ADVERTISEMENT

സമുദ്രം ഒളിപ്പിച്ചു വച്ചിരിക്കുന്ന കൗതുകങ്ങൾ ഏറെയാണ്. ഏറെ നാളത്തെ  ശ്രമങ്ങൾക്കൊടുവിൽ അവയിൽ ചിലത് മനുഷ്യന്റെ കണ്ണിൽ പതിയുകയും  ചെയ്യും. അത്തരത്തിലൊരു കാഴ്ചയാണ് ഒരു കൂട്ടം ഗവേഷകർ  കലിഫോർണിയയിലെ മൊണ്ടേറെ ബേയിൽ സമുദ്രാന്തർഭാഗത്തുള്ള ഒരു മലയിടുക്കിൽ നിന്നും പകർത്തിയിരിക്കുന്നത്.  നിറംകൊണ്ടും ആകൃതികൊണ്ടും ഒറ്റനോട്ടത്തിൽ സ്ട്രോബറിയാണെന്ന് തോന്നുന്ന രൂപത്തിലുള്ള ഒരു കണവയുടെ ചിത്രമാണിത്. 

Marine scientists filmed the strawberry squid 2,378 feet deep in Monterey Canyon, off the coast of California
Image Credit: Monterey Bay Aquarium Research Institute

 

കടുംചുവപ്പ് നിറത്തിലുള്ള കണവയുടെ ശരീരത്തിൽ സ്ട്രോബറിയുടെ പുറത്തുള്ളത് പോലെ ചെറിയ പൊട്ടുകളുമുണ്ട്. ഇതുമൂലം സ്ട്രോബറി സ്ക്വിഡ് എന്നാണ് ഇവ അറിയപ്പെടുന്നത്. വെളിച്ചം തീരെ കടന്നെത്താത്ത സമുദ്രത്തിലെ ട്വിലൈറ്റ് സോൺ എന്നറിയപ്പെടുന്ന ഭാഗത്തുനിന്നുമാണ് ഇതിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന,  വെള്ളത്തിനടിയിലേക്ക് ഇറക്കുന്ന പ്രത്യേക ഹൈ റെസല്യൂഷൻ ക്യാമറ  2378 അടി ആഴത്തിലേക്ക് ഇറക്കി പകർത്തിയ ചിത്രങ്ങളാണിത്. 

Marine scientists filmed the strawberry squid 2,378 feet deep in Monterey Canyon, off the coast of California
Image Credit: Monterey Bay Aquarium Research Institute

 

ട്വിലൈറ്റ് സോണിൽ വെളിച്ചം തീരെ കുറവായതിനാൽ സമുദ്ര ജീവികൾ നിഴലുകൾ കണ്ടാണ് ഇരകളെ പിടിക്കുന്നത്. വെളിച്ചം കടന്നെത്താതുകൊണ്ടുതന്നെ പൊതുവേ സ്ട്രോബറി സ്ക്വിഡുകളുടെ ശരീരത്തിലെ കടുംചുവപ്പുനിറം  കറുപ്പായാണ് കാണപ്പെടുന്നത്. ഇതുമൂലം ഇരപിടിയാന്മാരായ സ്പേം വെയ്ൽ, ഡോൾഫിനുകൾ, ട്യൂണ മത്സ്യങ്ങൾ, സ്രാവുകൾ എന്നിവയിൽ നിന്നും ഒളിച്ചു നടക്കാനും ഇവയ്ക്ക് സാധിക്കുന്നു. നിഴൽ പതിക്കുന്ന പ്രദേശത്താണുള്ളതെങ്കിൽ  ശരീരത്തിൽ പൊട്ടുകൾപോലെ കാണപ്പെടുന്ന ഫോട്ടോപോർസുകൾ ഉപയോഗിച്ച് സ്വയം പ്രകാശിച്ച്  ഇരപിടിയന്മാരുടെ കണ്ണിൽപ്പെടാതിരിക്കാനുള്ള വിദ്യയും ഇവയ്ക്ക് വശമുണ്ട്. 

 

കണ്ണുകളാണ് ഈ ഇനത്തിൽപെട്ട കണവകളുടെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. സാധാരണ ജീവികളെ അപേക്ഷിച്ച്  സ്ട്രോബറി സ്ക്വിഡുകളുടെ രണ്ട് കണ്ണുകളും  വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലും ഉള്ളവയാണ്. വലതുഭാഗത്തുള്ള കണ്ണ് താരതമ്യേന ചെറുതാണ്. ഇത് നീലനിറത്തിലാണ് കാണപ്പെടുന്നത്. താഴേക്ക് ദൃഷ്ടി പതിപ്പിച്ച് ഇരകളെയും ഇരപിടിയന്മാരെയും  കാണാൻ ഈ കണ്ണ് സഹായിക്കും. എന്നാൽ ഇടം കണ്ണാവട്ടെ പച്ച കലർന്ന മഞ്ഞ നിറത്തിലാണ് കാണപ്പെടുന്നത്. അല്പം പുറത്തേക്ക് ഉന്തി നിൽക്കുന്ന രീതിയിലുള്ള ഈ കണ്ണിന് അധിക വലുപ്പവുമുണ്ട്. ചെമ്മീൻ, ചെറുമത്സ്യങ്ങൾ തുടങ്ങി  ഇരയാക്കാൻ പറ്റുന്ന ജീവികളുടെ നിഴലുകൾ കാണാൻ ഈ കണ്ണാണ് സഹായിക്കുന്നത്. 

 

സമുദ്രത്തിൽ ഇറക്കിയ ഉപകരണത്തിൽ നിന്നും പ്രകാശം പുറപ്പെടുവിച്ചാണ് സ്ട്രോബറി സ്ക്വിഡിന്റെ യഥാർത്ഥ നിറത്തിലള്ള ചിത്രങ്ങൾ പകർത്താൻ സാധിച്ചത്. ഇതിന്റെ ഉടലിന് 13 സെന്റീമീറ്റർ നീളമാണ് ഉള്ളതെന്ന് മോണ്ടറി ബേ അക്വേറിയം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിക്കുന്നു. എന്നാൽ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ട് പ്രകാരം 29 സെന്റിമീറ്റർ വരെ നീളമുള്ള സ്ട്രോബറി സ്ക്വിഡുകൾ സമുദ്രത്തിലുണ്ടെന്നാണ് കണ്ടെത്തൽ.

 

English Summary: Marine scientists filmed the strawberry squid 2,378 feet deep in Monterey Canyon, off the coast of California

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com