ADVERTISEMENT

അന്യഗ്രഹജീവികൾ ഉപേക്ഷിച്ചു പോയ വസ്തുവാണോ? അതോ കടൽ ചെകുത്താനോ? അതുമല്ലെങ്കിൽ വലിയ മത്സ്യത്തിന്റെ അവശിഷ്ടമാണോ? പറഞ്ഞുവരുന്നത് വിക്ടോറിയയിലെ ടോർക്വേ കടൽ തീരത്തടി‍ഞ്ഞ അദ്ഭുത വസ്തുവിനെക്കുറിച്ചുള്ള ആളുകളുടെ ഊഹാപോഹങ്ങളാണ്. കഴിഞ്ഞ ആഴ്ചയാണ് കടൽ തീരത്ത് വിചിത്ര വസ്തു അടിഞ്ഞത്. നിറയെ കക്കകൾക്കു സമാനമായ വെളുത്ത വസ്തുക്കൾ പറ്റിപ്പിടിച്ചിരിക്കുന്ന ഈ അപൂർവ വസ്തു എന്താണെന്ന് പ്രദേശവാസികൾ തിരിച്ചറിഞ്ഞിട്ടില്ല. വേലിയേറ്റത്തിൽ കരയ്ക്കടിഞ്ഞതാകാമെന്നാണ് നിഗമനം.

 

പ്രദേശവാസിയായ ഡെൽഫിനോ മാഗിയാണ് ഈ വസ്തുവിന്റെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. ഇതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയായിരുന്നു. സമുദ്ര ഗവേഷണ വിഭാഗത്തിന്റെ നിഗമനമനുസരിച്ച് കടലിലൂടെ ഒഴുകി നടന്ന തടിയിൽ ഗൂസ്നെക്ക് വിഭാഗത്തിൽ പെട്ട കക്കകൾ പറ്റിപ്പിടിച്ചതാണിതെന്നാണ്. മറ്റെല്ലാ കടൽകക്കകളേയും പോലെ ഇവയും കടലിൽ സാധാരണമാണ്. വലിയ പാറകളിലും  തടിക്കഷണങ്ങളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ജീവികളാണിവ. ശരീരത്തിൽ നിന്നു പുറപ്പെടുവിക്കുന്ന ചില രാസവസ്തുക്കൾ ഉപയോഗിച്ച് തടിയിൽ പറ്റിപിപിടിച്ച് ചെടിയുടെ തണ്ടുകൾക്കു സമാനമായ വസ്തു നിർമിച്ചാണ് ഈ ലാർവകൾ വളരുന്നത്. തണ്ടിലൂടെയാണ് അവയ്ക്കാവശ്യമായ ആഹാരം ലഭിക്കുന്നതും. കടലിനടിയിൽ പാറകളിലും തടിയിലുമായി കൂട്ടമായാണ് ഇവ കാണപ്പെടുന്നത്. 

 

കക്കകൾ ഉൽപാദിപ്പിക്കുന്ന ഈ അപൂർവ പശ ഗവേഷകർക്കേറെ പ്രിയപ്പെട്ട വിഷയമാണ്. ലാർവകളായിരിക്കുമ്പോൾ പാറകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കാനായി ഇവ പ്രകൃതിദത്തമായി ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന എണ്ണ പോലുള്ള രാസസ്തുവാണിത്. ഈ പശയുപയോഗിച്ചാണ് ഇവ പാറകളിലും മറ്റു വസ്തുക്കളിലും പറ്റിപ്പിടിച്ചു വളരുന്നത്. ടോർക്വേ കടൽ തീരത്തടി‍ഞ്ഞതിനു പകരം  ഗൂസ്നെക്ക് കക്കകൾ വല്ല സ്പെയിനിലോ പോർച്ചുഗലിലോ അടിഞ്ഞിരുന്നെങ്കിൽ എപ്പോൾ തീൻമേശയിൽ എത്തിയെന്നു ചോദിച്ചാൽ മതി.കാരണം അവിടുത്തെ രുചികരമായ വിഭവങ്ങളിലൊന്നാണിത്. 

 

English Summary: Bizarre Sea Creatures Found On Torquay beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com