ADVERTISEMENT

ഭൂമിയിൽ ചൂടു കുറഞ്ഞ് സകലതും തണുത്തുറഞ്ഞു പോകുന്ന ഹിമയുഗ പ്രതിഭാസം ഏറ്റവുമൊടുവിൽ 11,000 വർഷങ്ങൾക്കു മുൻപാണ് സംഭവിച്ചത്. അന്നിവിടെ ജീവിച്ചിരുന്നവയാണ് വളഞ്ഞുകൂർത്ത പല്ലുകളുള്ള ‘സീബർ–ടൂത്ത്ഡ്’ പുലികളും സമാനമായ ശരീരഘടനയുള്ള മാർജാരവിഭാഗത്തിലെ മറ്റു വമ്പൻ ജീവികളും. പലതരം കടുവകളും സിംഹവും ചീറ്റപ്പുലിയുമെല്ലാം ഇക്കൂട്ടത്തിൽപ്പെടും. പക്ഷേ ഇവയെല്ലാം വംശമറ്റു പോയി. മറ്റെല്ലാത്തിനെയും ഇല്ലാതാക്കിയ കൊടുംതണുപ്പിനെപ്പോലും  നേരിടാൻ ശേഷിയുണ്ടായിരുന്ന ഈ മൃഗങ്ങൾക്ക് എങ്ങനെ വംശനാശം സംഭവിച്ചു എന്നത് ദീർഘകാലമായുള്ള സംശയമായിരുന്നു. ഇത്തരം മൃഗങ്ങൾ ഇരകളാക്കിയിരുന്ന ചെറുജീവികളും മറ്റും ഇല്ലാതായി പട്ടിണി കിടന്നുള്ള മരണമാണ് ഇതിനുള്ള ഏറ്റവും പ്രബലമായ ഉത്തരമായി കരുതുന്നത്. 

 

lions-face-same-threats-extinct-ice-age-ancestors1
Image Credit: Shutterstock

ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടായിരിക്കണം മനുഷ്യൻ ജീവിക്കേണ്ടത്. അല്ലെങ്കിൽ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളും. അത്തരമൊരു ദുരന്തത്തിന് വൈകാതെ തന്നെ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മനുഷ്യനെ നേരിട്ട് ബാധിക്കുന്നതല്ല, പക്ഷേ പ്രകൃതി ഒരിക്കലും മാപ്പു തരാത്ത ഒരു കുറ്റകൃത്യമായിരിക്കും. മാർജാര വിഭാഗത്തിലെ വലിയ മൃഗങ്ങൾക്ക് ഹിമയുഗത്തിൽ സംഭവിച്ച അതേ വിധി തന്നെ പുതിയ കാലത്തിലും ആവർത്തിക്കാനിടയുണ്ടെന്നാണ് ഓക്സ്ഫഡ് സർവകലാശാലയിലെ വിദഗ്ധർ പറയുന്നത്. ഇതിനു കാരണമാകുന്നതാകട്ടെ കടുവയുടെയും പുലിയുടെയും സിംഹത്തിന്റെയുമെല്ലാം സ്വാഭാവിക ഇരകളായ ജീവികൾ ഇല്ലാതാകുന്നതും. 

 

ഹിമയുഗത്തിൽ ഈ പ്രശ്നം വന്നപ്പോൾ നാല് തരം സീബർ–ടൂത്ത്ഡ് പുലികളും, കേവ് അമേരിക്കൻ സിംഹങ്ങളും അമേരിക്കൻ ചീറ്റയുമാണ് വംശമറ്റു പോയത്. ഇരകളാക്കപ്പെടുന്ന ജീവികളുടെ എണ്ണം നിലവിലെ അവസ്ഥയിലാണ് കുറയുന്നതെങ്കിൽ വൈകാതെ തന്നെ ഹിമയുഗത്തിലെ മൃഗങ്ങളുടെ അതേഗതി തന്നെയായിരിക്കും കടുവകൾക്കും സിംഹങ്ങൾക്കുമെല്ലാം സംഭവിക്കുകയെന്നും ഗവേഷകർ പറയുന്നു. മനുഷ്യന്റെ വേട്ടയാടലും കാടുകയ്യേറ്റവുമൊക്കെയാണ് ഇത്തരത്തിൽ മറ്റു മൃഗങ്ങൾക്ക് ഇരകളെ നഷ്ടപ്പെടുത്തുന്നത്. 

