ADVERTISEMENT

തൃശൂർ ആളൂരിൽ കത്തിക്കരിഞ്ഞ വൃക്ഷചുവട്ടിൽ ആയൂർവേദ ചികിൽസ. നൂറിലേറെ വർഷം പഴക്കമുള്ള നാട്ടുമാവിനാണ് പരിസ്ഥിതി പ്രവർത്തകർ ആയൂർവേദ ചികിൽസ നടത്തിയത്. ആളൂർ ഇരിങ്ങാലക്കുട റോഡിന്റെ വശത്തായി തണൽ വിരിച്ചു നിൽക്കുന്നതാണ് നാട്ടുമാവ്. സാമൂഹികവിരുദ്ധർ നാട്ടുമാവിന്റെ ചുവട്ടിൽ തീയിട്ടു. വൃക്ഷത്തിന്റെ കടഭാഗം കത്തിക്കരിഞ്ഞു. നാട്ടുമാവ് നശിച്ച് കടപുഴകി വീഴാതിരിക്കാൻ ആയൂർവേദ ചികിൽസയായിരുന്നു പോംവഴി. ആളൂർ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെയാണ് ചികിത്സ ഒരുക്കിയത്. സംസ്ഥാന വനം വന്യജീവി ബോർഡ് അംഗവും വനമിത്ര പുരസ്കാര ജേതാവുമായ കോട്ടയം സ്വദേശി കെ.ബിനുവിന്റെ നേതൃത്വത്തിലാണ് നാലു മണിക്കൂർ നീണ്ട വൃക്ഷചികിത്സ ചെയ്തത്.

വൃക്ഷായുർവേദ വിധി പ്രകാരമുള്ള ചിതൽപുറ്റ്, വൃക്ഷത്തിന്റെ ചുവട്ടിലെ മണ്ണ്, പാടത്തെ ചളിമണ്ണ് ,പശുവിൻ ചാണകം, എന്നിവ കൂട്ടി കലർത്തി അതിൽ അരിപ്പൊടി,എള്ള്, രാമച്ചം പൊടിച്ചത്, കദളിപ്പഴം, നാടൻ പശുവിന്റെ നെയ്യ്, പാൽ,ചെറു തേൻ എന്നിവ കൂട്ടി കുഴച്ചു ചേർത്താണ് ഔഷധ കൂട്ട് തയാറാക്കിയത്. പതിനഞ്ചോളം ഇനം ഔഷധക്കൂട്ടുകൾ ഉപയോഗിച്ച് മാവിൽ തേച്ച് പിടിപ്പിക്കുകയും കോട്ടൺ തുണിയും ചണനൂലും ഉപയോഗപ്പെടുത്തി ഇവ കെട്ടി പൊതിഞ്ഞ് വയ്ക്കുകയുമായിരുന്നു.വൃക്ഷചികിത്സയുടെ ഉദ്ഘാടനം ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് നിർവഹിച്ചു.

പതിനാറിനം ആയൂർവേദ കൂട്ടൊരുക്കി വൃക്ഷ ആയൂർവേദ ചികിൽസ നടത്താനെത്തിയ ബിനുമാഷ് ഏഴുപതിലേറെ മരങ്ങൾ ഇങ്ങനെ സംരക്ഷിച്ചിട്ടുണ്ട്. പാടത്തെ മണ്ണും പച്ചചാണകവും ചില ആയൂർവേദ കൂട്ടുകളുമാണ് മാവിന്റെ കടഭാഗത്തു വച്ചുക്കെട്ടിയത്. നാട്ടുമാവ് ഉൾപ്പെടെ നാലു കൂറ്റൻ മരങ്ങൾ വഴിയോരത്തു നിന്ന് മാറ്റാൻ പലതരത്തിൽ സമ്മർദ്ദങ്ങളുണ്ടായി. നാട്ടുകാരും പരിസ്ഥിതി സ്നേഹികളും മരങ്ങൾ സംരക്ഷിക്കാൻ മുന്നോട്ടു വരികയായിരുന്നു.

ഇന്നലെ 5 ന് നടന്ന വൃക്ഷ സംരക്ഷണ ജനകീയ കൂട്ടായ്മ പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം.പ്രഭു ഉദ്ഘാടനം ചെയ്തു.ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ അധ്യക്ഷത വഹിച്ചു. പ്രഫ. കുസുമം ജോസഫ് വൃക്ഷ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി പ്രവർത്തകരായ എം.മോഹൻദാസ്, ബിഎംസി കൺവീനർ പി.കെ.കിട്ടൻ, അംഗങ്ങളായ രാജ് കുമാർ നമ്പൂതിരി ,റാഫി കലോറ്റുംകര, എന്നിവർ നേതൃത്വം നൽകി.

English Summary: Ayurveda treatment for Mango tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com