ADVERTISEMENT

കർശനമായ കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ വളർത്തുമൃഗങ്ങളെ കൊല്ലുന്ന ചൈനീസ് അധികൃതരുടെ നടപടിക്കെതിരെ രാജ്യാന്തര തലത്തി‍ൽ വ്യാപക പ്രതിഷേധം. ചൈനയിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന പ്രധാന നഗരമായ ഷാങ്ഹായിയിൽ ഒരു കോവിഡ് ബാധിതന്റെ വളർത്തു നായയെ ആരോഗ്യ പ്രവർത്തകൻ തല്ലിക്കൊല്ലുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.  ഷാങ്ഹായിയിലെ പുടോങ്ങിൽ കൈക്കോട്ട് ഉപയോഗിച്ച് നായയെ ആരോഗ്യപ്രവർത്തകൻ കൊല്ലുന്നതായിരുന്നു വിഡിയോയിൽ ഉള്ളത്. പിപിഇ കിറ്റ് ധരിച്ച നിലയിലായിരുന്നു ആരോഗ്യപ്രവർത്തകൻ. 

മരണവെപ്രാളത്തിൽ നായ കരയുന്നതിന്റെ ശബ്ദവും വിഡിയോയിലുണ്ടായിരുന്നു. ഇത്തരം നടപടികൾക്കെതിരെ വ്യാപകവിമർശനം വിഡിയോ കണ്ടവർ പ്രകടിപ്പിച്ചു. നായയുടെ ഉടമസ്ഥർക്ക് കോവിഡ് ബാധിച്ചിരുന്നു. ഇവരെ ബസിൽ കയറ്റി ക്വാറന്റീൻ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നതിനു മുൻപ് പ്രിയപ്പെട്ട നായയെ ഉടമസ്ഥർ തെരുവിലേക്കിറക്കിയിരുന്നു. തങ്ങൾ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുന്ന നാളുകളിൽ ഭക്ഷണം കിട്ടാതെ നായ ചത്തുപോകാതിരിക്കാനായിരുന്നു ഈ നടപടി. എന്നാൽ നായ വീടിനു സമീപം ചുറ്റിപ്പറ്റി നിന്നു. തന്റെ ഉടമസ്ഥരെ കൊണ്ടുപോയ വാഹനത്തിനു പിന്നാലെ ഇത് ഓടി. തുടർന്നാണ് ആരോഗ്യപ്രവർത്തകൻ കൈക്കോട്ട് ഉപയോഗിച്ച് ഇതിനെ കൊന്നത്. കോവിഡ് ബാധിതരുമായി സഹവാസത്തിലായിരുന്ന നായ കോവിഡ് പരത്തിയേക്കുമെന്ന ഭീതിയെത്തുടർന്നാണ് അതിനെ കൊന്നതെന്നാണു തദ്ദേശീയ ഭരണകൂടങ്ങൾ നൽകുന്ന വിശദീകരണം. 

ഉടമസ്ഥനു നഷ്ടപരിഹാരം നൽകുമെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധവുമായി രംഗത്തെത്തിയ ആളുകൾ, ഒരു ജീവനെ ക്രൂരമായി ഇല്ലാതാക്കിയിട്ട് നഷ്ടപരിഹാരം നൽകിയാൽ മതിയോ എന്ന ചോദ്യമുന്നയിച്ചു. കഴിഞ്ഞ വർഷവും ഇതേപോലൊരു സംഭവം ചൈനയിലുണ്ടായിരുന്നു. ഒരു കോവിഡ് ബാധിതൻ വളർത്തിയിരുന്ന നായയെ ഇരുമ്പുവടികൾ കൊണ്ടാണ് അന്ന് തല്ലിക്കൊന്നത്. ഈ സംഭവവും വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു.ആഴ്ചകൾക്കു മുൻപ് ഹാർബിൻ നഗരത്തിൽ മൂന്നു പൂച്ചകളെയും കോവിഡിനു തടയിടാനായി കൊന്നു. കോവിഡ് ഉത്ഭവിച്ചതിനു ശേഷം ഏറ്റവും രൂക്ഷമായ വ്യാപനമാണ് ഇപ്പോൾ ചൈനയിലുണ്ടായിരിക്കുന്നത്. ഇതിനു തടയിടാനായി സീറോ കോവിഡ് പോളിസി എന്ന പേരിൽ യാതൊരു 

വിട്ടുവീഴ്ചകളുമില്ലാത്ത നിയന്ത്രണങ്ങളാണ് ഷാങ്‌ഹായ് പോലുള്ള നഗരങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആഴ്ചകളായി ലോക്ഡൗണിലാണ് നഗരവാസികൾ. വളർത്തുമൃഗങ്ങളെയും ലോക്ഡൗണിന് വിധേയമാക്കണമെന്നും പുറത്തുവിടരുതെന്നും കർശന നിർദേശമുണ്ട്. കോവിഡ് ബാധിതരുടെ വളർത്തുമൃഗങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്കു കോവി‍ഡ് പകരുമെന്ന ഭീതി മൂലം ഇവയെ കൊന്നൊടുക്കാൻ ചൈനീസ് അധികൃതർ ശ്രമങ്ങൾ നടത്തുന്നെന്ന അഭ്യൂഹം ഇടയ്ക്ക് പ്രചരിച്ചിരുന്നു. വടക്കൻ ചൈനീസ് നഗരമായ ലാങ്ഫാങ്ങിലെ നഗരസഭാ അധികൃതർ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വലിയ പ്രതിഷേധം ഇതിനെതിരെ ഉടലെടുത്തതിനെത്തുടർന്ന് അധികാരികൾ ഉത്തരവ് മരവിപ്പിച്ചു. 

 

English Summary: China: Guard beats a dog to death over Covid fears after its owner tests positive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com