ADVERTISEMENT

ഭൂമിയുടെ രേഖാശം കണക്കാക്കിയാൽ കൊച്ചിക്ക് സമമായാണ് ഭാരതി സ്ഥിതി ചെയ്യുന്നത്. അതായത് കൊച്ചിയിൽ നിന്ന് നേരെ തെക്കോട്ട് പോയാൽ അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ഭാരതി സ്റ്റേഷനിൽ എത്താം. തൂവെള്ള നിറത്തിൽ മഞ്ഞുമൂടി, തണുത്തുറഞ്ഞ മഞ്ഞുമലപോലെ ഭൂമിയുടെ രണ്ട് അറ്റങ്ങളിലായി സ്ഥിതിചെയ്യുന്ന ഭൂഖണ്ഡമാണ് അന്റാർട്ടിക്കയും ആർട്ടിക്കും. ഭൂമിയുടെ വടക്കെയറ്റത്താണ് ആർട്ടിക്കെങ്കിൽ ഏറ്റവും തെക്കെയറ്റത്താണ് അൻറാർട്ടിക്ക. ജനവാസം കാര്യമായില്ലാത്തതിനാൽ തന്നെ ഈയിടങ്ങളെക്കുറിചുള്ള വിവരങ്ങളും പുറംലോകത്തിന് അത്ര അറിയില്ല. നിരവധി പഠനങ്ങൾ നടക്കുന്ന എന്നാൽ മനുഷ്യവാസം തീരെയില്ലാത്ത നാടാണ് ഇവിടം. ആർക്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ആർട്ടിക് എന്ന പേരുണ്ടായത്. ധ്രുവക്കരടികൾ കാണപ്പെടുന്നതിനാൽ കരടിയുടെ അടുത്തുള്ളത് എന്നാണ് ആർട്ടിക് എന്ന പദത്തിനർഥം. അന്റാർട്ടിക്കയെന്നാൽ ആർട്ടിക്കിന് എതിരായതെന്നർഥം. ഭൂമിയിലെ കരഭാഗത്തിന്റെ പത്തിലൊന്ന് വലുപ്പം വരുന്ന വമ്പൻ ഭൂഖണ്ഡം അവിടെ ഉണ്ടെന്ന് മനുഷ്യൻ മനസ്സിലാക്കുന്നത് 1820ന് ശേഷമാണ്.

 

∙ ഭൂമിയിൽ സ്ഥിരമായി മനുഷ്യവാസമില്ലാത്ത ഒരേയൊരു പ്രദേശം - അന്റാർട്ടിക്ക

 എന്നും മഞ്ഞുറഞ്ഞു കിടക്കുന്ന അന്റാർട്ടിക്കയുടെ സ്ഥാനം ദക്ഷിണ ദ്രുവത്തിലാണ്. 4600 മീറ്റർ വരെ ഉയരത്തിൽ മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലങ്ങൾ അവിടെ ധാരാളമുണ്ട്. കരഭാഗത്തെ അപേക്ഷിച്ചു സമുദ്രത്തിൽ സദാസമയവും കാറ്റടിക്കുന്നതിനാൽ മഞ്ഞുപാളികൾക്ക് കട്ടി കുറവാണ്. അതിനാൽ തന്നെ ഐസ് ബ്രേക്കിങ് കപ്പലുകൾക്ക് അതിലൂടെ സഞ്ചരിക്കാൻ സാധിക്കും. 1.4 കോടി ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. ഭൂമിയിലെ ഏറ്റവും തണുപ്പേറിയ പ്രദേശവും സ്ഥിരമായി മനുഷ്യവാസമില്ലാത്ത ഒരേയൊരു പ്രദേശവും അന്റാർട്ടിക്ക ആണ്. ശൈത്യകാലത്ത് താപനില മൈനസ് 60 ഡിഗ്രിയും വേനൽക്കാലത്ത് മൈനസ് 28 ഡിഗ്രി സെൽഷ്യസുമായിരിക്കും. അന്റാർട്ടിക്കയിൽ മഞ്ഞുമൂടാത്തതായി വളരെക്കുറച്ചു പ്രദേശം മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ഇവിടെ സസ്യവർഗങ്ങൾ അധികമില്ല. ലൈക്കനുകളാണ് ഇവിടെ കാണപ്പെടുന്ന പ്രധാന സസ്യവർഗം. ഇതുകൂടാതെ മറ്റു ചെറുസസ്യങ്ങളും പായലുകളും കാണാം. പെൻഗ്വിൻ, തിമിംഗിലം, നീർനായ എന്നിവയാണ് ഇവിടുത്തെ ജീവജാലങ്ങൾ.

