ADVERTISEMENT

പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിനു വഴി വച്ച ബിഗ് ബാങ് സ്‌ഫോടനത്തിനു ശേഷം ഉടലെടുത്ത അതിപ്രാചീനവും അപൂർവവുമായ ഹീലിയം വാതകം ഭൂമിയുടെ ഉൾക്കാമ്പിൽ നിന്നു പുറന്തള്ളപ്പെടുന്നതായി ശാസ്ത്രജ്ഞരുടെ കംപ്യൂട്ടേഷനൽ പഠനം. ഹീലിയം 3 എന്നറിയപ്പെടുന്ന ഈ വാതകം 1380 കോടി വർഷം മുൻപാണു ബിഗ് ബാങ് സ്‌ഫോടനകാലയളവിൽ ഉടലെടുത്തത്. തുടർന്ന് ഇത് സോളർ നെബുലയുടെ ഭാഗമായി. അതിബൃഹത്തായതും കറങ്ങിക്കൊണ്ടിരിക്കുന്നതുമായ പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും വമ്പൻ മേഘമാണു സോളർ നെബുല. സൗരയൂഥത്തിന്റെ സൃഷ്ടി ഈ നെബുലയിൽ നിന്നാണെന്നു കണക്കാക്കപ്പെടുന്നു.

 

ഭൂമിയുടെ ഉൾക്കാമ്പിൽ ഹീലിയം 3യുടെ വലിയ ശ്രോതസ്സ് സ്ഥിതി ചെയ്യുന്നെന്നാണ് ഈ പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങൾ സോളർ നെബുലയുടെ ഉൾവശത്താണ് രൂപീകരിക്കപ്പെട്ടതെന്നും അല്ലാതെ അതിന്റെ അരികിലല്ലെന്നുമുള്ള വാദങ്ങൾക്ക് ബലമേകുന്നതാണ് ഈ കണ്ടെത്തൽ. യുഎസിലെ ന്യൂമെക്‌സിക്കോ സർവകലാശാലയിൽ നിന്നുള്ള ജിയോഫിസിസ്റ്റായ പീറ്റർ ഓൾസനും സംഘവുമാണ് പഠനം നടത്തിയത്. ഹീലിയം 3, ഹീലിയം മൂലകത്തിന്റെ ഒരു ഐസോടോപ് രൂപമായാണു പരിഗണിക്കപ്പെടുന്നത്. സാധാരണ ഹീലിയം ന്യൂക്ലിയസിൽ രണ്ട് ന്യൂട്രോണുകളുണ്ട്. എന്നാൽ ഹീലിയം 3യിൽ ഒറ്റയൊരെണ്ണം മാത്രമാണുള്ളത്. 

 

ഭൂമിയിലെ ആകെ ഹീലിയത്തിന്‌റെ 0.0001 ശതമാനം മാത്രമാണു ഹീലിയം 3 ഉള്ളത്. ഹൈട്രജന്റെ ആണവശേഷിയുള്ള ഐസോടോപ്പായ ട്രിഷ്യത്തിന്റെ ജീർണതയും ഹീലിയം 3യുടെ ഉത്പാദനത്തിനു കാരണമാകുന്നുണ്ട്. എന്നാൽ പ്രധാനമായും സൗരയൂഥത്തിൽ ഈ വാതകം വരാൻ കാര്യം ബിഗ് ബാങ് സ്‌ഫോടനം തന്നെയാണ്. വർഷം തോറും 2 കിലോഗ്രാമോളം ഹീലിയം ത്രീ വാതകം ഭൂമിക്കുള്ളിൽ നിന്നു പുറന്തള്ളപ്പെടുന്നുണ്ടെന്നത് അറിവുള്ള കാര്യമാണ്. ഇതുവളരെ ചെറിയ അളവാണ്. ഒരു കാലത്ത് ഹീലിയം ത്രീ ഭൂമിയിൽ സുലഭമായുണ്ടായിരുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിലേക്ക് വലിയ പിണ്ഡമുള്ള ഒരു വസ്തു 400 കോടി വർഷം മുൻപ് വന്നിടിച്ചതാണ് ഈ വാതകം വലിയ തോതിൽ ഭൂമിയിൽ നിന്നു നഷ്ടപ്പെടാൻ കാരണമായതെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുണ്ട്. ഈ ഇടിയിലാകാം ചന്ദ്രൻ സൃഷ്ടിക്കപ്പെട്ടതെന്നും വാദമുണ്ട്.

 

ഏതായാലും ചന്ദ്രോപരിതലത്തിലെ മണ്ണിൽ ഹീലിയം 3യുടെ അളവ് ഗണ്യമായുണ്ട്. 10 ലക്ഷം ടൺ ഹീലിയം 3 ഇവിടെയുണ്ടാകാമെന്നാണു കണക്കാക്കപ്പെടുന്നത്. ഭാവിയിൽ ചന്ദ്രനിലെ മനുഷ്യർക്ക് പ്രയോജനകരമായ അമൂല്യവസ്തുവായി ഇതു പരിഗണിക്കപ്പെടുന്നു. ഹീലിയം 3 ഭൂമിയിൽ ഭാവിയിൽ സ്ഥാപിക്കപ്പെടുന്ന ഫ്യൂഷൻ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിച്ചാൽ ഇതുമൂലം വലിയ അളവിൽ ഊർജോത്പാദനം സാധ്യമാണെന്നും അഭ്യൂഹങ്ങളുണ്ട്. ചന്ദ്രനിൽ ഭാവിയിലേക്കു പല രാജ്യങ്ങളും പദ്ധതിയിട്ടിരിക്കുന്ന ഖനന (മൂൺ മൈനിങ്) പദ്ധതികളിൽ ഹീലിയം ത്രീക്ക് നിർണായക സ്ഥാനമുണ്ട്.

 

English Summary: Ancient helium leaking from core offers clues to Earth's formation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com