ADVERTISEMENT

നായ മാംസം വിളമ്പുന്ന കുപ്രസിദ്ധമായ യൂലിൻ ഭക്ഷ്യമേള വീണ്ടും ചൈനയിൽ തുടങ്ങാനൊരുങ്ങുന്നു. ആയിരക്കണക്കിന് നായ്ക്കളെയാണ് ഈ ഭക്ഷ്യമേളയ്ക്കായി കൊന്നു തള്ളുന്നത്. വലിയ പ്രതിഷേധം മേളയ്ക്കെതിരെ ചൈനയിൽ ഉയർന്നിട്ടുണ്ട്. കോവിഡ് ഇനിയും വിട്ടുപോകാത്ത സാഹചര്യത്തിൽ മേള നടത്തുന്നത് നിർത്തിവയ്ക്കണമെന്നും ആവശ്യം ഉയർന്നു കഴിഞ്ഞു.

ചൈനയിൽ നായയിറച്ചി ഭക്ഷിക്കുന്നതിനു നിയമപരമായ വിലക്കുകളില്ല. എന്നാൽ കോവിഡ് അതിശക്തമായിരുന്ന 2020ൽ ചൈനയുടെ കാർഷിക മന്ത്രാലയം ഒരു പ്രസിദ്ധീകരണക്കുറിപ്പ് ഇറക്കുകയും ഇതു പ്രകാരം നായ്ക്കളും പൂച്ചകളും ഭക്ഷണത്തിനായുള്ള മൃഗങ്ങളല്ല, മറിച്ച് ചങ്ങാത്ത മൃഗങ്ങളാണെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പലപ്പോഴും പലയിടങ്ങളിൽ നിന്നായി മോഷ്ടിച്ച് അനധികൃത വ്യാപാരികൾക്ക് എത്തിച്ചുകൊടുത്ത നായ്ക്കളെയാണ് മേളയിൽ അണിനിരത്തുന്നതെന്നും മൃഗസംരക്ഷണ പ്രവർത്തകർ പറയുന്നു. ചൈനീസ് നിയമമനുസരിച്ച് ഒരു പ്രവിശ്യയിൽ നിന്നു മറ്റൊരു പ്രവിശ്യയിലേക്കു നായ്ക്കളെ കടത്തണമെങ്കിൽ ആരോഗ്യ, ക്വാറന്റീൻ സർട്ടിഫിക്കറ്റ് വേണം. എന്നാൽ ഈ നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണു യൂലിൻ ഭക്ഷണമേള നടത്തുന്നതെന്ന് മൃഗസംരക്ഷണ പ്രവർത്തകർ ആരോപിക്കുന്നു.

നായമാംസം ദക്ഷിണകൊറിയയിലും ചിലയാളുകൾ ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഇവിടങ്ങളിൽ ഡോഗ് ഫാമുകളുമുണ്ട്. എന്നാൽ ചൈനയിൽ ഡോഗ് ഫാമുകളില്ല. കൂടുതൽ നായകളും മോഷണത്തിന് ഇരയായവയാണ്. ആൻഹ്വി, ഹുബേ, ഹെനാൻ തുടങ്ങിയ വിദൂര പ്രവിശ്യകളിൽ നിന്നു പോലും നായ്ക്കളെ യൂലിൻ മേളയിൽ എത്തിക്കാറുണ്ട്.  ഈ വലിയ യാത്രയിൽ കൂട്ടിലടക്കപ്പെട്ട നിലയിൽ കൊണ്ടുവരുന്ന പൂച്ചകൾക്കും നായ്ക്കൾക്കും യഥാസമയം ഭക്ഷണം പോലും ലഭിക്കാറില്ല. പ്രാകൃതമായ കൂടുകളും മറ്റു നിയന്ത്രണങ്ങളും ഈ മൃഗങ്ങൾക്ക് പരുക്കേൽപിക്കാറുണ്ടെന്നും സാമൂഹിക പ്രവർത്തകർ പറഞ്ഞു.

ഇന്നലെ ഈ ഭക്ഷ്യമേളയ്ക്കായി കൊണ്ടുപോയ 386 നായ്ക്കളെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ഒറ്റ ട്രക്കിനുള്ളിലാണ് ഇത്രയും നായകളെ അടച്ചിട്ടത്. 2009–10 കാലയളവിലാണു യൂലിൻ ഭക്ഷ്യമേള തുടങ്ങിയത്. യൂലിനെ ചില അനധികൃത നായമാംസ വ്യാപാരികൾ ചേർന്നാണ് ഇതിനു തുടക്കമിട്ടത്.ലിച്ചീ ആൻഡ് ഡോഗ് മീറ്റ് ഫെസ്റ്റിവൽ എന്നാണ് ഈ ഭക്ഷ്യമേള അറിയപ്പെടാറുള്ളത്.

English Summary: The annual Yulin dog-eating festival has begun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com