 

∙ കണ്ടെത്തിയത്

Arctic

 1821ൽ ഡേവിഡ് എന്ന നാവികനാണ് വൻകരയിൽ ആദ്യമായി കാലുകുത്തിയത്. എന്നാൽ അതിനു മുന്നേ പതിനെട്ടാം നൂറ്റാണ്ടിലാണ് ദക്ഷിണ ധ്രുവ പ്രദേശങ്ങളിലേക്കുള്ള സാഹസിക യാത്രയുടെ അറിയപ്പെടുന്ന ചരിത്രം ആരംഭിക്കുന്നത്. ബ്രിട്ടീഷ് നാവികനായ കുക്കും കൂട്ടരും 1775ൽ കുറെ ദൂരം സഞ്ചരിച്ചെങ്കിലും കര കണ്ടെത്താനാകാതെ മടങ്ങി. പിന്നീട് വന്ന വില്യം സ്മിത്ത് എന്ന സാഹസികൻ 1919ൽ ഷെറ്റ്ലന്റാ ദ്വീപുകൾ കണ്ടെത്തി. അതിനടുത്ത വർഷം അമേരിക്കയിൽ നിന്നും വന്ന സാഹസികർ ഓർലിയൻസ് ചാനലും ഒരു ദ്വീപും കണ്ടെത്തി. ഹോസൻ എന്ന റഷ്യൻ നാവികനാണ് ദക്ഷിണ ധ്രുവ പ്രദേശത്ത് രണ്ട് ദ്വീപുകൾ ഉണ്ടെന്ന് കണ്ടുപിടിച്ചത്. എന്നാൽ അന്റാർട്ടിക്ക എന്നൊരു വൻകര ഉണ്ടെന്ന് ഉറപ്പു നൽകിയത് അമേരിക്കൻ സഞ്ചാരിയായിരുന്ന വിൽക്സ് ആയിരുന്നു. 1839ൽ ദക്ഷിണധ്രുവത്തിന്റെ യഥാർത്ഥ സ്ഥിതി അദ്ദേഹം മനസ്സിലാക്കി. സർ ജെയിംസ് ക്ലാർക്ക് റോസ് പിന്നീട് ദക്ഷിണധ്രുവത്തിലേക്ക് വഴികാട്ടി. മഞ്ഞ് ഇല്ലാത്ത ഒരു ഭാഗത്ത് കൂടിയായിരുന്നു യാത്ര. ആ ഭാഗം പിന്നീട് റോസ് കടൽ എന്ന് അറിയപ്പെട്ടു.

 

Antarctic

∙  മനുഷ്യവാസമുള്ള ആർട്ടിക്

 ഭൂമിയുടെ ഉത്തരധ്രുവത്തിനു ചുറ്റുമുള്ള മേഖലയാണ് ആർട്ടിക്. യൂറേഷ്യയുടെയും വടക്കെ അമേരിക്കയുടെയും കരഭാഗങ്ങളും ആർട്ടിക് സമുദ്രവും കൂടിച്ചേർന്ന മേഖലയാണിത്. ധ്രുവക്കരടിയെക്കൂടാതെ നീർക്കുതിര, നീർനായ, തിമിംഗലം, ആർട്ടിക് കുറുക്കൻ, മഞ്ഞുമൂങ്ങ, മുയൽ, മസ്ക് ഓക്സ്, ലെമ്മിങ്ങുകൾ, ആർട്ടിക് ടേൺ, അണ്ണാൻ, റെയിൻ ഡിയർ എന്നിവയും ആർട്ടിക് പ്രദേശങ്ങളിൽ കാണപ്പെടുന്നു. ശൈത്യകാലത്ത് ഇവരിൽ ചിലർ കരഭാഗങ്ങളിലേക്ക് പാലായനം ചെയ്യും. സ്ഥിരവാസികളായ ഒട്ടേറെ മനുഷ്യർ ഇവിടെയുണ്ടെന്നത് ആർട്ടിക്കിനെ അന്റാർട്ടിക്കയിൽനിന്ന് വ്യത്യസ്തമാക്കുന്നു. എസ്കിമോകൾ, ലാപ്പ്സ്, ഇന്യൂട്ട്, ഇനുപിയത്, യുപിക്, ചുക്ച്ചി എന്നിങ്ങനെ ആയിരത്തിലേറെക്കൊല്ലം മുമ്പു മുതൽ ആർട്ടിക്കിൽ സ്ഥിരതാമസമാക്കിയവരുണ്ട്. പച്ചമാംസം കഴിച്ചു ജീവിക്കുന്ന, നാടോടികളായ എസ്കിമോകളും അവരുടെ മഞ്ഞുവീടായ ഇഗ്ലുവും പുറംലോകത്തിനു പരിചിതമാണ്.

