ADVERTISEMENT

ഒരു വമ്പൻ കെട്ടിടത്തെ ഒന്നിച്ചുവിഴുങ്ങാൻ തക്കവണ്ണം വ്യാസമുള്ള പടുഗർത്തം ചിലെയിൽ രൂപപ്പെട്ടു. ചിലെയുടെ തലസ്ഥാന നഗരമായ സാന്‌റിയാഗോയിൽ നിന്ന് 800 കിലോമീറ്റർ വടക്കുമാറിയുള്ള ടിയാറ അമരില്ല എന്ന പട്ടണത്തിനു സമീപമുള്ള ഗ്രാമമേഖലയിലാണ് വിചിത്രഗർത്തം രൂപപ്പെട്ടത്. 104 അടി വിസ്തീർണമുള്ളതാണ് ഈ ഗർത്തം. ഇതുമായി താരതമ്യപ്പെടുത്തിയാൽ യുഎസ് പ്രസിഡന്റിന്റെ ആസ്ഥാന കാര്യാലയമായ വൈറ്റ്ഹൗസിന് 85 അടിമാത്രമാണ് വ്യാസമുള്ളതെന്ന് കാണാം.

 

ചിലെയിലെ അൽകാപറോസ ചെമ്പുഖനിയുടെ അടുത്തായാണ് ഗർത്തം രൂപപ്പെട്ടത്. ലുൻഡിൻ മൈനിങ് എന്ന ഖനന കമ്പനിയാണ് അൽകാപറോസയിൽ ഖനനം നടത്തുന്നത്. ആർക്കും പരുക്കോ ജീവാപായമോ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. 656 അടി ആഴവും ഈ ഗർത്തത്തിനുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഗർത്തത്തിലേക്ക് ആരും വീഴാതിരിക്കാനായി ഇതിനു ചുറ്റും കമ്പിവേലി ഉൾപ്പെടെ ബന്തവസ് സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

സിങ്ക്‌ഹോൾ എന്ന തരത്തിലുള്ള ഗർത്തമാണ് അൽകാപറോസയിൽ ഉണ്ടായിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൗമോപരിതലത്തിനു താഴെ വെള്ളം പുറത്തേക്കു പോകാൻ പറ്റാത്ത സ്ഥിതിയിൽ തളംകെട്ടുന്നതാണ് സിങ്ക്‌ഹോളുകളുടെ രൂപീകരണത്തിലേക്കു നയിക്കുന്നത്. ഖനിപ്രദേശങ്ങളിൽ ഇവ പലപ്പോഴും ഉണ്ടാകാറുണ്ട്. 

 

ഖനനത്തിന്റെ ഭാഗമായി മണ്ണും മറ്റും നീക്കി അവിടെ വെള്ളം തളംകെട്ടുന്നതാണ് ഇതിനു കാരണമാകുന്നത്. സിങ്ക്‌ഹോളുകൾ ഭൂമിക്ക് കീഴിലുള്ളത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകും. വർഷങ്ങളോളം ഇങ്ങനെ മറഞ്ഞുകിടക്കുന്ന ഇവ പെട്ടെന്നൊരു ദിവസമാകും തുറക്കപ്പെടുന്നത്. അങ്ങനെ തുറക്കുമ്പോൾ ചിലപ്പോൾ വീടുകളും കാറുകളും ആളുകളുമൊക്കെ ഇവയ്ക്കുള്ളിലേക്കു വീഴാനും സാധ്യതയുണ്ട്.

എന്നാൽ അമിതമായി നടക്കുന്ന ഖനനത്തിന്റെ പ്രത്യാഘാതമാണ് ഇതെന്നാണ് ടിയാറ അമരില്ലയിലെ ജനങ്ങൾ അഭിപ്രായപ്പെടുന്നത്. നാളുകളായി അൽകാപറോസയിൽ നടക്കുന്ന ഖനനം ഇവിടെ ജനങ്ങളുടെ സ്വൈര്യര്യജീവിതത്തെ ബാധിക്കുന്നെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.

 

English Summary: Enormous sinkhole wide enough to swallow the White House opens in Chile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com