ADVERTISEMENT

മധ്യപ്രദേശിലേക്ക് ചീറ്റകൾ വരുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലെ ശ്രദ്ധേയമായ വാർത്തകളിലൊന്നാണ്. മറ്റന്നാളാണ് ആഫ്രിക്കയിലെ നമീബിയയിൽ നിന്ന് രാജസ്ഥാനിലെ ജയ്പുർ വിമാനത്താവളത്തിലേക്ക് കാർഗോ പ്ലെയിനുകളിൽ 8 ചീറ്റകളെത്തുന്നത്. പിന്നീട് ഹെലിക്കോപ്റ്ററിലോ റോഡ് മാർഗമോ ഭോപ്പാലിനടുത്തുള്ള കുനോ ദേശീയോദ്യാനത്തിലെത്തിക്കും. ഇന്ത്യയിൽ മുൻകാലത്ത് ചീറ്റകളുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്തിവ നാമാവശേഷമായി.1948ൽ ഛത്തീസ്ഗഡിലെ കോറിയയിലാണ് അവസാനത്തെ ചീറ്റ അന്ത്യശ്വാസം വലിച്ചത്. ചിത്രയ എന്ന സംസ്‌കൃത വാക്കിൽ നിന്നോ, അല്ലെങ്കിൽ ചിതാ എന്ന ഹിന്ദി, ഉർദ്ദു വാക്കിൽ നിന്നോ ആണ് ചീറ്റ എന്ന പേര് വന്നിട്ടുള്ളതെന്ന് കരുതപ്പെടുന്നു.

 

ലോകത്തിലെ സവിശേഷ മൃഗങ്ങളിലൊന്നാണ് ചീറ്റകൾ. ലോകത്തിലെ ജീവികളിൽ ഏറ്റവും വേഗത്തിൽ ഓടാനുള്ള കഴിവാണ് ചീറ്റകളെ അദ്വിതീയരാക്കുന്നത്. മണിക്കൂറിൽ 80 മുതൽ 100 വരെ കിലോമീറ്റർ വേഗത്തിൽ ഓടാനുള്ള കഴിവ് ഇവയ്ക്കുണ്ട്. മനുഷ്യരുടെ സാധാരണ വേഗം മണിക്കൂറിൽ 13 കിലോമീറ്റർ എന്നതാണ്. ഏറ്റവുമുയർന്ന വേഗം മനുഷ്യർ കൈവരിച്ചിട്ടുള്ളത് മണിക്കൂറിൽ 43.99 എന്ന വേഗവും (ഉസൈൻ ബോൾട്ട്)

സിംഹം, കടുവ, ജാഗ്വർ പുലി, ലെപ്പേർഡ് പുലി തുടങ്ങിയ ജീവിലോകത്തെ വീരശൂരപരാക്രമികൾ അടങ്ങിയ മാർജാര കുടുംബത്തിൽപെട്ടതാണു ചീറ്റകൾ. പുലികളെ അനുസ്മരിപ്പിക്കുന്ന ആകാരവും ഇവയ്ക്കുണ്ട്. എന്നാൽ കുടുംബത്തിന്‌റെയും രൂപത്തിന്‌റെയും ഗാംഭീര്യമൊന്നും ചീറ്റകളുടെ ശബ്ദത്തിനില്ല. പക്ഷികളെപ്പോലെ ചിർപ് ശബ്ദമാണ് ഇവയുടെ കരച്ചിൽ. യൂട്യൂബിലോ മറ്റോ ചീറ്റകളുടെ കരച്ചിലിനായി ഒന്നു തിരഞ്ഞുനോക്കൂ, പക്ഷികളാണ് കരയുന്നതെന്ന് നമുക്ക് തോന്നിപ്പോകും.

 

ചീറ്റകൾ സാധാരണ ഈ ശബ്ദമാണ് പുറപ്പെടുവിക്കാറുള്ളതെങ്കിലും മറ്റ് പലതരം ശബ്ദങ്ങളും ഇവയുടെ കണ്ഠനാളികളിൽ നിന്നു വരാറുണ്ട്. സീൽക്കാരങ്ങളും ചെറിയ കുരപോലുള്ള ശബ്ദങ്ങളുമൊക്കെ ഇക്കൂട്ടത്തിൽപെടും. എന്നാൽ ഇവയൊന്നും സിംഹങ്ങളുടെയോ പുലികളുടെയോ കടുവകളുടേയോ ഗർജനവുമായി താരതമ്യപ്പെടുത്താനാവില്ല. ചീറ്റകൾക്ക് ഗർജനത്തിനുള്ള കഴിവില്ല. നാട്ടുപൂച്ചയുൾപ്പെടെ അടങ്ങിയ മാർജാരകുടുംബത്തിനെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. പാന്ഥറിനെ, ഫെലിനെ എന്നീ വിഭാഗങ്ങളായാണ് ഈ തരംതിരിവ്. ഫെലിനെ വിഭാഗത്തിൽ ചീറ്റകൾ മുതൽ നാട്ടുപൂച്ചകൾ വരെയുണ്ട്. ഫെലിനെയിൽ ഉൾപ്പെടുന്ന ജീവികൾക്ക് ശ്വാസനാളിക്ക് സമീപം എപിഹ്യാൽ ബോൺ എന്ന ഒരു ചെറിയ എല്ലുണ്ട്. ഗർജിക്കാനുള്ള കഴിവ് ഇവയ്ക്ക് ഇല്ലാതെ പോയത് അക്കാരണത്താലാണ്. എന്നാല് പാന്ഥറിനെ വിഭാഗത്തിലുൾപ്പെടുന്ന സിംഹത്തിനും കടുവയ്ക്കും പുലിക്കും ഈ എല്ലിനു പകരം ലിഗമെന്റുകളാണ്. അതിനാൽ തന്നെ ഇവയ്ക്ക് കിലോമീറ്ററുകൾ സഞ്ചരിക്കുന്ന ഗർജനശബ്ദങ്ങൾ പുറപ്പെടുവിക്കാം.

 

ആഫ്രിക്കയിലും ഇറാനിലെ ചില പ്രദേശങ്ങളിലും മാത്രമാണ് ചീറ്റകൾ അധിവസിക്കുന്നത്. ഒറ്റയ്‌ക്കോ അല്ലെങ്കിൽ അഞ്ചോ ആറോ മൃഗങ്ങൾ അടങ്ങിയ ഗ്രൂപ്പുകളായോ ആണ് ചീറ്റകൾ ജീവിക്കുന്നത്. ആഫ്രിക്കയിലെ ചീറ്റകൾ തെക്കുകിഴക്കൻ ആഫ്രിക്കൻ, വടക്കുകിഴക്കൻ ആഫ്രിക്കൻ, വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ ഉപവിഭാഗങ്ങളിൽപെടുന്നവയാണ്. ഇറാനിലുള്ളത് ഏഷ്യാട്ടിക് ചീറ്റയാണ്, പണ്ട് ഇന്ത്യയിൽ ഉണ്ടായിരുന്നതും ഇവ തന്നെ.

ചീറ്റകൾ പൊതുവെ നാണംകുണുങ്ങികളായ മൃഗങ്ങളാണ്. സിംഹം പോലുള്ള ശക്തരായ മൃഗങ്ങളുമായി സംഘർഷം ഉടലെടുക്കുന്ന പക്ഷം ഇവ പൊരുതാനല്ല, മറിച്ച് ഓടിരക്ഷപെടാനാണു ശ്രമിക്കുക. മനുഷ്യരെ ആക്രമിക്കാനും ചീറ്റയ്ക്ക് വലിയ താൽപര്യമില്ല. വനങ്ങളിലും മറ്റും ചീറ്റകൾ മനുഷ്യരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവങ്ങളും കുറവാണ്.

 

English Summary: First batch of Cheetahs being brought from Namibia to Kuno National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com