ADVERTISEMENT

ചൈനയുടെ രാജ്യാന്തര മര്യാദകൾ ലംഘിച്ചുള്ള ട്രോളിങ് മൂലം പട്ടിണി ദുരിതത്തിലാണ് ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളിലൊന്നായ സിയറ ലിയോൺ. തീരദേശപട്ടണവും പ്രധാന ഹാർബറുകളിലൊന്നുമായ ടോംബോ എന്ന സിയറ ലിയോണിലെ പട്ടണത്തിന്റെ സാമ്പത്തികനില തന്നെ ഇതുമൂലം പ്രതിസന്ധിയിലാണ്. മത്സ്യബന്ധന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ടോംബോയിലെ പ്രധാന വരുമാന സ്രോതസ്സ് മത്സ്യമുൾപ്പെടെ കടൽവിഭവങ്ങളാണ്. ദിവസേന 14 മണിക്കൂറോളം സമയം കടലിൽ ചെലവിട്ടാണ് ടോംബോയിലെ ജനങ്ങൾ മത്സ്യബന്ധനം നടത്തിയിരുന്നത്. എന്നാ‍ൽ അടുത്തകാലത്തായി തങ്ങൾക്കു കിട്ടുന്ന മത്സ്യത്തിന്റെ അളവിൽ വൻ കുറവാണ് സംഭവിക്കുന്നതെന്ന് ഇവർ പറയുന്നു. ഇതു മൂലം ടോംബോ നിവാസികളെ പട്ടിണിയും ദുരിതവും വേട്ടയാടുന്നു. ചൈന തങ്ങളുടെ കടലിലേക്കു വന്നതിനു ശേഷമാണ് ഈ ദുർഗതി സംഭവിച്ചതെന്ന് തൊഴിലാളികൾ പറയുന്നു.

ടോംബോയ്ക്കു സമീപത്തുൾപ്പെടെ സിയറ ലിയോണിന്റെ തീരക്കടലിലും മറ്റും മത്സ്യബന്ധനം നടത്താനുള്ള ലൈസൻസുകളിൽ 40 ശതമാനവും ചൈനീസ് കമ്പനികൾക്കാണു പോയിരിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. നിസ്സാരഫീസ് നൽകിയാണ് ചൈനീസ് മത്സ്യബന്ധനക്കമ്പനികൾ ഈ ലൈസൻസ് സ്വന്തമാക്കിയതെന്ന് ആരോപണമുണ്ട്. അനുവദിച്ച അളവിലും കൂടുതൽ മീനുകൾ ഇവർ പിടിക്കുന്നെന്നും കണക്ക് തെറ്റിച്ചാണു സിയറ ലിയോൺ അധികൃതരെ അറിയിക്കുന്നതെന്നും വിമർശനമുയരുന്നുണ്ട്. വമ്പൻ സന്നാഹങ്ങളുമായി വരുന്ന ചൈനീസ് ട്രോളിങ് യാനങ്ങൾ വൻരീതിയിലാണ് മത്സ്യബന്ധനം നടത്തുന്നതെന്നും സിയറ ലിയോൺ തീരങ്ങളിൽ നടത്തുന്ന മത്സ്യബന്ധനത്തിന്റെ 50 ശതമാനവും ഈ രീതിയിലായി മാറുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ വർഷം സിയറ ലിയോൺ നാവികസേനയും സീ ഷെപ്പേർഡ് എന്ന സന്നദ്ധ സംഘടനയും നടത്തിയ തിരച്ചിലിൽ അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് ചൈനീസ് കപ്പലുകളെ കണ്ടെത്തിയിരുന്നു. ഈ കപ്പലുകളിലുള്ളവരെ നേവി അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചൈനീസ് ട്രോളിങ് കപ്പലുകളിലുള്ളവർ തങ്ങളെ ആക്രമിക്കാറുണ്ടെന്നും ചില മത്സ്യബന്ധനത്തൊഴിലാളികൾ പറയുന്നു. തൊഴിലാളികളുടെ മേൽ ചൂടുവെള്ളം ഒഴിച്ച സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. തദ്ദേശീയ മത്സ്യബന്ധനത്തൊഴിലാളികളുടെ വലകളും മറ്റും നശിപ്പിച്ചിട്ടുമുണ്ട്. അനധികൃത മത്സ്യബന്ധനം സിയറ ലിയോണിൽ മാത്രം ഒതുങ്ങുന്നില്ല ആഫ്രിക്കയിൽ. ഗാംബിയ, ജിനി–ബിസൗ, സെനഗൽ, മൗറിട്ടാനിയ എന്നീരാജ്യങ്ങൾക്കെല്ലാം കൂടി 230 കോടി യുഎസ് ഡോളറിന്റെ നഷ്ടം ഒറ്റവർഷത്തിൽ അനധികൃത മത്സ്യബന്ധനം മൂലമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്, ചൈനയാണ് ഈ രീതിയിലുള്ള മത്സ്യബന്ധനം ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യം. സിയറ ലിയോണിന്റെ സാമ്പത്തികരംഗത്ത് മത്സ്യബന്ധനത്തിനു വലിയ സ്ഥാനമുണ്ട്. രാജ്യത്തിന്റെ വരുമാനത്തിന്റെ 12 ശതമാനവും ഇതിൽ നിന്നാണ്. 

രാജ്യത്തിന്റെ 80 ലക്ഷം വരുന്ന ജനസംഖ്യയിൽ 5 ലക്ഷം പേരും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. മത്സ്യബന്ധനത്തിനെ ബാധിക്കുന്ന എന്തു കാര്യവും രാജ്യത്ത് വലിയ പ്രശ്നവും പ്രതിസന്ധിയും ഉയർത്താറുണ്ട്. ഇതിനാൽ തന്നെ ശക്തമായ ചൈനാവിരുദ്ധ വികാരം സിയറ ലിയോണിൽ ഉയർന്നിട്ടുണ്ടെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 250 ഏക്കറോളം മഴക്കാടുകൾ ചൈനയ്ക്കു വിൽക്കാനായി സിയറ ലിയോൺ സർക്കാർ നടപടിയെടുത്തത് വമ്പിച്ച പ്രതിഷേധത്തിനു വഴി വച്ചിരുന്നു. ആഫ്രിക്കയിൽ ചൈന വൻതോതിൽ നിക്ഷേപങ്ങളും സംരംഭങ്ങളും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ നടത്തിയിട്ടുണ്ട്. ഇതിൽ പലതും ആഫ്രിക്കൻ രാജ്യങ്ങളെ കടക്കെണിയിലും പ്രതിസന്ധിയിലുമാക്കിയെന്നും ആരോപണങ്ങളുണ്ട്.

English Summary: Locals fear Chinese fishing plant threatens ‘environmental catastrophe’ in Sierra Leone

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com