‘നിങ്ങളെന്നെ കാണാനിടവന്നാൽ ദുഖിക്കേണ്ടിവരും’; നദിയിൽ തെളിഞ്ഞ മുന്നറിയിപ്പ്!
![Hidden 'Hunger Stones' Reveal Drought Warnings From The Past Hidden 'Hunger Stones' Reveal Drought Warnings From The Past](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2022/8/18/hidden-hunger-stones-reveal-drought-warnings-from-the-past.jpg?w=1120&h=583)
Mail This Article
യൂറോപ്പ് നൂറ്റാണ്ടുകള്‍ക്ക് ശേഷം സമാനതകളില്ലാത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. യൂറോപ്പിലെ പല രാജ്യങ്ങളും കൊടും വേനലിന്‍റെ ഭീഷണിയിലാണ്. വേനല്‍ചൂട് കാരണം സമീപത്തെങ്ങും ഒരാളെ പോലും കാണാനില്ലാത്ത വിധം ഒറ്റപ്പെട്ട് കിടക്കുന്ന പാരിസിലെ ഈഫല്‍ ടവറിന്‍റെ ദൃശ്യം ഇന്‍റര്‍നെറ്റിന്‍റെ ശ്രദ്ധ പിടിച്ച് പറ്റിയത് അടുത്തിടെയാണ്. ഈ കൊടും വേനല്‍ യൂറോപ്പിലെ പല നദികളെയും ബാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വേനല്‍ചൂടില്‍ ഗണ്യമായി ജലനിരപ്പ് താഴുന്ന നദികളില്‍ മുന്‍തലമുറ മുന്നറിയിപ്പെന്നപോലെ രേഖപ്പെടുത്തിയ പല ശിലാലിഖിതങ്ങളും തെളിഞ്ഞ് വരുന്നതും ഇതിനിടെ ലോകം കണ്ടു.
ഹങ്കര്‍ സ്റ്റോണ്‍സ് എന്ന വരള്‍ച്ചാ കല്ലുകള്‍
ഹങ്കര്‍ സ്റ്റോണ്‍സ് എന്ന് പേരിട്ട് വിളിക്കുന്ന ഈ ശിലാ ലിഖിതങ്ങള്‍ നദികളിലെ ജലനിരപ്പ് താഴ്ന്നതോടെ തീരത്തോട് ചേർന്നുള്ള കല്‍ഭിത്തികളിലാണ് തെളിഞ്ഞു വന്നത്. നദിയുടെ ജലനിരപ്പ് താഴുന്നത് എത്ര വലിയ വരള്‍ച്ചയുടെ ലക്ഷണമാണെന്ന് ഭാവി തലമുറയെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കൊത്തി വച്ചതാണ് ഈ ലിഖിതങ്ങള്‍. നദീതീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളുടെ അടിത്തറയായിട്ടുള്ള കല്‍ക്കെട്ടുകളിലാണ് ഈ ലിഖിതങ്ങള്‍ കണ്ടെത്തിയത്.
ചെക്ക് റിപ്പബ്ലിക്കിലൂടെയും ജര്‍മനിയിലൂടെയും ഒഴുകുന്ന എല്‍ബെ നദിക്കരയിലെ കല്‍ക്കെട്ടുകളില്‍ തെളിഞ്ഞ മുന്നറിയിപ്പുകള്‍ ഇതിന് ഉദാഹരണമാണ്. ജര്‍മന്‍ ഭാഷയിലാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സമാനമായ വരള്‍ച്ച നേരിട്ടപ്പോള്‍ പൂര്‍വികര്‍ അതിന്‍റെ രൂക്ഷത വെളിവാക്കാന്‍ എല്‍ബെ നദിക്കരയില്‍ ഇവ കോറിയിട്ടത്. 1616 ലാണ് ഇവയിലൊന്ന് കൊത്തിവക്കപ്പെട്ടത്. നിങ്ങളെന്നെ കാണാന്‍ ഇട വരികയാണെങ്കില്‍, നിങ്ങള്‍ അതികഠിനമായി ദുഖിക്കേണ്ടി വരും എന്നാണ് ഈ കൊത്തിവക്കപ്പെട്ട വാക്കുകളുടെ അര്‍ത്ഥം. ജലനിരപ്പ് കുറഞ്ഞ് ജലക്ഷാമം രൂക്ഷമാകുന്ന അവസ്ഥയെ കുറിച്ചാണ് ഈ മുന്നറിയിപ്പെന്ന് ഗവേഷകര്‍ പറയുന്നു.
