ADVERTISEMENT

ജീവിവർഗങ്ങൾ പ്രകാശം പരത്തുന്ന പ്രക്രിയയ്ക്ക് ‘ബയോ ലൂമിനൻസ്’ എന്നാണു വിളിപ്പേര്. ലോകത്ത് പല വിഭാഗങ്ങളിലുള്ള ജീവികളിലും ഈ പ്രതിഭാസം കാണാമെങ്കിലും ഏറ്റവും പ്രശസ്തം മിന്നാമിനുങ്ങുകൾ തന്നെ. പ്രകൃതിയുടെ മിന്നാമിന്നിബൾബുകൾ എന്നു വിളിക്കാവുന്ന ഇവ രാത്രികാലങ്ങളിൽ പ്രകാശമാലകൾ തീർക്കുന്നത് അത്യന്തം ചേതോഹരമായ ദൃശ്യമാണ്. എന്നാൽ മിന്നാമിന്നികൾ വെളിച്ചമലിനീകരണം മൂലം പ്രതിസന്ധിയിലാണെന്നാണ് സമീപകാലങ്ങളിൽ നടന്ന ഗവേഷണങ്ങൾ തെളിയിക്കുന്നത്. 

അമിതമായ കൃത്രിമ പ്രകാശം മിന്നാമിനുങ്ങുകളെ ഒരു പ്രദേശത്തു നിന്ന് ഓടിച്ചുകളയും. അന്ധകാരമുള്ള മേഖലകൾ ലോകത്തു കുറഞ്ഞുവരികയാണ്. ഇത് മിന്നാമിനുങ്ങുകളുടെ ആവാസ വ്യവസ്ഥകളെ ബാധിക്കുന്നുണ്ട്. ഒപ്പം തന്നെ അവയുടെ പ്രജനനവും വളർച്ചയും അവതാളത്തിലാകുന്നുണ്ട്. സ്വാഭാവിക വെളിച്ചവുമായി താദാത്മ്യം നിലനിർത്തിയാണ് മിന്നാമിന്നികൾ പ്രവർത്തിക്കുന്നത്. പ്രകാശ സ്രോതസ്സിലും തീവ്രതയിലും അളവിലുമൊക്കെയുണ്ടാകുന്ന വ്യതിയാനങ്ങൾ ഇവയെ ബാധിക്കാറുണ്ട്. ലാംപിറിഡെ എന്ന ജീവികുടുംബത്തിൽപെട്ട മിന്നാമിന്നികൾക്ക് പ്രജനനത്തിനുൾപ്പെടെ ചെറിയ അളവിലുള്ള പ്രകാശമാണ് വേണ്ടത്.

ജൂൺ മാസത്തിൽ മിന്നാമിന്നികളുടെ എണ്ണവും പ്രവർത്തനങ്ങളും പെരുകുന്ന കാലമാണ്. മഹാരാഷ്ട്രയിലും മറ്റും മിന്നാമിന്നി ഉൽസവങ്ങൾ പോലും ഇക്കാലയളവിൽ നടക്കാറുണ്ട്. ഒട്ടേറെ പരിസ്ഥിതി സ്നേഹികളും ഫൊട്ടോഗ്രാഫർമാരും മറ്റും ഈയവസരത്തിൽ എത്താറുണ്ട്. എന്നാൽ ഓരോ വർഷവും പിന്നിടുമ്പോഴും മിന്നാമിന്നികളുടെ ഇത്തരം പ്രവർത്തനങ്ങൾ കുറയുന്നെന്നാണു വിദഗ്ധർ പറയുന്നത്. മിന്നാമിന്നികൾ തമ്മിൽ ആശയവിനിമയം നടത്താനും ഇണയെ കണ്ടെത്താനുമെല്ലാം തങ്ങളുടെ ശരീരത്തിൽ നിന്നുള്ള പ്രകാശം ഉപയോഗിക്കാറുണ്ട്.

എന്നാൽ സ്വാഭാവികമല്ലാത്ത തീവ്രത കൂടിയ പ്രകാശസാന്നിധ്യം ഇവയെ സ്വശരീരത്തിൽ നിന്നു കൂടുതൽ പ്രകാശം ഉത്പാദിപ്പിക്കാൻ നിർബന്ധിതരാക്കുകയും ഇത് ഇവയുടെ സ്വാഭാവിക ജീവചര്യകളെ ബാധിക്കുകയും ചെയ്യും. 2020ൽ നടത്തിയ ഒരു സമഗ്ര സർവേ പ്രകാരം മിന്നാമിന്നികൾക്ക് ഭീഷണി ഉയർത്തുകയും അവയെ വംശനാശത്തിന്റെ വക്കുവരെയെത്തിക്കുകയും ചെയ്യുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് പ്രകാശമലിനീകരണമാണ്. ഇന്ത്യയിൽ മിന്നാമിനുങ്ങുകളെക്കുറിച്ചും മറ്റും പഠനങ്ങൾ കുറവായതും ഇവയുടെ നിരീക്ഷണത്തെയും പഠനത്തെയും ബാധിക്കുന്നെന്നും ശാസ്ത്രജ്ഞർ പറയുന്നു.

English Summary:  How are fireflies affected by light pollution?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com