ADVERTISEMENT

കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ വനപാലകരും സന്ദർശകരും രണ്ടു ദിവസം മുൻപ് അത്യപൂർവമായ ഒരു കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. കാട്ടാനക്കൂട്ടത്തിൽ ഒന്ന് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കാഴ്ചയായിരുന്നു അത്.  അമ്മയാനയുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

 

കാട്ടാനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന  ഗർഭിണിയായ പിടിയാനയ്ക്ക് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. പ്രസവം നടക്കാൻ ബുദ്ധിമുട്ടായതിനെത്തുടർന്ന് ആന അല്പം അകലെയുള്ള ഒരു വെള്ളക്കെട്ടിലേക്ക് നീങ്ങി. വെള്ളത്തിനുള്ളിലേക്ക് ഇറങ്ങിയശേഷം ആയിരുന്നു പ്രസവം. നിമിഷങ്ങൾക്കകം അമ്മയ്ക്ക് അരികിലായി രണ്ടു കുട്ടിയാനകൾ നീന്തിത്തുടിക്കുന്ന കാഴ്ചയാണ്  കണ്ടത്. 

 

ആനകൾക്ക് പ്രസവത്തിൽ ഒന്നിലധികം കുട്ടികൾ ഉണ്ടാവുന്നത് അപൂർവമാണ്. അതിനാൽ നിമിഷങ്ങൾക്കകം ഈ അപൂർവ സംഭവം വാർത്തയായി. അതോടെ സന്ദർശകർ വെള്ളക്കെട്ടിന് സമീപത്തേക്ക് കൂട്ടമായി എത്തിത്തുടങ്ങുകയും ചെയ്തു. പ്രസവത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളിൽ നിന്നും  മുക്തയാകാത്ത അമ്മയാന ജനങ്ങളുടെ സാന്നിധ്യം മൂലം 

കരയിലേക്ക് കയറാൻ മടിച്ചു നിൽക്കുകയായിരുന്നു. 

 

ആനക്കുട്ടികളും അമ്മയ്ക്കാപ്പം വെള്ളത്തിൽ തന്നെ നിലയുറപ്പിച്ചു. മൂന്ന് ആനകളും കരയിലേക്ക് കയറാൻ കൂട്ടാക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ വനപാലകർ ജനങ്ങളെ അവിടെനിന്നും ദൂരേക്ക് മാറ്റി. ഇതോടെ കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന്  മനസ്സിലായ അമ്മയാന കരയിലേക്കു കയറി കുഞ്ഞുങ്ങളെയും കരയ്ക്ക് കയറാൻ സഹായിച്ചു.  സന്ദർശകർ പകർത്തിയ ഇവയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടുന്നത്. 

 

അധികം വൈകാതെ കുഞ്ഞുങ്ങളുമായി അമ്മയാന ആനക്കൂട്ടത്തിനൊപ്പം ചേരുകയായിരുന്നു. കുഞ്ഞുങ്ങളെ ശല്യപ്പെടുത്താൻ ആഗ്രഹമില്ലാത്തതിനാൽ അവയുടെ സഞ്ചാരഗതി നിരീക്ഷിക്കുന്നില്ലെന്ന് കടുവാ സങ്കേതത്തിന്റെ ഡയറക്ടറായ രമേശ് കുമാർ പറയുന്നു. ഇത് രണ്ടാംതവണയാണ് ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ഇരട്ട ആനകുഞ്ഞുങ്ങൾ പിറന്നുവീഴുന്നത്. 1994 ലായിരുന്നു ആദ്യ ഇരട്ടകളുടെ ജനനം.

 

രണ്ടു കുട്ടിയാനകളുടെയും വളർച്ച അടുത്തു നിരീക്ഷിക്കണം എന്ന അഭിപ്രായമാണ് മൃഗസംരക്ഷണ പ്രവർത്തകർ പ്രകടിപ്പിക്കുന്നത്. നാട്ടാനകളിൽ ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. എന്നാൽ കാട്ടാനകൾക്കിടയിൽ ഇതിനുള്ള സാധ്യത കൂടുതലുമാണ്. എന്നാൽ സാഹചര്യങ്ങളെ അതിജീവിച്ച് ഇവയ്ക്ക് നിലനിൽക്കാനുള്ള സാധ്യത എത്രത്തോളമെന്ന് തിരിച്ചറിയണമെങ്കിൽ കൂടുതൽ പഠനം ആവശ്യമാണെന്നാണ് വിദഗ്ധരുടെ പക്ഷം.

 

English Summary: Wild elephant gives birth to twin calves at Bandipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com