ADVERTISEMENT

കൈയില്‍ കിട്ടുന്ന എന്തിനെയും കടിച്ചു കീറുന്ന ഭീകരന്‍മാരാണ് മുതലകൾ. ഈ ഭീകൻമാരെ വരെ വളർത്തുന്ന ഫാമുകളുണ്ട് കെനിയയിൽ. ഇത്തരം ഫാമിൽ നിന്നാണ് കഴിഞ്ഞ ദിവസം  കടുത്ത പ്രളയത്തിൽ വശംകെടുന്ന ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നേറ്റൽ പ്രവിശ്യയിൽ നിന്നും മുതലകള്‍ പുറത്തുചാടിയത്. അതീവ അപകടകാരികളായ നൈല്‍ മുതലകളെയാണ് ഫാമുകളിൽ വളർത്തുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ മുതലകളാണ് നൈല്‍ മുതലകള്‍. കൃത്യമായ കണക്കു ലഭ്യമല്ലെങ്കിലും ഒരു വര്‍ഷം ചുരുങ്ങിയത് 100 മനുഷ്യരുടെ മരണത്തിനെങ്കിലും കാരണമാകുന്നവരാണിവർ‍. എന്നാല്‍ ഈ മുതലകളെ പണം കായ്ക്കുന്ന മരമാക്കി മാറ്റിയിരിക്കുകയാണു കെനിയയിലെ ഫാമുകള്‍. ഒന്നും രണ്ടുമല്ല ലക്ഷക്കണക്കിനു മുതലകളാണ് ഇത്തരം ഫാമുകളില്‍ വളരുന്നത്. കെനിയയിലെ ഏറ്റവും വലിയ ഫാമില്‍ മാത്രം വളര്‍ത്തുന്നത് 33000 ത്തോളം മുതലകളെയാണ്.

 

വെളുത്ത നിറത്തില്‍ കോഴിയിറച്ചിയുടെ രുചിയോട് സാമ്യമുള്ള മുതലയുടെ ഇറച്ചിക്ക് ചൈനയില്‍ ആവശ്യക്കാരേറെയാണ്. ചൈനയിലേക്കുള്ള ഇറച്ചി കയറ്റുമതിയാണ് ഫാമുകളുടെ മുഖ്യവരുമാനം. ഇതില്‍ നിന്നു മാത്രം 100 ശതമാനം ലാഭം ഫാമുകള്‍ക്കുറപ്പാണ്. ഇതിനു പുറമെയാണു മുതലയുടെ തോല്‍ കയറ്റുമതിയിലൂടെയുള്ള ലാഭം.  ഷൂവും ബാഗും ഉള്‍പ്പടെ മുതലയുടെ തോല്‍ കൊണ്ടു നിര്‍മ്മിച്ച ഉൽപന്നങ്ങള്‍ക്കും രാജ്യാന്തര വിപണിയിൽ വന്‍ ഡിമാന്‍റാണ്.

 

മതിലുക്കെട്ടുകള്‍ക്കകത്ത് വലിയ ടാങ്കുകൾ നിർമ്മിച്ചാണ് മുതലകളെ വളര്‍ത്തുന്നത്. ഒരുമതില്‍ക്കെട്ടിനുള്ളില്‍ 100 മുതലകള്‍ വരെ ഉണ്ടാകും. എട്ടു വയസ്സിനു മേല്‍ പ്രായമുള്ള മുതലകളെ മാത്രമേ ഇറച്ചിക്കു വേണ്ടി കൊല്ലുകയുള്ളു. ഒരു ദിവസം ശരാശരി 3-4 മുതലകളെയാണ് കൊല്ലുക. മുതലകളുടെ മുട്ടകള്‍ ശേഖരിച്ചു വിരിയിക്കാന്‍ ഇവിടെ പ്രത്യേക സംവിധാനമുണ്ട്. പണം വാരാമെങ്കിലും അത്ര സുരക്ഷിതമല്ല മുതല വളര്‍ത്തല്‍. ശ്രദ്ധിച്ചില്ലെങ്കില്‍ ഫാമിലെ ജീവനക്കാരുടെ ജീവന്‍ തന്നെ അപകടത്തിലാകും. മുതലളോട് പുറം തിരിഞ്ഞു നില്‍ക്കരുത് , മതില്‍ക്കെട്ടിനുള്ളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുത് തുടങ്ങി കര്‍ശന നിയന്ത്രണങ്ങള്‍ ജീവനക്കാര്‍ക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഈ വര്‍ഷം 4 ജീവനക്കാരാണ് വിവിധ ഫാമുകളിലായി മുതലകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അംഗഭംഗം വന്നവര്‍ വേറെയും.

 

നിരവധി മുതല ഫാമുകളാണ് കെനിയയില്‍ ഇപ്പോഴുള്ളത്. പുതിയ അപേക്ഷകള്‍ പരിഗണനയിലുമുണ്ട്. കെനിയയില്‍ മാത്രമല്ല സാംബിയ, സിംബാബ്‌വെ എന്നിവിടങ്ങളിലും മുതലഫാമുകള്‍ സജീവമാണ്. വര്‍ഷം 22 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്തു രേഖപ്പെടുത്തുന്നത്. ചൈന കഴിഞ്ഞാല്‍ തയ്‌വാന്‍, മിഡില്‍‍ ഈസ്റ്റ് എന്നിവിടങ്ങളിലാണ് മുതല ഇറച്ചിക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. 

 

English Summary: | Kenya's booming crocodile farm industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com