ് ഈ വിചിത്ര ഘടനകളെ വിളിക്കുന്ന പേര്. 15 ഇഞ്ച് വരെ പൊക്കമുള്ള ഘടനകൾ ഇവിടെയുണ്ട്. ചെസ് ഗെയിമുകളിലെ കരുക്കളെ അനുസ്മരിപ്പിക്കുന്നതാണ് ഇവയുടെ ഘടന. ഈ ചിത്രങ്ങൾ ആദ്യം പുറത്തിറങ്ങിയപ്പോൾ ഫൊട്ടോഷോപ്പ് ചെയ്യപ്പെട്ട മാറ്റം വരുത്തിയ ചിത്രങ്ങളാണെന്നായിരുന്നു ആളുകളുടെ അഭിപ്രായം. പിന്നീട് വ്യാജവാർത്തകളും ചിത്രങ്ങളും പരിശോധിക്കുന്ന ഏജൻസികൾ ഇവയുടെ ആധികാരികത പരിശോധിക്കുകയും ഇവ യാഥാർഥ്യം ആണെന്നു തെളിയിക്കുകയും ചെയ്തു.മിഷിഗൻ തടാകക്കരയിൽ ഇങ്ങനെയൊരു കാഴ്ച അപൂർവമാണെന്നായിരുന്നു പ്രദേശവാസികളുടെ അഭിപ്രായം. അമേരിക്കയിൽ ഇടയ്ക്ക് ഉടലെടുത്ത ശീതതരംഗത്തിന്‌റെ ഭാഗമായി മിഷിഗനിലും അതിശൈത്യം സംഭവിച്ചിരുന്നു. ഇതിന്‌റെ ബാക്കിപത്രമായാണു സംഭവം വിശദീകരിക്കപ്പെടുന്നത്.

വടക്കേ അമേരിക്കയുടെ അഞ്ച് മഹാതടാകങ്ങളിൽ ഒന്നാണ് ലേക്ക് മിഷിഗൻ തടാകം. 58,030 ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള ഇത് മഹാതടാകങ്ങളിൽ സുപ്പീരിയർ, ഹുറോൺ തടാകങ്ങൾക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ്. പൂർണമായും യുഎസിൽ തന്നെ സ്ഥിതി ചെയ്യുന്ന ഈ തടാകം വിസ്‌കോൻസിൻ, ഇലിനോയ്, ഇൻഡ്യാന, മിഷിഗൻ എന്നീ സംസ്ഥാനങ്ങളിലായാണു സ്ഥിതി ചെയ്യുന്നത്. ഏഴു നദികളിൽ നിന്നുള്ള വെള്ളം ഇങ്ങോട്ടേക്ക് എത്തുന്നു. ഐസ് വോൾക്കാനോകൾ പോലെയുള്ള പ്രതിഭാസങ്ങളും മിഷിഗൻ തടാകത്തിൽ ദൃശ്യമാണ്, ആദിമകാലം മുതൽ തന്നെ തദ്ദേശീയർ ഇവിടെ പാർത്തിരുന്നു. യുഎസിൽ ദശലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള ശ്രോതസ്സും ഈ തടാകമാണ്. ഒട്ടേറെ വ്യവസായങ്ങൾ ഇതിന്‌റെ തീരത്തു സ്ഥിതി ചെയ്യുന്നതിനാൽ തടാകത്തിന്റെ പാരിസ്ഥിതികമായ ആരോഗ്യം കുറയുന്നുണ്ടെന്നു വിദഗ്ധർക്കിടയിൽ ആശങ്കയുണ്ട്.

English Summary: Strange structures made by strong wind on shores of Lake Michigan enthralls netizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com