സമുദ്രാന്തര്‍ഭാഗത്തെ വിചിത്ര വെള്ളച്ചാട്ടം; മൗറീഷ്യസ് ദ്വീപും മെലിയുന്നു, കാരണം?
Mail This Article
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍റെ കിഴക്കന്‍ മേഖലയിലുള്ള ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ആഫ്രിക്കയില്‍ നിന്ന് ഏറെ അകന്ന്, മഡഗാസ്കറിനും അപ്പുറത്തായാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലായി മൗറീഷ്യസ് സ്ഥിതി ചെയ്യുന്നത്. ലോക സാമ്പത്തിക മാപ്പില്‍ ചെറുതല്ലാത്ത പങ്കാളിത്തമുള്ള മൗറീഷ്യസിന്‍റെ പ്രധാന വരുമാനങ്ങളില്‍ ഒന്ന് ടൂറിസമാണ്. മനോഹരമായ കടൽത്തീരങ്ങള്‍ കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും സമ്പന്നമായ മൗറീഷ്യസ് വിനോദസഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ്.
മൗറീഷ്യസിലെ അദ്ഭുത കാഴ്ചകളില്‍ ഒന്നാണ് കടലിനുള്ളിലെ വെള്ളച്ചാട്ടം. അതും സമുദ്രനിരപ്പില്‍ നിന്ന് അധികം താഴെയല്ലാതെയുള്ള ഈ വെള്ളച്ചാട്ടം ഡ്രോണ്‍ ദൃശ്യങ്ങലിലെല്ലാം വളരെ വ്യക്തമായി കാണാനാകും. തീരത്തോട് ചേര്‍ന്ന് പരന്ന് കിടക്കുന്ന കടലിന് നടുവിലായാണ് ഈ വെള്ളച്ചാട്ടമുള്ളത്. കടല്‍ വെള്ളം അഗ്നിപര്‍വതത്തിന്‍റെ ഭാഗമായി രൂപപ്പെട്ട വിശാലമായ ഗര്‍ത്തത്തിലേക്ക് വീഴുന്നതിലൂടെയാണ് ഈ വെള്ളച്ചാട്ടം രൂപപ്പെടുന്നത്.
മസ്കറീന്‍ പീഠഭൂമി
അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ ഫലമായി രൂപപ്പെട്ട മസ്കറീന്‍ എന്നറിയപ്പെട്ടുന്ന പീഠഭൂമിയുടെ മുകളിലാണ് മൗറീഷ്യസ് സ്ഥിതി ചെയ്യുന്നത്. ഈ പീഠഭൂമി ചുറ്റുമുള്ള മറ്റ് സമുദ്ര അടിത്തട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ഉയരത്തിലാണ്. ഈ ഉയരവ്യത്യാസം തന്നെയാണ് വെള്ളച്ചാട്ടത്തിന്‍റെ രൂപപ്പെടലിലേക്ക് നയിച്ചതും. കാഴ്ചയിലുള്ള സൗന്ദര്യം ആകര്‍ഷകമാണെങ്കിലും, പീഠഭൂമിക്കു മുകളിലുള്ള ഈ ദ്വീപിന്‍റെ നിലനില്‍പ് അത്ര സുരക്ഷിതമല്ലെന്നതാണ് സത്യം.
