വായില്‍ മണ്ണ് നിറഞ്ഞ്, ഉടല്‍ വേര്‍പെട്ട്, കണ്ണ് പൊട്ടി പ്രേതപാവകൾ; ടെക്സസ് തീരത്ത് സംഭവിക്കുന്നത്?

We Need To Talk About All The Nightmarish Dolls Washing Up In Texas
Image Credit: Mission-Aransas Reserve/Facebook
SHARE

അപൂര്‍വ ഇനത്തില്‍ പെട്ട ജീവികളുടെ മൃതശരീരങ്ങള്‍ മുതല്‍ മനുഷ്യനിര്‍മിതമായ അവശിഷ്ടങ്ങള്‍ വരെ വന്നടിയുന്നവയാണ് കടല്‍ത്തീരങ്ങള്‍. അതുകൊണ്ടുതന്നെ ഏതാനും പാവകള്‍ കടൽത്തീരത്ത് എത്തിപ്പെട്ടാല്‍ അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. എന്നാല്‍ ടെക്സസിലെ തീരപ്രദേശത്ത് വന്നടിഞ്ഞ ഒരു കൂട്ടം പാവകള്‍ നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ശപിക്കപ്പെട്ട പാവകള്‍ എന്ന് വിളിക്കപ്പെടുന്ന ഇവ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പല തവണകളായാണ് ടെക്സസ് തീരത്തെത്തിയത്. ഇതുവരെ ഇങ്ങനെ എത്തിപ്പെട്ട 24 ഓളം പാവകളെയാണ് ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നത്. 

ടെക്സസിലെ മിഷന്‍ അറന്‍സാസ് റിസേര്‍വ് എന്ന സംരക്ഷിത മേഖലയിലാണ് ഈ പാവകള്‍ വന്നടിയുന്നത്. ഏതാണ്ട് 64 കിലോമീറ്റര്‍ നീണ്ട് കിടക്കുന്ന ഈ തീരപ്രദേശത്ത് മണലില്‍ കൂടുതല്‍ പാവകള്‍ ഉണ്ടാകാമെന്നാണ് നിഗമനം. ടെക്സസ് മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പാവകളുടെ സൂക്ഷിപ്പുകാര്‍. ഏറെ നാള്‍ കടലില്‍ കിടന്നത് മൂലം രൂപവും നിറവും മാറി, പല ഭാഗങ്ങളും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ പാവകള്‍. അതുകൊണ്ട് തന്നെ ഏതോ ഹൊറര്‍ ഹോളിവുഡ് സിനിമയ്ക്ക് വേണ്ടി തയാറാക്കിതു പോലെയാണ് ഇവ കാണപ്പെടുന്നതും. ഇക്കാരണത്താലാണ് പ്രേത പാവകള്‍ എന്ന് ഇവയെ വിളിക്കുന്നത്.

വായില്‍ മണ്ണ് നിറഞ്ഞ്, ഉടല്‍ വേര്‍പെട്ട്, ഒരു കണ്ണ് പൊട്ടിയ പാവ മുതല്‍, ഒരു കണ്ണില്‍ മത്സ്യത്തിന്‍റെ അവശിഷ്ടം കുടുങ്ങിയ പാവ വരെ ഇക്കൂട്ടത്തിലുണ്ട്. ഈ പാവകളെല്ലാം ഒരേ ഗണത്തില്‍ പെടുന്നവയല്ല. കുട്ടികള്‍ക്കുള്ള കളിപ്പാവ മുതല്‍ സെക്സ് ടോയ് വരെ ഈ ശേഖരത്തിൽ  ഉള്‍പ്പെടുന്നു. തലമുടിയും മറ്റ് പല ശരീരഭാഗങ്ങളും നഷ്ടപ്പെട്ടത് മൂലം ഈ പാവകളുടെ ശേഖരം വളരെ വിചിത്രമായാണ് കാഴ്ചക്കാര്‍ക്ക് തോന്നുക. ഈ പ്രത്യേകത മൂലം പാവകളില്‍ ആകൃഷ്ടരാകുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ ലേലം നടത്തി ഫണ്ട് ശേഖരണം നടത്തുന്നതിനെ കുറിച്ച് മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകര്‍ ആലോചിക്കുന്നുണ്ട്.

എന്തുകൊണ്ട് ടെക്സസ് തീരം?

പാവകള്‍ മാത്രമല്ല മറ്റ് പല മലിനവസ്തുക്കളും വലിയ തോതില്‍ വന്നടിയുന്ന തീരമാണ് ടെക്സസിന്‍റേത്. സമീപത്തെ ഫ്ലോറിഡ, മിസിസിപ്പി തീരമേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടെക്സസ് തീരത്ത് വന്നടിയുന്ന മാലിന്യത്തിന്‍റെ തോത് ഏതാണ്ട് പതിന്‍മടങ്ങാണ്. ഇതിന് പ്രധാന കാരണം ടെക്സാസ് തീരത്തേക്കുള്ള പൈപ്പ് ലൈന്‍ പോലെ പ്രവര്‍ത്തിക്കുന്ന തിരമാലകളാണ്. ലൂപ്പ് കറന്‍റ് എന്നറിയപ്പെടുന്ന ഒഴുക്കും തിരമാലകളും ചേര്‍ന്ന് സൃഷ്ടിക്കുന്ന പ്രതിഭാസമാണ് വലിയ തോതില്‍ ഈ മേഖലയിലേക്ക് മാലിന്യമെത്തിക്കുന്നത്. 

പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതേസമയം ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റുന്ന ചെറിയ ജീവികളുമുണ്ട്. കക്കകള്‍ പോലുള്ള ചെറു ജീവികള്‍ ഈ പാവകളില്‍ ആവാസവ്യവസ്ഥ കണ്ടെത്തുന്നത് ഈ അവസരങ്ങള്‍ക്ക് ഉദാഹരണമാണ്. ഈ ചെറുജീവികള്‍ സൃഷ്ടിച്ച മാറ്റങ്ങളും തീരത്തടിഞ്ഞ പാവകള്‍ക്ക് വ്യത്യസ്ത രൂപം നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 

English Summary: We Need To Talk About All The Nightmarish Dolls Washing Up In Texas

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA