ADVERTISEMENT

അമേരിക്കയിലെ ടെന്നസെ മേഖലയിലാണ് ഭൂമിക്കടിയിലായി ഒരു തടാകമുള്ളത്. തടാകമെന്ന് വിശേഷിപ്പിക്കുമെങ്കിലും ഇതുവരെ ഈ ജലശേഖരത്തിന്‍റെ വ്യാപ്തി എത്രയാണെന്ന് കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അമേരിക്കയുടെ നഷ്ടപ്പെട്ടു പോയ സമുദ്രം അഥവാ ലോസ്റ്റ് സീ എന്ന വിളിപ്പേരും ഈ തടാകത്തിനുണ്ട്. ടെന്നസെയിലെ ക്രെയ്ഗ് ഹെഡ് കെവേണ്‍ മേഖലയിലാണ് ഈ തടാകമുള്ളത്. ഇതേ മേഖലയിലെ തന്നെ ഗുഹ പോലുള്ള ഒരു പ്രദേശത്ത് കൂടി ഈ തടാകത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. അതേസമയം ഈ തടാകത്തിന്‍റെ വ്യാപ്തി അറിയാന്‍ ഇതുവരെ നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും ഒന്നും വിജയിച്ചിട്ടില്ല.

ലോകത്തെ ഏറ്റവും വലിയ ഭൂഗര്‍ഭജലതടാകങ്ങളില്‍ ഒന്ന് 

അമേരിക്കയിലെ മഞ്ഞുപുതഞ്ഞ മേഖലയ്ക്ക് പുറത്തുള്ള ഭൂഗര്‍ഭതടാകങ്ങള്‍ എടുത്താല്‍ ഇപ്പോള്‍ കണക്കാക്കിയിട്ടുള്ള വലുപ്പമനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ തടാകമാണ് ടെന്നസിയിലേത്. സമാനമായ രീതിയില്‍ കണക്കാക്കിയാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂഗര്‍ഭജലതടാകവും ഈ ടെന്നസെ തടാകമാണ്. ടെന്നസെയിലെ സ്വീറ്റ് വാട്ടര്‍, മാഡിസണ്‍ വില്ലെ എന്നീ പട്ടണങ്ങള്‍ക്ക് മധ്യത്തിലായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇതില്‍ സ്വീറ്റ് വാട്ടര്‍ മേഖലയിലാണ് ഈ തടാകത്തിലേക്കുള്ള പ്രവേശനകവാടമായ തുരങ്കമുള്ളത്.

ജൈവശാസ്ത്രപരമായും ഭൗമശാസ്ത്രപരമായും ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള തടാകം കൂടിയാണ് ടെന്നസെയിലേത്. അതുകൊണ്ട് തന്നെ ദേശീയ പ്രകൃതി പൈതൃക പട്ടികയില്‍ ഈ തടാകത്തെ അധികൃതര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യര്‍ ഈ മേഖലയിലേക്ക്കടന്ന് വരും മുന്‍പ് പിന്നീട് വംശനാശം സംഭവിച്ച വലിയ ജഗ്വാറുകളുടെ താവളമായിരുന്നു ഈ തടാകത്തിലേക്കുള്ള തുരങ്കങ്ങള്‍. പിന്നീട് അമേരിക്കയിലെ പ്രദേശിക ഗോത്രവര്‍ഗമായി ഉരുത്തിരിഞ്ഞ് വന്ന ചെറോകെ വിഭാഗക്കാരും ഈ തുരങ്കത്തെ സുരക്ഷിത താവളമായി ഉപയോഗിച്ചിരുന്നു. ഇവരുടെ കരകൗശല വസ്തുക്കളുടെയും മറ്റും അവശിഷ്ടങ്ങള്‍ ഈ ഗുഹയില്‍ നിന്ന് ലഭിച്ചിരുന്നു.