ചുറ്റുമുള്ള കടലിന്‍റെ അടിത്തട്ട് ആഴത്തിലുള്ളതായത് കൊണ്ട് തന്നെ മൗറീഷ്യസില്‍ നിന്നുള്ള മണ്ണിന്‍റെയും മണലിന്‍റെയും ഒലിച്ച് പോക്ക് വളരെ വലുതാണ്. സാധാരണ തീരപ്രദേശത്ത് ഉണ്ടാകുന്നതിനേക്കാള്‍ മണ്ണൊലിപ്പിന്‍റെ രൂക്ഷത മൗറീഷ്യസില്‍ വർധിക്കാന്‍ കാരണം കാഴ്ചയില്‍ അദ്ഭുതമായി തോന്നുന്ന ഈ വെള്ളച്ചാട്ടം തന്നെയാണ്. ഈ വെള്ളച്ചാട്ടമാണ് വലിയ അളവില്‍ ദ്വീപിലെ മണ്ണിനെ അഗ്നിപര്‍വ്വത ഗര്‍ത്തത്തിലേക്ക് നിക്ഷേപിക്കുന്നത്. അതേസമയം ഈ പ്രതിഭാസത്തില്‍ അസാധാരണത്വം ഒന്നുമില്ലെന്നും പീഠഭൂമിക്ക് മുകളില്‍ രൂപം കൊള്ളുന്ന ദ്വീപുകളില്‍ സ്വാഭാവികമയി ഇത് സംഭവിക്കാറുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
വെള്ളമണല്‍ത്തരികളാണ് മൗറീഷ്യസിന്‍റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത്. 2 ബില്യണ്‍ വര്‍ഷത്തോളം പഴക്കമുള്ളവയാണ് ഈ മണല്‍ത്തരികളെന്ന് കണ്ടെത്തിയിരുന്നു. സിര്‍കോണ്‍സ് എന്നറിയപ്പെടുന്ന ഈ വെള്ള മണല്‍ത്തരികള്‍ ആയിരക്കണക്കിന് മീറ്റര്‍ ആഴമുള്ള അഗ്നിപര്‍വത ഗര്‍ത്തത്തിലേക്കാണ് പതിക്കുന്നത്. താഴേക്ക് പതിക്കുന്ന വെള്ളത്തേക്കാള്‍ ഈ മണല്‍ത്തരികളാണ് വെള്ളച്ചാട്ടത്തിന്റെ പ്രതീതി കാഴ്ചയില്‍ സൃഷിക്കുന്നത്.
മൗറീഷ്യസ് ദ്വീപ്
ഏതാണ്ട് 80 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇന്ന് മൗറീഷ്യസ് ദ്വീപ് സ്ഥിതി ചെയ്യുന്ന പീഢഭൂമിയുടെ ഉദ്ഭവം. മേഖലയിലുണ്ടായ സജീവ അഗ്നിപര്‍വത സ്ഫോടനമാണ് കുത്തനെയുള്ള ഈ ദ്വീപ മേഖലയുടെ ഉദ്ഭവത്തിലേക്ക് നയിച്ചത്. മൗറീഷ്യ എന്ന ഭൗമ കരപാളിയുടെ ഭാഗമായിട്ടുള്ള ഈ പ്രദേശത്ത് തുടരെയുള്ള സ്ഫോടനങ്ങളിലൂടെ മാഗ്മ അടിഞ്ഞുകൂടുകയും സ്വതവേ ആഴം കുറവായ സമുദ്രമേഖലയുള്ള ഈ പ്രദേശത്ത് നിരവധി ചെറു ദ്വീപുകള്‍ രൂപം കൊള്ളുകയും ചെയ്തു. മാസ്കറേന്‍ പീഠഭൂമിയില്‍ നിന്ന് തന്നെയുള്ള മസ്കരേന്‍ ദ്വീപസമൂഹം എന്നാണ് മൗറീഷ്യസ് ഉള്‍പ്പെടുന്ന ഈ ദ്വീപസമൂഹത്തെ ഗവേഷകര്‍ വിളിക്കുന്നത്.
ഈ ഭൗമശാസ്ത്രപരമായ പ്രത്യേകതകള്‍ മൗറീഷ്യസിന്റെ പരിമിതികള്‍ കൂടിയാണ്. ഭൂമിയിലെ മറ്റ് ദ്വീപ് മേഖലകളെയും വന്‍കരകളെയും വച്ച് നോക്കിയാല്‍ മൗറീഷ്യസ് അതിന്‍റെ ശൈശവ കാലഘട്ടത്തിലാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ മൗറീഷ്യസിന്‍റെ വളര്‍ച്ച നിലച്ചു കഴിഞ്ഞു. ഇത് മാത്രമല്ല വരുന്ന ഏതാനും ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ മൗറീഷ്യസിന്‍റെ വിസ്തൃതി ചുരുങ്ങാന്‍ തുടങ്ങും. സമുദ്രാന്തര്‍ഭാഗത്തെ വെള്ളച്ചാട്ടത്തിന്‍റെ പ്രതീതി സൃഷിക്കുന്ന വെള്ളമണലിന്‍റെ ഒലിച്ചു പോക്കാണ് ഇങ്ങനെ ദ്വീപ് മെലിയുന്നതിന് കാരണമാകുന്നത്.
English Summary: What's Up With This "Underwater Waterfall" In Mauritius?