500 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ച
വരള്‍ച്ച മൂലമുള്ള ജലക്ഷാമത്തില്‍ കൃഷിനാശവും ഭക്ഷ്യക്ഷാമവും, വിലക്കയറ്റവുമെല്ലാം നേരിട്ട ജനതകളായിരുന്നു ഈ പൂര്‍വികർ. ഈ ശിലാലിഖിതങ്ങളെല്ലാം 1900 ത്തിന് മുന്‍പുള്ളവയാണ്. 1417, 1616, 1707, 1746, 1790, 1800, 1811, 1830, 1842, 1868, 1892,1893 എന്നീ വര്‍ഷങ്ങളിലാണ് അതികഠിനമായ വരള്‍ച്ചയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഈ നദിക്കരയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ല്‍ യൂറോപ്പിലെങ്ങും വീശിയ താപക്കാറ്റിനെ തുടര്‍ന്നുണ്ടായ വരള്‍ച്ചയിലും ഈ ശിലാലിഖിതങ്ങളില്‍ ചിലത് പുറത്ത് കാണാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഏല്‍ബെ നദിയിലെ ശിലാലിഖിതങ്ങള്‍ പൂര്‍ണമായും പുറത്ത് കാണുന്നത് ഇതാദ്യമായാണ്
കഴിഞ്ഞ 500 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് യൂറോപ്പ് ഇപ്പോള്‍ നേരിടുന്നത്. കണക്കുകളനുസരിച്ച്് 2018 ലെ വരള്‍ച്ചയായിരുന്നു അഞ്ഞൂറ് വര്‍ഷത്തിന് ഇടയിലുണ്ടായ ഏറ്റവും രൂക്ഷമായത്. എന്നാല്‍ ഈ വര്‍ഷം സ്ഥിതി കൂടുതല്‍ ഭയാനകമാണെന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ ഗവേഷകനായ ആന്‍ന്ദ്രേ തൊരേഷ് പറയുന്നു. ഇപ്പോഴത്തെ ഈ സ്ഥിതി ഇനിയും മൂന്ന് മാസം വരെ തുടരുമെന്നും ആന്ദ്രെ മുന്നറിയിപ്പ് നല്‍കുന്നു.
യൂറോപ്പിന്‍റെ പാതിയോളം ഭാഗം കൊടും വരള്‍ച്ചയുടെ പിടിയില്‍
യൂറോപ്യന്‍ വരള്‍ച്ചാ നിരീക്ഷണ ഏജന്‍സിയുടെ കണക്കനുസരിച്ച് യൂറോപ്പിന്‍റെ 47 ശതമാനം ഭാഗങ്ങളും ഇതിനകം കൊടും വരള്‍ച്ചയുടെ പിടിയിലാണ്. ഇത് കൂടാതെ 17 ശതമാനം പ്രദേശങ്ങള്‍ ഇതേ സ്ഥിതിയിലേക്കെത്തിയേക്കുമെന്നും കണക്കാക്കുന്നു. ഈ പ്രദേശങ്ങളില്‍ മണ്ണിലെ ഈര്‍പ്പത്തിന്‍റെ അളവ് അപകടകരമായ അളവില്‍ കുറഞ്ഞിരിക്കുകയാണ്. ഇത് മേഖലയിലെ സസ്യങ്ങള്‍ ഉണങ്ങാന്‍ തുടങ്ങുന്നതിനും കാരണമായിട്ടുണ്ട്. ആഗോളതാപനത്തിലെ മാറ്റം മൂലം മഴയുടെ അളവ് കുറഞ്ഞതും അതേസമയം ഭൂമിയില്‍ നിന്ന് ബാഷ്പീകരിച്ച് പോകുന്ന ജലത്തിന്‍റെ അളവ് കൂടിയതുമാണ് യൂറോപ്പിനെ ഇത്ര ആഴത്തിലുള്ള വരള്‍ച്ചയിലേക്ക് തള്ളിവിട്ടത്.
ഇറ്റലിയിലെ പോ നദിയാണ് വരള്‍ച്ചാ മുന്നറിയിപ്പുകള്‍ തെളിഞ്ഞ് വന്ന യൂറോപ്പിലെ മറ്റൊരു നദി. കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍നിരപ്പിലുണ്ടായ മാറ്റവും ഈ നദിയിലെ ജലനിരപ്പ് കുറയുന്നതിന് കാരണമായിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഈ നദിയില്‍ മുങ്ങിയ കപ്പലിന്‍റെ അവശിഷ്ടങ്ങലും ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഇതാദ്യമായി വെളിയില്‍ വന്നിരിക്കുകയാണ്. ഇറ്റലിയിലെ മറ്റൊരു നദിയില്‍ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് രണ്ടാം ലോക മഹായുദ്ധത്തില്‍ തന്നെ ഉപേക്ഷിച്ച ആയിരത്തോളം വരുന്ന ബോബുകളും കണ്ടെത്തിയിരുന്നു.
English Summary: Hidden 'Hunger Stones' Reveal Drought Warnings From The Past