ചരിത്രത്തിലെ രേഖപ്പെടുത്തലുകള്‍

തുടര്‍ന്നിങ്ങോട്ട് യൂറോപ്യന്‍മാരുടെ കുടിയേറ്റത്തിന്‍റെ വിവിധ ഘട്ടങ്ങളിലും ഈ ഗുഹാ ചരിത്രത്തില്‍ പലപ്പോഴും രേഖപ്പെടുത്തി. സ്വാതന്ത്രസമര കാലത്ത് അമേരിക്കന്‍ ദേശീയ വാദികളുടെ ആയുധ സൂക്ഷിപ്പ് കേന്ദ്രമായും സിവില്‍ സമരകാലത്ത് ഒളിച്ചിരിക്കാനുള്ള പ്രദേശമായും പിന്നീട് മൂണ്‍ലൈറ്റ് എന്ന അമേരിക്കയിലെ കുപ്രസിദ്ധമായ വാറ്റ് ചാരായത്തിന്‍റെ നിർമാണ കേന്ദ്രമായുമെല്ലാം ഈ ഗുഹ മാറി. എങ്കിലും ഈ ഗുഹയ്ക്കുള്ളില്‍ കടന്ന് ലോസ്റ്റ് സീ എന്ന ഈ തടാകം ആധുനിക ലോകത്തിന് പരിചയപ്പെടുത്തിയത് 1905 ല്‍ ഒരു കുട്ടിയാണ്. ബെന്‍ സാന്‍ഡ് എന്ന കുട്ടി ഈ ഗുഹയ്ക്കുള്ളിലൂടെ സഞ്ചരിച്ച് ഒടുവില്‍ ഈ തടാകത്തില്‍ അകപ്പെട്ടു പോവുകയായിരുന്നു. 

ഗുഹയ്ക്കുള്ളിലൂടെ സഞ്ചരിച്ചാല്‍ കാണാന്‍ സാധിക്കുന്ന ഈ തടാകത്തിന്‍റെ ഭാഗത്തിന് 243 മീറ്റര്‍ നീളവും 67 മീറ്റര്‍ വീതിയുമാണുള്ളത്. എന്നാല്‍ ഇതിനും അപ്പുറത്തേക്ക് ഭൂമിക്കടിയില്‍ ഈ തടാകം വ്യാപിച്ചു കിടക്കുന്നുണ്ട്. ഇതിന് ശേഷം ഒരിക്കല്‍ ഒരു മുങ്ങല്‍ വിദഗ്ധന്‍ ഗുഹയ്ക്കുള്ളിലെ തടാകത്തിലിറങ്ങി നിരീക്ഷിക്കുകയുണ്ടായി. അന്ന് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ഏതാണ്ട് 13 ഹെക്ടര്‍ ചുറ്റളവ് വരെയുള്ള തടാകത്തിന്‍റെ വ്യാപ്തി കണ്ടെത്താനായി.

ഇന്നും അളക്കാന്‍ കഴിയാത്ത തടാകത്തിന്‍റെ വ്യാപ്തി

എന്നാല്‍ അന്നും തടാകത്തിന്‍റെ അറ്റം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ കണക്കാക്കിയ അളവ് വച്ചാണ് മഞ്ഞിനടിയില്‍ അല്ലാത്ത ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂഗര്‍ഭതടാകം എന്ന പേര് ഈ തടാകത്തിന് ലഭിച്ചത്.   എന്നാല്‍ ഇതിനും അപ്പുറത്തേക്ക് മറഞ്ഞു കിടക്കുന്ന തടാകഭാഗത്തിന്‍റെ അളവ് ഇന്നും അജ്ഞാതമായി തുടരുന്നത്. ഇതുവരെ ഈ പ്രദേശത്തേക്ക് ആരും കടന്ന് ചെല്ലുകയോ, പഠനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ഒരു പക്ഷേ ഈ തടാകത്തിന്‍റെ ചുറ്റളവ് പൂര്‍ണമായും മനസ്സിലാക്കി കഴിഞ്ഞാല്‍ മഞ്ഞുമേഖലയില്‍ അല്ലാത്ത ലോകത്തെ ഏറ്റവും വലിയ ഭൂഗര്‍ഭജല തടാകം എന്ന റെക്കോര്‍ഡ് നിലവില്‍ അത് കയ്യാളുന്ന നമീബിയയിലെ ഡ്രാഗണ്‍ ബെര്‍ത്ത് എന്ന ഭൂഗര്‍ഭ തടാകത്തിന് നഷ്ടമായാലും അദ്ഭുതപ്പെടാനില്ലെന്ന് ഗവേഷകർ പറയുന്നു.

English Summary: America's Underground "Lost Sea" Is So Vast It's Never Been Fully Explored

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com