ADVERTISEMENT

ദീർഘദൂരം സഞ്ചരിക്കുന്ന പക്ഷികളാണ് ദേശാടനപ്പക്ഷികൾ. ഇപ്പോഴിതാ ഒരു ദേശാടനപ്പക്ഷിയുടെ സഞ്ചാരം ലോകറെക്കോർഡ് നേടിയിരിക്കുകയാണ്. ബാർ ടെയിൽഡ് ഗോഡ്‌വിറ്റ് എന്നു പേരുള്ള ഒരിനം ദേശാടനപ്പക്ഷിവിഭാഗത്തിലെ ഒരു കുട്ടിപ്പക്ഷിയാണ്13, 560 കിലോമീറ്റർ ദൂരം നിർത്താതെ പറന്നത്. ഉത്തരധ്രുവമേഖലയ്ക്കു സമീപം കാനഡയോട് അടുത്ത് കിടക്കുന്ന യുഎസിന്റെ അലാസ്ക സംസ്ഥാനത്തു നിന്നു പറന്ന ഈ പക്ഷി ഓസ്ട്രേലിയൻ ദ്വീപായ ടാസ്മാനിയ വരെയാണ് ഒറ്റപ്പറക്കൽ പറന്നത്.

 

ഇതിനിടയിൽ ഒരിടത്തും നിന്നില്ല ഈ പക്ഷി. ഇതോടെ ഏറ്റവും നീണ്ട പക്ഷിപ്പറക്കലിനുള്ള ലോകറെക്കോർഡ് ഈ പെൺപക്ഷിയെത്തേടി വന്നു. ഈ പക്ഷി അലാസ്കയിൽ നിന്ന് ഒക്ടോബർ 13നാണു പുറപ്പെട്ടത്. ഇതിന്റെ കഴുത്തിൽ ഒരു ഇലക്ട്രോണിക് ടാഗ് നിരീക്ഷകർ നേരത്തെ ഘടിപ്പിച്ചിരുന്നു. ഈ ടാഗ് ഉപഗ്രഹങ്ങൾ വച്ചുനിരീക്ഷിച്ചാണ് പക്ഷി പറന്ന പാത ശാസ്ത്രജ്ഞർ കണക്കാക്കിയത്. ഒടുവിൽ ഒരു വലിയ പറക്കലിനു ശേഷം ടാസ്മാനിയയിലെ ആൻസൻസ് ബേ മേഖലയിൽ ഈ പക്ഷി വന്നണഞ്ഞു.

 

ഇതിനു മുൻപ് ഏറ്റവും കൂടുതൽ ദൂരം നിർത്താതെ ഒരു പക്ഷി പറന്നതിനുള്ള റെക്കോർഡും ഗോഡ്‌വിറ്റ് വിഭാഗത്തിലുള്ള ഒരു ആൺപക്ഷിക്കായിരുന്നു. 13,000 കിലോമീറ്ററാണ് പക്ഷി പറന്നത്. ആ റെക്കോർഡാണ് ഇപ്പോഴത്തെ കഥാനായികയായ പെൺപക്ഷി തകർത്തിരിക്കുന്നത്. മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓർണിത്തോളജി ട്രാക്ക് ചെയ്തതു പ്രകാരം ഹവായി ദ്വീപിനു പടിഞ്ഞാറുള്ള റൂട്ടാണ് പക്ഷി പറക്കലിനായി തിര‍ഞ്ഞെടുത്തത്. പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിനു മുകളിലൂടെയായിരുന്നു പക്ഷിയുടെ പറക്കൽ.

 

സ്കോളോ പാസിഡെ എന്ന പക്ഷികുടുംബത്തിൽ ലിമോസ എന്ന ജനുസ്സി‍ൽപ്പെട്ട പക്ഷികളാണ് ഗോഡ്വിറ്റുകൾ. കക്കകളും മറ്റുമാണ് ഇവയുടെ സ്ഥിരം ആഹാരം. ആഹാരം സുഭിക്ഷമായിട്ടുള്ളിടങ്ങളിലേക്ക് ഒരുമിച്ചു പറന്നുപോകുന്നത് ഇവയുടെ ശീലമാണ്. ചെറുതായി മുകളിലേക്കു കൂർത്തിരിക്കുന്ന കൊക്കുകളാണ് ഇവയെ തിരിച്ചറിയാനുള്ള പ്രധാന അടയാളം. ഗോഡ്‌വിറ്റുകളെ ഒരുകാലത്ത് ബ്രിട്ടനിലുംമറ്റും ഭക്ഷണായി ഉപയോഗിച്ചിരുന്നു.

 

English Summary: Longest nonstop bird flight: A new world record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com