ADVERTISEMENT

മധ്യ ഓസ്ട്രേലിയയിലെ ഉപ്പുകൽശേഷിപ്പുകളിൽ 100 കോടി വർഷം പഴയ സൂക്ഷ്മജീവികൾ ഉറങ്ങിക്കിടക്കുന്നുണ്ടെന്നും അനുകൂല സാഹചര്യത്തിൽ ഇവ എഴുന്നേറ്റേക്കാമെന്നും ശാസ്ത്രജ്ഞർ. ഉപ്പുകല്ലിനുള്ളിൽ മനുഷ്യരുടെ തലമുടിയെക്കാൾ വീതികുറഞ്ഞ വായു അറകൾക്കുള്ളിലാണ് ഇവ വസിക്കുന്നത്. 100 കോടി വർഷങ്ങൾക്കു മുൻപ് തികച്ചും വ്യത്യസ്ത പരിതസ്ഥിതികൾ നിലനിന്ന ഭൂമിയിലെ ഉപ്പുനിറഞ്ഞ സമുദ്ര, തടാക മേഖലകളിലാകാം ഇവ വസിച്ചിരുന്നത്. സൂക്ഷ്മജീവികളെ വഹിക്കുന്ന തരത്തിൽ ഇതുവരെ കണ്ടുകിട്ടിയിട്ടുള്ള ഏറ്റവും പഴയ ഉപ്പുകല്ല് സാംപിളുകളാണ് ഇവ.

 

ഓസ്ട്രേലിയയിൽ നിന്നു ശേഖരിച്ച് ഉപ്പുകൽ സാംപിളുകളിൽ ലൈറ്റ് മൈക്രോസ്കോപി എന്ന നിരീക്ഷണവിദ്യ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. ഉപ്പുകല്ലുകൾ പൊട്ടിക്കാതെയും യാതൊരു നാശം വരുത്താതെയുമായിരുന്നു ഈ ഗവേഷണം. ഉപ്പുകല്ലിലുള്ള ഈ സൂക്ഷ്മകോശ ജീവികൾക്ക് ഇന്ന് ജീവനുണ്ടോയെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ നേരത്തെ ഉപ്പുകല്ലിലുണ്ടായിരുന്ന ചില സൂക്ഷ്മജീവികളെ മറ്റുചില ശാസ്ത്രജ്ഞർ ജീവിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.അങ്ങനെയെങ്കിൽ ഇവയെയും ഉണർത്തിയെഴുന്നേൽപ്പിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. 25 കോടി വർഷം മുൻപ് പെർമിയൻ കാലഘട്ടത്തിൽ വരെ ജീവിച്ചിരുന്ന സൂക്ഷ്മജീവികളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ടായിരുന്നു. എന്നാൽ,ഈ ക്രിസ്റ്റലുകൾക്ക് നാശം വരുത്തിയാണ് അന്ന് ഇവയിൽ പരീക്ഷണം നടത്തിയത്.ഒരു സിറിഞ്ച് ഉപയോഗിച്ച് ഉപ്പുകല്ലുകൾക്കുള്ളിലെ വായു അറകളിൽ സ്ഥിതി ചെയ്ത സൂക്ഷ്മജീവികളെ ശേഖരിക്കുകയായിരുന്നു.

 

