ADVERTISEMENT

ഇസ്രയേൽ തീരത്തിനടുത്തുള്ള പ്രാചീനകാലത്തെ ഹാർബറായ സീസേറിയയിൽ കഴിഞ്ഞ ഡിസംബറിൽ വൻ നിധിശേഖരം കണ്ടെത്തിയിരുന്നു. ഇസ്രയേലി പുരാവസ്തു വകുപ്പിനു കീഴിലുള്ള മുങ്ങൽവിദഗ്ധരാണു ചരിത്രാതീത കാലത്തെ നിധി കണ്ടെത്തിയത്. പൗരാണിക പ്രാധാന്യമുള്ള മേഖലയിൽ സർവേയിങ് നടത്തുന്നതിനിടയിൽ യാദൃച്ഛികമായാണു നിധി വെട്ടപ്പെട്ടതെന്ന് ഇസ്രയേലി പുരാവസ്തുവകുപ്പ് അറിയിച്ചു.

ആദ്യമായി ലോഹത്തിൽ നിർമിതവും കാലപ്പഴക്കത്താൽ നശിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു നങ്കൂരമാണു മുങ്ങൽവിദഗ്ധരുടെ മുന്നിൽ വന്നത്. ഇതെത്തുടർന്ന് കൂടുതൽ വസ്തുക്കളെന്തെങ്കിലും ഇവിടെ ഒളിച്ചിരിക്കുന്നോയെന്നറിയാൻ അവർ ഇവിടെ ശക്തമായ അന്വേഷണം നടത്തി. അപ്പോഴാണു പൗരാണികകാലത്തെ പലവസ്തുക്കളും പൊങ്ങിവന്നത്. 

 

ancient-trove-of-gold-coins-found-off-coast1
Image credit: Kobi Sharvit, courtesy of the Israel Antiquities Authority

എഡി പതിനാലാം നൂറ്റാണ്ടിൽ തകർന്ന രണ്ട് വലിയ കപ്പലുകളിൽ നിന്നുള്ള നിധിയിലേക്കാണു് പര്യവേക്ഷക സംഘം എത്തിച്ചേർന്നത്. ആയിരക്കണക്കിനു പുരാതന നാണയങ്ങളും അമൂല്യവും വ്യത്യസ്തമായ ആഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. സ്വർണം, വെള്ളി, വെങ്കലം എന്നിവയിൽ നിർമിച്ചതാണു നാണയങ്ങൾ.  അമൂല്യമായ ഒരു രത്നക്കല്ല്, വെങ്കലത്തിൽ നിർമിച്ച മണികൾ, അക്കാലത്ത് റോമൻ സാമ്രാജ്യത്തിന്റെ ചിഹ്നമായിരുന്ന കഴുകന്റെ രൂപത്തിലുള്ള ലോഹപ്രതിമ, മുഖം മൂടി ധരിച്ച നർത്തകിയുടെ ശിൽപം, മൺപാത്രങ്ങൾ എന്നിവയൊക്കെ നിധിയിൽ ഉൾപ്പെടുന്നു. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും കൗതുകകരവും അമൂല്യവുമായ നിധിവസ്തു ഇവയൊന്നുമല്ല, അതൊരു സ്വർണമോതിരമാണ്. എട്ടുകോണുകളുള്ള ഘടനയുള്ള മോതിരത്തിനു നടുക്ക് പച്ച നിറത്തിൽ ഒരു രത്നക്കല്ല്. അതിൽ ആട്ടിടയന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. 

 

സമാനരീതിയിലുള്ള നാണയങ്ങൾ റോമിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പുരാവസ്തു വിദഗ്ധർ പറയുന്നു. എന്നാൽ കപ്പലുകൾ ആരുടേതാണെന്നോ എങ്ങനെയാണവ തകർന്നതെന്നോ ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല. ഇതിനായി പഠനങ്ങൾ തുടരുകയാണ്. മെഡിറ്ററേനിയൻ തീരത്ത്,ഹെയ്ഫ നഗരത്തിനു തെക്കായാണു സീസേറിയ സ്ഥിതി ചെയ്യുന്നത്. ബിസി 10ൽ ജുദിയയിലെ രാജാവായ ഹെറോദിന്റെ കാലത്താണ് ഈ നഗരം വിപുലമായി പണിതീർത്തത്. വിഖ്യാത റോമൻ ചക്രവർത്തി അഗസ്റ്റസ് സീസറിന്റെ പേരിൽ ഇതു നാമകരണം ചെയ്യപ്പെട്ടു. ഹെറോദിന്റെ കാലഘട്ടത്തിൽ വ്യാവസായികമായി ഏറെ പ്രാധാന്യമുണ്ടായിരുന്ന നഗരമാണ് ഇത്. പിന്നീട് ഇതു ശോഷിച്ചു.

 

English Summary: Spectacular ancient treasure discovered at sea off the coast of Caesarea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com