ADVERTISEMENT

മേഘങ്ങള്‍ ഉണ്ടാകുന്നത് സൂര്യതാപമേറ്റുയരുന്ന നീരാവികളില്‍ നിന്നാണ്. അതേസമയം മഞ്ഞുപാളികളാല്‍ നിറഞ്ഞ അന്‍റാര്‍ട്ടിക്കില്‍ നീരാവിക്കൊപ്പം മഞ്ഞും മേഘങ്ങളില്‍ ചെന്നെത്താറുണ്ട്. ഇങ്ങനെ നീരാവിയും മഞ്ഞും ഇടകലര്‍ന്ന് നില്‍ക്കുന്ന മേഘങ്ങള്‍ ഭൂമിയിലെ കാലാവസ്ഥാ നിയന്ത്രണത്തില്‍ ചെറുതല്ലാത്ത പങ്കും വഹിക്കുന്നുണ്ട്. ഇതിന് പ്രധാന കാരണം ഈ മേഘങ്ങള്‍ പ്രതിഫലിപ്പിച്ച് തിരികെ അയയ്ക്കുന്ന വലിയ അളവിലുള്ള സൂര്യരശ്മികള്‍ തന്നെയാണ്. പുതിയ പഠനത്തിലൂടെ ഈ മേഘങ്ങളിലുണ്ടാകുന്ന മാറ്റവും അത് കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും നിരീക്ഷിക്കുകയാണ് ഒരു സംഘം ഗവേഷകര്‍

 

ഉപഗ്രഹപഠനത്തിലൂടെ ലഭിച്ച വിവരങ്ങളും അന്‍റാര്‍ട്ടിക്കിലെ മേഘങ്ങളെക്കുറിച്ചുള്ള പഴയ കണക്കുകളും ചേര്‍ത്തു വച്ചായിരുന്നു ഗവേഷകരുടെ പഠനം.  ഈ മേഖലയിലെ മേഘങ്ങള്‍ക്കുണ്ടാകുന്ന മാറ്റം എങ്ങനെ കാലാവസ്ഥയെ സ്വാധീനിക്കുന്നു എന്ന മാതൃക തയാറാക്കുകയായിരുന്നു ഗവേഷകരുടെ ശ്രമം. ഈ പഠനത്തിനിടയിലാണ് സെക്കന്‍ഡറി ഐസ് പ്രൊഡക്ഷന്‍ എന്ന പ്രതിഭാസം ഇവര്‍ തിരിച്ചറിഞ്ഞത്. അന്‍റാര്‍ട്ടിക് മേഘങ്ങളില്‍ മഞ്ഞു കണങ്ങളുടെ സാന്നിധ്യം കൂടിവരുന്നതാണ് ഈ പ്രതിഭാസം. ഇതോടെ മേഘങ്ങളിലെ ജലകണങ്ങളുടെ അളവ് ഗണ്യമായി കുറയുന്നതായും ഗവേഷകര്‍ കണ്ടെത്തി.

 

Image Credit: Shutterstock
Image Credit: Shutterstock

ഹാലറ്റ് മെസോപ്പ് റൈം സ്പ്ലിന്‍ററിങ് എന്നാണ് ഈ പ്രതിഭാസത്തെ ഗവേഷകര്‍ ശാസ്ത്രീയമായി വിശേഷിപ്പിക്കുന്നത്. ഈ പ്രതിഭാസം മൂലം അന്‍റാര്‍ട്ടിക് മേഘങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സൂര്യരശ്മികളുടെ അളവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അതായത് ഈ മേഘങ്ങളെ മറികടന്ന് ഇപ്പോള്‍ കൂടുതല്‍ സൂര്യരശ്മികള്‍ ഭൂമിയിലേക്കെത്തുന്നുണ്ട്. ഇവ സമുദ്രതാപം ഉയര്‍ത്തുന്നതിനും അതുവഴി ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനത്തിനെ സ്വാധീനിക്കുന്നതിനും ഇടയാക്കുമെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്.

