ADVERTISEMENT

ചെറു പ്രാണികളെ കണ്ടാൽ പൊതുവേ ആരും അവയെ ഭയപ്പെടാറില്ല. എന്നാൽ വലുപ്പത്തിൽ ചെറുതാണെങ്കിലും ഇര പിടിക്കാനും സ്വയരക്ഷയ്ക്കുമായി മനുഷ്യനെക്കാൾ വലിയ തന്ത്രങ്ങൾ പ്രയോഗിക്കുന്ന പ്രാണികളും ഭൂമിയിലുണ്ട്. അവയിലൊന്നാണ് കിഴക്കൻ ആഫ്രിക്കയിലും ഏഷ്യയിലുമൊക്കെയായി കാണപ്പെടുന്ന ഒരു ചെറു ജീവി. മറ്റു ജീവികളുടെ ശരീരം തുളച്ച് സ്രവം വലിച്ചുകുടിച്ചു ജീവിക്കുന്ന കൊലയാളി പ്രാണികളുടെ കൂട്ടത്തിൽ പെടുന്ന ഈ പ്രാണിയുടെ ശാസ്ത്രീയ നാമം അകാന്താസ്പിസ് പെറ്റാക്സ് എന്നാണ്.

 

Assassin Bug Stacks Its Victims on Its Back to Create Cloak of Death
Image Credit: Herman Wong HM/ Shutterstock

മറ്റ് കൊലയാളി പ്രാണികളെ പോലെ തന്നെക്കാൾ ചെറിയവയെ ഇരയാക്കി ശരീരത്തിലുള്ള സ്രവം വലിച്ചു കുടിച്ചാണ് അകാന്താസ്പിസ് പെറ്റാക്സും ജീവിക്കുന്നത്. എന്നാൽ ഇതിന് മറ്റൊരു സ്വഭാവം കൂടിയുണ്ട്. ഇത്തരത്തിൽ കൊല്ലുന്ന ഇരകളുടെ ജഡം ഉപയോഗിച്ച് സ്വന്തം ശരീരത്തിന് ഒരു കവചം സൃഷ്ടിച്ചാണ് ഇവയുടെ നടപ്പ്. പ്രധാനമായും ഉറുമ്പുകളെയാണ് ഇവ ഇരയാക്കുന്നത്. അതിനാൽ കവചം ഉണ്ടാക്കാനായി കൂടുതലായി ഉപയോഗിക്കുന്നതും ഉറുമ്പുകളുടെ ജഡങ്ങൾ തന്നെയാണ്. തന്നെ പിടിക്കാനെത്തുന്ന മറ്റ് ജീവികളിൽ നിന്നു രക്ഷപ്പെടാനുള്ള സൂത്രവിദ്യയാണ് 'കോട്ട്' ധരിച്ചുകൊണ്ടുള്ള ഈ ആൾമാറാട്ടം.

Assassin Bug Stacks Its Victims on Its Back to Create Cloak of Death
Image Credit: NanaChye/ Shutterstock

 

ഒന്നോ രണ്ടോ ഉറുമ്പുകളുടെ ശവശരീരമാണ് അകാന്താസ്പിസ് പെറ്റാക്സ് ചുമക്കുന്നതെന്ന് കരുതിയെങ്കിൽ തെറ്റി. ഒരേസമയം 20 ഉറുമ്പുകളെവരെ ഇത്തരത്തിൽ ശരീരം മറയ്ക്കാനായി ഇവ ഉപയോഗിക്കും. ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള ഒരു സ്രവം പുറപ്പെടുവിച്ചാണ് ഇവ ഉറുമ്പുകളെ ശരീരത്തിന്റെ പിൻഭാഗത്ത് ഒട്ടിച്ചു ചേർക്കുന്നത്. സ്വയം പുതയ്ക്കാൻ ജഡങ്ങൾ കിട്ടിയില്ലെങ്കിൽ ചെടികളുടെ ഭാഗങ്ങൾ കൊണ്ടും ഇവ കവചം സൃഷ്ടിക്കും. 

അകാന്താസ്പിസ് പെറ്റാക്സ് പ്രധാനമായും ഉറുമ്പുകളെയാണ് ഭക്ഷണമാക്കുന്നതെന്ന് നിരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളതായി പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ പ്രൊഫസറായ ആൻഡ്രൂ ഡീൻസ് പറയുന്നു. 

 

ഒരേസമയം ഇര പിടിക്കാനും ഇരപിടിയന്മാരിൽ നിന്നു രക്ഷ നേടാനും ഈ തന്ത്രം ഇവയെ സഹായിക്കാറുണ്ട്. ഉറുമ്പുകളെയും പുതച്ചു കൊണ്ടുവരുന്ന പ്രാണിയെ കണ്ടാൽ മറ്റു ഉറുമ്പുകൾക്ക് മണം കൊണ്ട് പെട്ടെന്ന് അതിനെ തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത്തരത്തിൽ കൊലയാളി പ്രാണിക്ക് ഇരകളെ എളുപ്പത്തിൽ പിടികൂടാനും സാധിക്കും. അതേ സമയം തന്നെ പിടികൂടാനെത്തുന്ന ജീവികളുടെ  കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കാനും ഈ വിദ്യയിലൂടെ ഇവയ്ക്ക് കഴിയും. പിടിക്കാനായി മറ്റു ജീവികളെത്തിയാൽ പുറത്തുള്ള ജഡങ്ങൾ അവ താഴെയിടും. അതോടെ ഇരപിടിയന്മാരുടെ ശ്രദ്ധ അൽപസമയത്തേക്ക് മാറും. ഈ തക്കം നോക്കി ഇവ രക്ഷപ്പെടുകയാണ് പതിവ്. പല്ലികൾ പ്രതിരോധത്തിനായി വാല് മുറിച്ചിടുന്നത് പോലെയുള്ള ഒരു രീതിയാണിതെന്ന് മുൻപ് നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

 

English Summary: Assassin Bug Stacks Its Victims on Its Back to Create Cloak of Death

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com