ADVERTISEMENT

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതാക്കളുടെ പേരില്‍ ജന്മ നക്ഷത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരു നക്ഷത്രവനം. പാലക്കാട് എലപ്പുള്ളി അത്താച്ചി ബയോ ഡൈവേഴ്സിറ്റി ഫാമിലാണ് നക്ഷത്ര വനം എന്ന പേരില്‍ സ്വാതന്ത്ര്യ ദിനത്തില്‍ വ്യത്യസ്തമായ ചെറുവനം വച്ചുപിടിപ്പിച്ചിരിക്കുന്നത്. ആയില്യം നക്ഷത്രത്തില്‍ ജനിച്ച മഹാത്മാഗാന്ധിയുടെ പേരില്‍ നാഗലിംഗമാണെങ്കിൽ പൂയം നക്ഷത്രക്കാരനായ നെഹ്റുവിന് അരയാല്‍. മകയിരം നാളിലുള്ള ഭഗത് സിങ്ങിനു കരിങ്ങാലി, അശ്വതി നാളുകാരിയായ റാണി ലക്ഷ്മി ഭായിക്ക് കാഞ്ഞിരം, അനിഴം നാളില്‍ ജനിച്ച സര്‍ദാര്‍ പട്ടേലിന് ഇലഞ്ഞി തുടങ്ങി സി. രാജഗോപാലാചാരിയുടെ നക്ഷത്രത്തിൽ വരെ മരം നട്ടിട്ടുണ്ട്. രോഹിണിയാണ് അദ്ദേഹത്തിന്റെ നക്ഷത്രം.

 

ചടങ്ങില്‍ വി.കെ. ശ്രീകണ്ഠന്‍ എംപി തന്റെയും സരോജിനി നായിഡുവിന്റെയും ജന്മ നക്ഷത്രമായ വിശാഖത്തിന്റെ മരമായ വയ്യങ്കത, ഷാഫി പറമ്പില്‍ എം എല്‍ എ തന്റെയും അബുല്‍ കലാം ആസാദിന്റെയും ജന്മ നക്ഷത്രമായ തിരുവോണം നക്ഷത്രത്തിന്റെ മരമായ എരുക്ക് എന്നിവ നട്ടു. പരിപാടിയില്‍ പങ്കെടുത്തവരും തങ്ങളുടേയും നേതാക്കളുടേയും നക്ഷത്രത്തിന്റെ പേരിലുള്ള മരങ്ങള്‍ നട്ടു. കെ കാമരാജിന്റെ പേരില്‍ പൂരൂരുട്ടാതി നക്ഷത്രത്തിന്റെ മരമായ തേന്മാവ്, ബി ആര്‍ അംബേദ്കറുടെ പേരില്‍ തിരുവാതിര നക്ഷത്രത്തിന്റെ മരമായ കരിമരം, സുഭാഷ് ചന്ദ്രബോസിന്റെ പേരില്‍ ഉത്രം നക്ഷത്രത്തിന്റെ മരമായ ഇത്തി, ബാലഗംഗാധര തിലകന്റെ പേരില്‍ രേവതി നക്ഷത്രത്തില്‍ ഇലിപ്പ മരം തുടങ്ങി 27 നേതാക്കളുടെ പേരില്‍ മരങ്ങള്‍ നട്ടു.

 

ഏതു കാര്യം ചെയ്യുമ്പോഴും അതു മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനം ചെയ്യണമെന്ന ചിന്തയോടെയാകണമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. പ്രകൃതിയെ സ്നേഹിക്കുക എന്നതാകണം നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് അത്താച്ചി ഗ്രൂപ്പ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നാം പുനര്‍ചിന്തനം നടത്തേണ്ട വിവിധ മേഖലകളുണ്ട്. ജനസംഖ്യയില്‍ 30 ശതമാനം പേര്‍ക്കും ഇപ്പോഴും മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നില്ല. 15 കോടി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല. രാജ്യത്തെ ഏറ്റവും പാവപ്പെട്ടവനും പ്രയോജനം ലഭിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകുമ്പോഴേ ജനാധിപത്യം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ സാര്‍ഥകമാകുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

 

ലോകത്ത് ഏറ്റവും പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. എന്നാല്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നു പാലുല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള കരാര്‍ ഈയിടെ ഒപ്പുവച്ചു. ഇത് ഇന്ത്യന്‍ ക്ഷീരവിപണിയെ തകര്‍ക്കുന്നതാണ്. കാര്‍ഷിക മേഖല പ്രതിസന്ധിയെ നേരിടുകയാണ്. കൃഷിയില്‍ നിന്നുള്ള വരുമാനം വളരെ തുച്ഛമാണ്. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെക്കുറിച്ചും നാം ഓര്‍ക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു

ചടങ്ങില്‍ എം പി വി കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ എം എല്‍ എ, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി മുരുകദാസ്, എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, വൈസ് പ്രസിസന്റ് എസ് സുനില്‍, വാർഡ് മെമ്പർ കെ വി പുണ്യകുമാരി, അത്താച്ചി ഗ്രൂപ്പ് എം ഡി എന്‍ എസ് വിശ്വനാഥ്, സി ഇ ഒ എന്‍ എച്ച് കല്യാണ കൃഷ്ണന്‍, ചീഫ് കണ്‍സള്‍ട്ടന്റ് ഇ എം ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രകൃതി സംരക്ഷണത്തോടൊപ്പം വംശനാശ ഭീഷണി നേരിടുന്ന മരങ്ങളും ചെടികളും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന അത്താച്ചി ഫാം രാജ്യത്തിന്റെ കാര്‍ഷിക-ആയുര്‍വേദ ചരിത്രത്തെ ഉള്‍ക്കൊണ്ട് വിവിധങ്ങളായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു വരുന്നു. ഭാവി തലമുറയില്‍ പ്രകൃതിയോടുള്ള വിശ്വാസം വർധിപ്പിക്കുന്നതിന് ഉതകുന്ന നിരവധി പരിപാടികളും അത്താച്ചി ട്രസ്റ്റ് നേച്ചറിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്.

English Summary: A mini forest dedicated for freedom fighters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com