∙ പാതിരാസൂര്യനും ധ്രുവരാത്രിയും

ഹിമാദ്രി
ഹിമാദ്രി

 ആർട്ടിക്കിലും അന്റാർട്ടിക്കിലും രാത്രിയും പകലും ദിവസവും മാറിമാറി വരാറില്ല. സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും രണ്ടിടത്തും വ്യത്യസ്തമായാണ്. തുടർച്ചയായി ആറുമാസം നീളുന്ന വേനൽക്കാലത്ത് അന്റാർട്ടിക്കയിൽ സൂര്യനസ്തമിക്കുന്നത് ഒരൊറ്റ തവണയാണ്. അതിനാൽ തന്നെ അവിടെ ആ സമയത്തു രാത്രികൾ ഇല്ല. തുടർന്നുവരുന്ന ആറുമാസം ശൈത്യകാലമാണ്. ആ ആറുമാസത്തിനിടയിൽ സൂര്യനുദിക്കുന്നത് ഒരേയൊരു പ്രാവശ്യം മാത്രമാണ്. അതായത് പൂർണ ഇരുട്ടായിരിക്കും അവിടം. അന്റാർട്ടിക്കയിൽ ഇങ്ങനെയാണെങ്കിലും ആർട്ടിക്കിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ഈ 6മാസത്തിലൊരിക്കൽ ഒരു ദിവസത്തേക്ക് സൂര്യൻ അടുത്ത ധ്രുവം വരെ പോയി വരും. അതായത്, സൂര്യനില്ലാത്ത വേനൽക്കാലത്തിന്റെ മധ്യത്തിൽ ജൂലായ് 21-ന് ആർട്ടിക് മേഖലയിൽ 24 മണിക്കൂറും സൂര്യപ്രകാശമുണ്ടാകും. ഇതിനെ പാതിരാസൂര്യൻ (മിഡ്നൈറ്റ് സൺ) എന്നു പറയുന്നു. അതുപോലെ തന്നെ ശൈത്യകാലത്തിന്റെ മധ്യത്തിൽ (ഡിസംബർ 21-ന്) 24 മണിക്കൂർ ഇരുട്ടുവീഴും. ഇതിനെ ധ്രുവരാത്രി (പോളാർ നൈറ്റ്) എന്നും. ഇതേ സമയം അന്റാർട്ടിക്കയിൽ ഡിസംബർ 21-ന് മുഴുവൻ സമയം വെളിച്ചവും ജൂലായ് 21-ന് ഇരുട്ടുമായിരിക്കും.

∙ അന്റാർട്ടിക്കയിൽ പഠിക്കാൻ ഇന്ത്യയും

himadri-india-s-first-permanent-arctic-research-station1

 അന്റാർട്ടിക്കയിൽ ശാസ്ത്രപരിവേഷങ്ങൾ ചെയ്യാനായി മാത്രമേ പ്രവേശിക്കാൻ സാധിക്കൂ. രാജ്യങ്ങളുടെ ഗവേഷണ ദൗത്യങ്ങൾക്കായി ശാസ്ത്രജഞർക്കും അവരെ സഹായിക്കാനുള്ള ആളുകൾക്കും മാത്രമാണ് പ്രവേശനം നൽകുന്നത്. അതും കഠിനമായ പരിശീലനങ്ങൾക്കും ഇന്റർവ്യൂകൾക്കും ഒടുവിൽ. അന്റാർട്ടിക്കയിൽ രണ്ടും ആർട്ടിക്കിൽ ഒരു പര്യവേക്ഷണ കേന്ദ്രവുമാണ് ഇന്ത്യയ്ക്കുള്ളത്. 1984ൽ സ്ഥാപിച്ച ദക്ഷിണ ഗംഗോത്രിയാണ് അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ പര്യവേക്ഷണ-ഗവേഷണ കേന്ദ്രം. മൈത്രി പണിയുന്ന സമയത്തു താമസിച്ച ക്യാംപാണ് ഗംഗോത്രി. ഇത് പിന്നീട് മഞ്ഞുമൂടിപ്പോയി. 1988-ൽ സ്ഥാപിച്ച മൈത്രിയും 2013ൽ സ്ഥാപിച്ച ഭാരതിയുമാണ് നിലവിലുള്ളത്. 

