ADVERTISEMENT

ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടർന്ന് കൈലാസത്തിലേക്കു പോകുന്ന വഴിയിലെ മലയുടെ ഒരുഭാഗം ഇടിഞ്ഞുവീണു. വെള്ളിയാഴ്ച വൈകുന്നേരം ഉത്തരകാശിയിലെ നജാങ് താംബ ഗ്രാമത്തിന് സമീപമുള്ള മലയാണ് ഇടിഞ്ഞത്. തുടർന്ന് കൈലാസ യാത്രയ്ക്കായി ഉപയോഗിക്കുന്ന പ്രധാനപാതയായ തവാഘട്ട് ലിപുലേഖ് ദേശീയപാത അടച്ചിട്ടു. മലയിടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കനത്ത മഴയിൽ ഉത്തരകാശിയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഹെൽഗുഗാഡിനും സ്വരിഗാഡിനും സമീപത്തുള്ള മലയിലെ പാറക്കൂട്ടങ്ങൾ റോഡിൽ വീണ് ഋഷികേശ്– ഗംഗോത്രി ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. വികാസ്നഗർ–കൽസി–ബർകോട്ട് ദേശീയപാതയിലും സമാന അവസ്ഥയാണ്. സെപ്റ്റംബർ 25വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ ഉണ്ടാകുന്നതെങ്ങനെ?
കനത്ത മഴ പെയ്യുമ്പോൾ സംഭരണശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ചു മണ്ണിനടിയിൽ മർദം വർധിക്കുന്നു. ഈ മർദത്തിന്റെ ഫലമായി വെള്ളം പുറത്തേക്കു ശക്‌തിയിൽ കുതിച്ചൊഴുകുന്നു. ഇതിനൊപ്പം ഇളകിയ മണ്ണും പാറകളും കടപുഴകിയ മരങ്ങളും ഒഴുകും.

ചെരിവുള്ള സ്ഥലങ്ങളിൽ ഉരുൾപൊട്ടലിനു സാധ്യത

ഏകദേശം 22 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടാവാൻ സാധ്യത കൂടുതൽ. മണ്ണിടിച്ചു നീക്കുന്നതും പാറകൾ പൊട്ടിച്ചെടുക്കുന്നതും ഉരുൾപൊട്ടലിനു കാരണമാകും.ഉരുൾപൊട്ടൽ സാധ്യതയുള്ള സ്‌ഥലങ്ങളുടെ ഭൂപടം ജിയോളജി വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അധികൃതർ കരുതൽ നടപടി സ്വീകരിക്കുക. 24 മണിക്കൂറിൽ കൂടുതൽ നിർത്താതെ തുടർച്ചയായി മഴ പെയ്യുകയാണെങ്കിൽ ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി കാണണം. മലയടിവാരത്തും മലമുകളിലും കുന്നിൻചെരിവുകളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. 

English Summary: Parts Of Hill Crash In Massive Landslide In Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com