ADVERTISEMENT

മധ്യപ്രദേശിലെ പന്ന ജില്ല വജ്രഖനനത്തിന് പേരു കേട്ട സ്ഥലമാണ്. അതുകൊണ്ട് തന്നെ ഭൂമി പാട്ടത്തിനെടുത്ത് ഭാഗ്യം തേടിയെത്തുവർ നിരവധിയാണ്. അങ്ങനെത്തിയ സുരേന്ദ്രപാൽ ലോധിയെന്ന തൊഴിലാളിയെണ് ഇത്തവണ ഭാഗ്യം കടാക്ഷിച്ചത്. ഒൻപതു  മാസമായി ഭാഗ്യം തേടി അലഞ്ഞ സുരേന്ദ്രപാൽ ലോധിക്ക് 3.15 കാരറ്റ് മൂല്യമുള്ള വജ്രമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. 10 –12 ലക്ഷം രൂപ ഈ വജ്രത്തിനു ലഭിക്കുമെന്നാണ് നിഗമനം. ലഭിച്ച വജ്രം ലോധി ഗവൺമെന്റിന്റെ ഡയമണ്ട് ഓഫിസിൽ നിക്ഷേപിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായും സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ലേലത്തിലൂടെ ലഭിക്കുന്ന തുക വിനിയോഗിക്കാനാണ് തീരുമാനം.

സർക്കാർ മാനദണ്ഡപ്രകാരം വജ്രം താമസിയാതെ വിൽപനയ്ക്ക് വയ്ക്കും. 9 മാസമായി  ഖനിയിൽ കഠിനമായി പണിയെടുത്തുകൊണ്ടിരുന്ന സുരേന്ദ്രപാൽ ലോധി വജ്രം ലഭിച്ചപ്പോൾ തന്നെ ഡയമണ്ട് ഓഫിസിൽ അതു നിക്ഷേപിക്കുകയായിരുന്നു. വജ്രവിൽപനയ്ക്ക് ശേഷം ലഭിക്കുന്ന പണത്തിൽ സർക്കാരിന്റെ റോയൽറ്റിയും കരവും പിടിച്ചശേഷമുള്ള തുക സുരേന്ദ്രപാൽ ലോധിക്ക് നൽകുമെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ പന്ന ജില്ലയിൽ നിന്ന് 8.22 കാരറ്റ് മൂല്യമുള്ള വജ്രം 4 പേർ ചേർന്നു കുഴിച്ചെടുത്തത് വാർത്തയായിരുന്നു. ജില്ലയിലെ കൃഷ്ണ കല്യാൺപുർ മേഖലയിൽ നിന്നാണ് ഇതു കണ്ടെത്തിയത്. മധ്യപ്രദേശിലെ സാഗർ ഡിവിഷനിൽ ഉൾപ്പെട്ട പന്ന ജില്ല വജ്രനിക്ഷേപത്തിനു പേരുകേട്ടതാണ്. ഏകദേശം 12 ലക്ഷം കാരറ്റ് മൂല്യമുള്ള വജ്രനിക്ഷേപം ഇവിടെയുണ്ടെന്നാണു കണക്ക്. പന്നയെന്നു തന്നെ പേരുള്ള പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. മധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപാലിൽ നിന്ന് 380 കിലോമീറ്റർ അകലെയായാണു പന്ന ജില്ല സ്ഥിതി ചെയ്യുന്നത്. കെൻനദി, പാണ്ഡവ്, ഗാഥ എന്നീ വെള്ളച്ചാട്ടങ്ങളുമുള്ള പന്നയിലെ ദേശീയോദ്യാനം ജൈവവൈവിധ്യത്തിനു പേരുകേട്ടതാണ്.

വജ്രഖനികളുണ്ടെങ്കിലും മധ്യപ്രദേശിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നും കൂടിയാണു പന്ന. മനുഷ്യവികസന സൂചികയിൽ സംസ്ഥാനത്ത് 45 ജില്ലകളുള്ളതിൽ 41ാം സ്ഥാനത്താണു പന്ന. പന്ന പട്ടണമുൾപ്പെടെ 80 കിലോമീറ്റളോളം വീതിയുള്ള ഒരു ബെൽറ്റിലാണു വജ്രനിക്ഷേപങ്ങളുള്ളത്. പണ്ട് മേഖലയിലെ സുകാരിയുഹ് ഗ്രാമത്തിലായിരുന്നു പന്നയിലെ പ്രധാന ഖനി. ഇന്ന് ഈ സ്ഥാനം മജാഗാവ് എന്ന ഖനിക്കാണ്. ഏഷ്യയിലെ ഏറ്റവും സജീവമായ വജ്രഖനി കൂടിയാണു മജാഗാവ്.

 

English Summary: Worker-Turned Miner Strikes Big With A 3.15-Carat Diamond Worth Rs 12 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com