ഭൂഖണ്ഡത്തിന്റെ കിഴക്കും പടിഞ്ഞാറുമായി 3000കിലോമീറ്റർ ദൂരത്തിലാണ് ഇവ രണ്ടും നിലനിൽക്കുന്നത്. (കിഴക്ക് ഭാരതിയും, പടിഞ്ഞാറ് മൈത്രിയും)134 ഷിപ്പിങ് കണ്ടെയ്നറുകളെ പുനരുപയോഗിച്ചാണ് കേന്ദ്രം നിർമിച്ചിട്ടുള്ളത്. ഭൂമിയുടെ രേഖാശം കണക്കാക്കിയാൽ കൊച്ചിക്ക് സമമായാണ് ഭാരതി സ്ഥിതി ചെയ്യുന്നത്. അതായത് കൊച്ചിയിൽ നിന്ന് നേരെ തെക്കോട്ട് പോയാൽ അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ഭാരതി സ്റ്റേഷനിൽ എത്താം. പാക്കിസ്ഥാൻ സമയക്രമമാണ് അവിടെ ഫോളോ ചെയ്യുന്നത്. അതുപോലെ തന്നെ പാരിസിലെ ബെർലിന് സമാന്തരമായാണ് മൈത്രി സ്ഥിചെയ്യുന്നത്. ഇംഗ്ളണ്ടിന്റെ സമയക്രമം പാലിക്കുന്നു. ഹിമാദ്രിയെന്ന ഒരു ഗവേഷണകേന്ദ്രമാണ് ആർട്ടിക്കിൽ ഇന്ത്യയ്ക്കുള്ളത്. നോർവേയിലെ സ്വൽബാർഡിലാണിത്. ഉത്തരധ്രുവത്തിൽനിന്ന് 1200 കിലോമീറ്റർ അകലെ 2008ലാണ് സ്ഥാപിച്ചത്.

∙ പഠനം പലവിധം

ഇനിയും വെളിച്ചത്തുവരാത്ത ഒരായിരം രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ഇടമാണ് അന്റാർട്ടിക്ക. അതിനാൽ തന്നെ എല്ലാ മേഖലകളെക്കുറിച്ചുമുള്ള പഠനം ഇവിടെ നടക്കുന്നുണ്ട്. 6മാസം നീളുന്ന ഇരുട്ടിൽ ബഹിരാകാശ ഗവേഷണങ്ങൾക്കും വാനനിരീക്ഷണത്തിനും പറ്റിയ ഇടമാണ് ഇവിടം. അതിനായി നാസയുടെ വൻ ടെലിസ്കോപ്പുകളാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. അതുപോലെ തന്നെ മുഴുവൻ മഞ്ഞായതിനാൽ തന്നെ അന്റാർട്ടിക്കയിൽ കറുത്ത നിറത്തിൽ എന്തെങ്കിലും കണ്ടാൽ അത് ഇൽക്കയുടെ അവശിഷ്ടങ്ങളാകും. ഇതുവരെ ലഭിച്ചിട്ടുള്ളതിൽ 99% ഉൽക്കാ അവശിഷ്ടങ്ങളും ലഭിച്ചിട്ടുള്ളത് അന്റാർട്ടിക്കയിൽ നിന്നാണ്. ധ്രുവമായതിനാൽ ഭൂമിയുടെ കാന്തിക ശക്തിയും, അന്യഗ്രഹങ്ങളെക്കുറിച്ചുമെല്ലാം പഠിക്കാം. കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ തട്ടകമാണ് ഇവിടം. മഞ്ഞുമലകൾ ഉരുകുന്നതും സസ്യ വൈവിധ്യങ്ങളും മത്സ്യ ഗവേഷണവും ഓസോൺ പാളിയിലെ വലിയ ദ്വാരം അന്റാർട്ടിക്കയുടെ മുകളിലാണ്. അതിനെക്കുറിച്ചെല്ലാം ഗവേഷണങ്ങൾ നടക്കുകയാണ്. കിണറു കുഴിക്കുന്നതുപോലെ അന്റാർട്ടിക്കയെ തുരന്നു ചെന്നാൽ 4 കിലോമീറ്റർ വരെ ഐസും അതുകഴിഞ്ഞു പാറയും കാണാം. പാറയും കടന്നു ചെന്നാൽ കോടിക്കണക്കിനു വർഷങ്ങൾ മുൻപ് പാറയിൽ കുടുങ്ങിപ്പോയ വായുകണങ്ങളും ഫോസിലുകളും കണ്ടെത്താം. മഞ്ഞായതിനാൽ തന്നെ ഒന്നും നശിച്ചിട്ടുണ്ടാകില്ല. ഭൂമിയുടെ ഉൽപ്പത്തിയെക്കുറിച്ചുപോലും അവയിൽ നിന്നു പഠിക്കാം.

English Summary: Research Stations in Arctic and Antarctica

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com