ADVERTISEMENT

നിലമ്പൂർ ചക്കാലക്കുത്ത് ചെന്നാൽ 2 ആശമാരും തത്തയും തമ്മിലുള്ള അപൂർവ ചങ്ങാത്തം കാണാം. മോനെ സിംബൂ എന്ന് ആശമാർ നീട്ടി വിളിച്ചാൽ മരക്കൊമ്പിൽ നിന്ന് തത്ത പറന്നെത്തും. മുത്തം താടാ എന്ന് പറഞ്ഞാൽ കുണുങ്ങി നടന്ന് അടുത്ത് വരും, നെറ്റിയിൽ ചുണ്ടുകൊണ്ട് മുത്തമിടും.

 

നിലമ്പൂർ ചക്കാലക്കുത്തെ ആശാ വർക്കർമാരായ സി.കെ.അജിതയും, പി.ഷീബയും ആണ് സംഭവ കഥയിലെ  നായികമാർ. എവിടെ നിന്നോ പറന്നെത്തിയ തത്ത നായകനും.

 

അജിതയും ഷീബയും അയൽവാസികളാണ്. 2 വർഷം മുൻപ് അജിതയുടെ വീട്ടുപരിസരത്ത് വിശന്ന് കരഞ്ഞ് തത്ത എത്തിയതാണ് സ്നേഹ ബന്ധത്തിന്റെ തുടക്കം. അലിവ് തോന്നി അജിത തീറ്റ വച്ചു കൊടുത്തു. ആദ്യം പേടി കാണിച്ചെങ്കിലും പിന്നെ മടി കൂടാതെ വന്ന് കൊത്തി തിന്നു. വയർ നിറഞ്ഞപ്പോൾ പറന്നകന്നു. പിറ്റേന്ന് അതേ നേരമായപ്പോൾ വീണ്ടുമെത്തി. തീറ്റതിന്ന് പറന്നു പോയി. പിന്നെയത് പതിവായി.

 

തത്തക്ക് അജിതയുടെ മകൻ സിദ്ധാർഥ്, സിംബു എന്ന് പേരിട്ടു. ചങ്ങാത്തം വളർന്നതോടെ സിംബു ഷീബയുടെ വീടിന്റെ ടെറസ്സിൽ താവളം കണ്ടെത്തി. അവിടെ പാർപ്പുറപ്പിച്ചു.  ദിവസവും ചോറും പഴവും നൽകിയ ഷീബയുമായി സിംബു ഇണങ്ങി. ഇഷ്ട ആഹാരമായ സൂര്യകാന്തി പൂവിന്റെ അരി അജിത കരുതി വച്ചിട്ടുണ്ട്. അതു കൈയിലെടുത്ത് പേര് ചൊല്ലി വിളിച്ചാൽ എവിടെയായാലും അരികെ പറന്നെത്തും.

 

ബുദ്ധിമാനാണ് സിംബു. ശത്രുക്കളെ പേടിച്ച് ഇടയ്ക്കിടെ കൂട് മാറിക്കൊണ്ടിരിക്കും. അപരിചിതർ തീറ്റ കാണിച്ചു വിളിച്ചാൽ പോകില്ല. സ്വാതന്ത്ര്യം ഏറെ ഇഷ്ടപ്പെടുന്ന സിംബുവിനെ ഒരാൾ പിടിച്ചു കൂട്ടിലടച്ചു. പാലും പഴവും വച്ചു കൊടുത്തെങ്കിലും കഴിക്കാൻ കൂട്ടാക്കാതെ ദിവസം മുഴുവൻ  കരഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ തുറന്നു വിട്ടു.

 

ഇഷ്ടമില്ലാത്തവർ ചങ്ങാത്തത്തിന് വന്നാൽ സിംബുവിന് ദ്വേഷ്യമാണ്. കൊത്തി പരുക്കേൽപ്പിച്ച സംഭവങ്ങളുണ്ട്.

 

വിഡിയോ, ചിത്രങ്ങൾ: ലാൽ നിലമ്പൂർ

 

English Summary: An unusal friendship between a parrot and asha duo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com