ഓസ്ട്രേലിയയിലെ പ്രശസ്തമായ ബ്രൗൺ ഫോർമേഷൻ എന്ന മേഖലയിൽ നിന്നാണ് പഠനത്തിനാവശ്യമായ ഉപ്പുകല്ലുകൾ ശാസ്ത്രജ്ഞർ ശേഖരിച്ചത്.ഇവിടങ്ങളിൽ പ്രാചീനകാലത്തുനിന്നുള്ള ഒട്ടേരെ ഉപ്പുകൽശേഖരങ്ങൾ ഉണ്ട്. ആൽഗി, ഫംഗി, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികൾ ഇതിനുള്ളിലുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അര മുതൽ അഞ്ച് മൈക്രോണുകൾ വരെ വലുപ്പമുള്ളവയാണു സൂക്ഷ്മജീവികളെന്നും ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇവയൊക്കെ ഏതു വിഭാഗത്തിലും വർഗത്തിലുമുള്ളതാണെന്നു സ്ഥിരീകരിക്കാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഉപ്പുകല്ലുകളിൽ കാണപ്പെടുന്ന സൂക്ഷ്മജീവികൾ പൊതുവെ വളരെ കടുത്ത പരിതസ്ഥിതികളെ നേരിടാൻ ശേഷിയുള്ളവയാണ്. ചുറ്റും വെള്ളമില്ലാത്ത അവസ്ഥയിൽ പോലും ഇവയ്ക്ക് തങ്ങളുടെ ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിച്ച് ഒരുപാടുകാലം അതിജീവിക്കാം. ഇതുകൊണ്ടു തന്നെയാണ് കാലങ്ങളോളം പിന്നിട്ടും ഇവ ഉണർന്നെഴുന്നേൽക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈയടുത്ത് 10.1 കോടി വർഷത്തോളം സുഷുപ്തിയിലായിരുന്ന ബാക്ടീരിയകളെ പുനരുജ്ജീവിപ്പിച്ചിരുന്നു.

 

വളരെയേറെ സാധ്യതകളുള്ള ഗവേഷണമാണ് ഇത്. ചൊവ്വാഗ്രഹം പോലെ പഴയകാലത്ത് ജീവൻ നിലനിന്നിരുന്നെന്നു കരുതപ്പെടുന്ന മേഖലകളിലെയും പാറക്കൂട്ടങ്ങളിലും ഘടനകളിലുമൊക്കെ ഇത്തരം സൂക്ഷ്മജീവികൾ മറഞ്ഞിരിപ്പുണ്ടാകാം. ഇവയെ കണ്ടെത്താൻ ചൊവ്വയിൽ വിന്യസിപ്പിക്കപ്പെടുന്ന റോവർ പ്രോബുകൾക്ക് കഴിഞ്ഞാൽ അന്യഗ്രഹജീവനുമായി ബന്ധപ്പെട്ടുള്ള പഠനത്തിൽ വമ്പൻ കുതിച്ചുചാട്ടമാകും ഉണ്ടാകുന്നത്. ഇക്കാര്യം നാസ വളരെ ശക്തമായി പരിഗണിക്കുന്നുമുണ്ട്. അവസാനം ചൊവ്വയിലിറങ്ങിയ നാസയുടെ റോവറായ പെഴ്സിവീയറൻസ് ഇതിനായി ചൊവ്വയിൽ നിന്നു പാറക്കഷ്ണങ്ങൾ ശേഖരിക്കുന്നുണ്ട്.

 

എന്നാൽ ചരിത്രാതീത കാലത്ത് ഉപ്പുകല്ലിൽ തടവിലായ ഇത്തരം സൂക്ഷ്മജീവികൾ ഉണർന്നെണീറ്റ് പരന്നാൽ ഇവ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും പ്രശ്നങ്ങളുണ്ടാക്കുമോയെന്ന വാദവും ശക്തമാണ്. ഉത്തരധ്രുവമേഖലയിലെ പെർമഫ്രോസ്റ്റ് ഐസ് നിക്ഷേപത്തിനുള്ളിൽ ചരിത്രാതീത വൈറസുകളുണ്ടെന്നും ഇവ പഴയകാലത്ത് വലിയ മഹാമാരികൾക്ക് കാരണമായിട്ടുള്ളവയാണെന്നും ചില ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. ഇതിനെക്കാൾ കോടിക്കണക്കിനു വർഷം പഴക്കമുള്ളവയാണ് ഈ ഉപ്പുകല്ലുകളിലെ സൂക്ഷ്മജീവികൾ. ഇവയെക്കുറിച്ച് ശരിയായ പഠനം പോലും നടക്കാത്തതിനാൽ ഇവ അപകടകാരികളായാൽ വലിയ പ്രശ്നമായിരിക്കുമെന്ന് ചില വിദഗ്ധർ പറയുന്നു.

 

English Summary: Researchers looked at 830-million-year-old halite and found microorganisms that may still be alive.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com