 

അന്‍റാര്‍ട്ടിക് സമുദ്രം

ലോകത്തിലെ തന്നെ സമുദ്രങ്ങളില്‍ ഏറ്റവും അധികം താപാഗീരണ ശേഷിയുള്ളതാണ് തെക്കന്‍ സമുദ്രം അഥവാ അന്‍റാര്‍ട്ടിക് സമുദ്രം. എന്നാല്‍ ഈ ആഗീരണ ശേഷി അന്തരീക്ഷ സാഹചര്യത്തെ കൂടി അനുസരിച്ചായിരിക്കും. അതായത് സാധാരണ ഗതിയില്‍ മേഘങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സൂര്യതാപത്തിന് ശേഷം അതിനെയും മറികടന്ന് ഭൂമിയിലേക്കെത്തുന്ന സൂര്യതാപമാണ് തെക്കന്‍ സമുദ്രത്തിന് ആഗിരണം ചെയ്യേണ്ടി വരിക. അതേസമയം മാറുന്ന സാഹചര്യത്തില്‍ മേഘങ്ങളുടെ പ്രതിഫലന ശേഷി കുറയുന്നതോടെ ഇപ്പോള്‍ ഭൂമിയിലേക്കെത്തുന്ന സൂര്യതാപം അന്‍റാര്‍ട്ടിക് സമുദ്രത്തിന് അധിക ജോലി ഭാരമാണ്. 

 

ഉദാഹരണത്തിന് മേഘങ്ങളുടെ താപനില മൈനസ് 3 ഡിഗ്രി സെല്‍ഷ്യസിനും മൈനസ് 8 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണെങ്കില്‍ ഇതിനെ മറികടന്ന് വരുന്ന സൂര്യതാപം ഏതാണ്ട് 10 വാട്ടിന് തുല്യമായ ചൂട് ഒരു ചതുരശ്ര മീറ്റര്‍ സമുദ്രജലത്തിലേക്കെത്തിക്കുമെന്നാണ് കണക്കാക്കുന്നത്. മഞ്ഞ് കൂടുതല്‍ രൂപപ്പെടുന്നതോടെ ഇവ കനം കൂടി മഞ്ഞുകട്ടകള്‍ തന്നെ ഭൂമിയിലേക്ക് പതിക്കാറുണ്ട്. ഇത് മേഘത്തിലെ ജലാംശം വലിയ തോതില്‍ കുറയുന്നതിനും കൂടുതല്‍ താപം സമുദ്രത്തിലേക്കെത്തുന്നതിനും കാരണമാകും.

 

രൂപം മാറുന്ന മേഘങ്ങള്‍

മേഘങ്ങളില്‍ മഞ്ഞ് നിറയുന്നത് അവയുടെ രൂപത്തേയും ബാധിക്കും. ഈ രൂപമാറ്റവും സമുദ്രതാപം ഉയര്‍ത്തുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ഞുനിറയുമ്പോള്‍ മേഘങ്ങളുടെ വിസ്തൃതിയില്‍ കുറവുണ്ടാകും. ഇതാകട്ടെ മേഘങ്ങള്‍ സൂര്യരശ്മികള്‍ പ്രതിഫലിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും. ഇതോടെ കൂടുതല്‍ താപം കടലിലേക്കെത്തുന്നതിന് കാരണമാകും.വേനല്‍ക്കാലത്താണ് സാധാരണഗതിയില്‍ ഏറ്റവുമധികം മേഘപടലങ്ങള്‍ അന്‍റാര്‍ട്ടിക്കിന് മുകളില്‍ രൂപപ്പെടാറുള്ളത്. ഇത് വേനല്‍ക്കാലത്ത് മേഘലയിലെ മഞ്ഞുപാളികള്‍ സംരക്ഷിക്കുന്നതില്‍ വലിയ പങ്കും വഹിച്ചിരുന്നു.

 

ഇപ്പോള്‍ നിരീക്ഷിച്ചിരിക്കുന്ന മാറ്റങ്ങള്‍ അതുകൊണ്ട് തന്നെ ഭാവിയില്‍ മേഖലയിലെ മഞ്ഞുപാളികളുടെ വലിയ തോതിലുള്ള ഉരുകലിനും കാരണമായേക്കാമെന്നും ഗവേഷകര്‍ കരുതുന്നു. ഇപ്പോള്‍ തന്നെ അന്‍റാര്‍ട്ടിക്കിലെ മഞ്ഞുപാളികള്‍ നേരിടുന്ന ഉരുകല്‍ പ്രതിഭാസത്തിന് പിന്നിലും മേഘങ്ങളിെലെ ഈ മാറ്റങ്ങള്‍ക്ക് പങ്കുണ്ടാകുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കാനിടയുള്ള മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ ഈ പഠനം സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

 

English Summary: There's Something Different About Clouds in Antarctica, And It Could Be Important

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com