ADVERTISEMENT

യുക്രെയ്‌ന്റെ തലസ്ഥാനമായ കീവിനു സമീപമുള്ള ഗ്രാമമായ ഡെമിഡീവിലെ പ്രളയം ചർച്ചയാകുകയാണ്. യുക്രെയ്‌നിയൻ സൈന്യം രണ്ടുമാസം മുൻപ് അണക്കെട്ട് തുറന്നുവിട്ടതിനാലാണു പ്രളയം സംഭവിച്ചത്. ഇതോടെ മേഖലയിലൂടെ ഒഴുകുന്ന ഇർപിൻ നദി കരകവിഞ്ഞ് ഗ്രാമം വെള്ളത്തിൽ മുങ്ങുകയും ആയിരക്കണക്കിന് ഏക്കറോളം താമസ, കൃഷിഭൂമി നശിക്കുകയും ചെയ്തു. സംഭവിച്ച നഷ്ടങ്ങൾക്കിടയിലും മുന്നോട്ടു മാർച്ച് ചെയ്യുന്ന റഷ്യൻ സേനയെയും ടാങ്ക് ഉൾപ്പെടെയുള്ള ആയുധവിന്യാസത്തെയും തടഞ്ഞുനിർത്താനായതിന്റെ ചാരിതാർഥ്യത്തിലാണ് യുക്രെയ്ൻ. തലസ്ഥാനമായ കീവ് പിടിക്കാനായി ഡെമിഡീവ് വഴി മുന്നേറ്റം നടത്തുന്നതിൽ നിന്നു റഷ്യയെ തടഞ്ഞതിൽ നിർണായകമായ ഒരു പങ്ക് ഈ സംഭവത്തിനുണ്ടെന്നു കരുതപ്പെടുന്നു. ഇർപിൻ നദിക്ക് ഇതോടെ നായകതുല്യമായ പരിവേഷമാണ് യുക്രെയ്ൻ ജനതയ്ക്കിടയിൽ വന്നുചേർന്നത്. ഹീറോ റിവർ എന്ന ബഹുമതി ഇർപിൻ നദിക്ക് നൽകണമെന്ന് യുക്രെയ്‌നിൽ വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്.

 

ഫെബ്രുവരിയിൽ യുദ്ധം അതിന്റെ ആദ്യഘട്ട തീവ്രതയിൽ നിൽക്കുമ്പോഴാണ് ഡെമിഡീവിലെ മനുഷ്യനിർമിത പ്രളയം അരങ്ങേറിയത്. പണ്ട് യുക്രെയ്ൻ സോവിയറ്റ് യൂണിയന്റെ ഭാഗമായി നിന്നപ്പോൾ ഇവിടുള്ള 32000 ഏക്കറോളം തണ്ണീർത്തടത്തിൽ നിന്നു ജലമൊഴിപ്പിച്ച് സോവിയറ്റ് അധികൃതർ കൃഷി നടത്തിയിരുന്നു. പുതിയ പ്രളയത്തോടെ  ഈ സ്ഥലങ്ങളിലെല്ലാം വെള്ളം തിരിച്ചുകയറുകയും തണ്ണീർത്തടങ്ങൾ വീണ്ടും രൂപപ്പെടുകയും ചെയ്തു. യുദ്ധത്തിനു മുൻപ് ഇവിടെ വൻകിട പാർപ്പിട പദ്ധതി നടപ്പാക്കാനുള്ള ആലോചനയുണ്ടായിരുന്നു. എന്നാൽ വെള്ളം തിരികെയെത്തിയതോടെ ഇതിന്റെ കാര്യത്തിൽ യുദ്ധം കഴിഞ്ഞാലും ഇനി നീക്കുപോക്കുകളുണ്ടാകില്ലെന്നാണു കരുതപ്പെടുന്നത്.

 

ഇത്തരം പാർപ്പിടപദ്ധതികളും വികസനവും കൊണ്ട് വന്ന് തങ്ങളുടെ ഹീറോ നദിയെയും അതിന്റെ തടഭൂമികളെയും നശിപ്പിക്കരുതെന്ന് യുക്രെയ്‌നിലെ പരിസ്ഥിതി വാദിയായ വോഴോഡീമർ ബൊറെയ്‌കോ ഉൾപ്പെടെയുള്ളവർ പറയുന്നു. ഇത് ആദ്യമായല്ല ഇർപിൻ നദി തലസ്ഥാനനഗരമായ കീവിനെ സംരക്ഷിക്കുന്നത്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ആദ്യകാല കീവൻ റൂസ് സാമ്രാജ്യം ഉണ്ടായിരുന്നപ്പോൾ പോഴോവ്റ്റിയൻസ്, പെചെനെഗ്‌സ് തുടങ്ങിയ ഗോത്രസേനകൾ കീവ് ആക്രമിക്കാൻ വന്നു. എന്നാൽ ഇർപിൻ നദിയുടെ തടപ്രദേശങ്ങളിലെ ചതുപ്പു മൂലം അവയ്ക്കു മുന്നേറാൻ കഴിഞ്ഞില്ല. ഇത്തരത്തിൽ ആദിമകാലം മുതൽ തന്നെ നഗരത്തിന്റെ സംരക്ഷകയായി ഇർപിൻ നദി പ്രവർത്തിക്കുന്നുണ്ടെന്നു ബോറെയ്‌കോ പറയുന്നു. പാർപ്പിട, വികസന പദ്ധതി നടപ്പാക്കിയശേഷമാണ് യുദ്ധം തുടങ്ങിയതെങ്കിൽ വ്ളാഡിമിർ പുട്ടിന്‌റെ സേനയ്ക്ക് എളുപ്പം ഇങ്ങോട്ടേക്കു മാർച്ച് ചെയ്യാമായിരുന്നെന്നും അദ്ദേഹം പറയുന്നു. 

 

1941ൽ രണ്ടാംലോകയുദ്ധകാലത്ത് നാത്സി ജർമനിയുടെ പടയ്‌ക്കെതിരെയും യുക്രെയ്ൻ പ്രതിരോധിച്ച് നിന്നത് ഇർപിൻ നദിയുടെ സഹായത്താലാണ്. സോവിയറ്റ് വികസനപ്രവർത്തനങ്ങൾക്കു മുൻപ് ഇർപിൻ നദീതടപ്രദേശങ്ങൾ യൂറോപ്പിന്റെ ആമസോൺ എന്ന പേരിൽ അറിയപ്പെട്ട ജൈവവൈവിധ്യമേഖലയായിരുന്നെന്ന് യുക്രെയ്ൻ നാഷനൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി അധികൃതർ പറയുന്നു. ജയന്‌റ് കാറ്റ്ഫിഷ്, സ്റ്റർജൻ ഉൾപ്പെടെ ഒട്ടേറെ അപൂർവമത്സ്യങ്ങളും വൈറ്റ് ടെയ്ൽഡ് ഈഗിൾ തുടങ്ങി ഒട്ടേറെ പക്ഷികളും ഇവിടെയുണ്ടായിരുന്നു. ഇപ്പോൾ യുദ്ധത്തിന്റെ ഭാഗമായി ഇവിടെ പഴയനിലയിലേക്ക് മടങ്ങിയ സ്ഥിതിക്ക്, ഈ സാഹചര്യം സംരക്ഷിക്കണമെന്ന് യുക്രെയ്‌നിയൻ പരിസ്ഥിതിവാദികൾ പറയുന്നു.

 

English Summary:  ‘hero river’ helped save Kyiv. But what now for its newly restored wetlands?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com