 

സുമാത്രയിലെ കാടുകളിൽ മാത്രം കാണപ്പെടുന്ന സൻഡെ ക്ലൗഡഡ് പുലികളെപ്പോലെ  ചില പ്രത്യേകയിടങ്ങളെ കേന്ദ്രീകരിച്ചു ജീവിക്കുന്ന മൃഗങ്ങളെയാണ് ഇത് ഏറ്റവുമാദ്യം ബാധിക്കുക. മാർജാര വിഭാഗത്തിൽപ്പെട്ട വലിയ മൃഗങ്ങളിൽ ഭൂരിപക്ഷവും ഇത്തരത്തിൽ ഓരോ പ്രത്യേകയിടങ്ങളെ കേന്ദ്രീകരിച്ചു മാത്രം ജീവിക്കുന്നവയാണെന്നും ഓർക്കണം! ‘ഇര’കളുടെ എണ്ണം സംബന്ധിച്ച ഡേറ്റാബേസും വിദഗ്ധർ പരിശോധിച്ചു. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ ആഫ്രിക്കൻ സിംഹങ്ങൾ താമസിക്കുന്ന മേഖലയിലെ ഇരകളുടെ എണ്ണത്തിൽ 39 ശതമാനം വരെ കുറവുണ്ടാകും. സൻഡെ ക്ലൗഡഡ് പുലികളുടെ കാര്യത്തിലാണെങ്കിൽ അത് 37 ശതമാനവുമായിരിക്കും. ആ അവസ്ഥയിൽ മാർജാരന്മാരിലെ വമ്പന്മാർക്ക് അധികകാലം തുടരാനുമാകില്ല! പ്രത്യേക ആവാസവ്യവസ്ഥയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഈ രണ്ട് മൃഗങ്ങൾക്കുമാണ് കൂട്ടത്തിൽ വലിയ ഭീഷണി. പുറകെ കടുവകളും സിംഹങ്ങളും ചീറ്റപ്പുലിയുമെല്ലാം  പട്ടിണിയിലാകും! 

 

ഇതൊരു മുന്നറിയിപ്പായിത്തന്നെ ഗവേഷകർ നൽകിക്കഴിഞ്ഞു. ഇന്ത്യയ്ക്കും ഇത് ബാധകമാണ്. ഗുജറാത്തിലെ ഗിർവനങ്ങളെ കേന്ദ്രീകരിച്ച് ജീവിക്കുന്ന ഏഷ്യൻ സിംഹങ്ങൾക്കും ഇരകളില്ലാതാകുന്നത് ഭീഷണിയാകും. കടുവകളുടെ കാര്യത്തിൽ വേട്ടക്കാരിൽ നിന്നു തന്നെ രക്ഷപ്പെടാൻ അവ പാടുപെടുമ്പോഴാണ് ഇരകളും കൂടി ഇല്ലാതാകുന്ന അവസ്ഥ. കേരളത്തിൽ ഉൾപ്പെടെ കടുവകളുടെ എണ്ണം കുറയാതിരിക്കണമെങ്കിൽ അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക മാത്രമല്ല ആവശ്യമായ ഇരകളെക്കൂടി ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. വനനശീകരണവും വേട്ടയാടലും ഉൾപ്പെടെ തടയണം. സർക്കാർ തലത്തിൽ തന്നെ ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യമായി വരുമെന്നു ചുരുക്കം.

 

English Summary: Lions face same threats as extinct Ice Age ancestors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com