ADVERTISEMENT

ലോകത്തുളള ഇരുനൂറോളം രാജ്യങ്ങളിൽ നിന്നു പല മേഖലകളിൽ പ്രവർത്തിക്കുന്ന നാൽപതിനായിരത്തിലധികം അംഗങ്ങൾ ഒരുമിച്ചു കൂടുന്ന സമ്മേളനമാണ് കോൺഫറൻസ് ഓഫ് പാർട്ടീസ് 27. കാലാവസ്ഥാ വ്യതിയാനം എന്ന ആഗോള, സാമൂഹിക പ്രശ്നം ചർച്ച ചെയ്യുന്നതിലൂടെ വ്യക്തികളിൽ പ്രകൃതിസ്നേഹം വളർത്തിയെടുക്കുക എന്ന ലക്ഷ്യവും സമ്മേളനത്തിനുണ്ട്.

ഈ വർഷത്തെ പങ്കെടുക്കുവാൻ യുണിസെഫ് ഇന്ത്യയും യുൻഡിപി  ഇന്ത്യയും ഇന്ത്യയിൽനിന്ന് നാലു യുവാക്കളെ തിരഞ്ഞെടുക്കുത്തു. ഭാഗ്യവശാൽ ആ നാലിലൊരാൾ ഞാനാണ്. സമ്മേളനത്തിലെ ഓരോ ദിവസവും ഒരായിരം ഓർമകൾ സമ്മാനിക്കുന്നവയാണ്.

cop-1
സൗത്ത് ആഫ്രിക്കൻ പ്രസിഡന്റിനൊപ്പം എലിസബത്ത്

ഇന്ന് സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ്. ഞങ്ങൾ താമസിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം അരമണിക്കൂർ ദൂരമുണ്ട് സമ്മേളന നഗരിയിലേക്ക്. ഈജിപ്തിലെ ചൂടിൽനിന്നു രക്ഷപ്പെടാൻ ഞങ്ങൾ ബസ് യാത്ര തിരഞ്ഞെടുത്തു. എല്ലാ ബസ് യാത്രയിലും ഒരു സുഹൃത്തിനെ വീതം എനിക്ക് ലഭിച്ചിരുന്നു. 

ഇത്തവണ കെനിയയിൽനിന്നു ഗവൺമെന്റിനെ പ്രതിനിധീകരിച്ചെത്തിയ ഒരു വ്യക്തിയെ പരിചയപ്പെട്ടു. അദ്ദേഹം സമ്മേളനത്തെക്കുറിച്ചും തന്റെ ആശങ്കകളെക്കുറിച്ചും സംസാരിച്ചു. വികസിത രാജ്യങ്ങൾ ആഫ്രിക്ക പോലെയുളള ചെറിയ രാജ്യങ്ങളോട് കൂടുതൽ നീതി പുലർത്തണമെന്നും അവർക്കാവശ്യമായ ഫണ്ടുകൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ചെറിയ സംവാദങ്ങൾ ആഗോള പ്രശ്നങ്ങളെപ്പറ്റി എളുപ്പം മനസ്സിലാക്കാൻ നമ്മെ വളരെയേറെയാണ് സഹായിക്കുന്നത്.

cop2

ഒരുപാട് ആവേശത്തോടെയാണ് ഞങ്ങൾ രണ്ടാം ദിവസം സമ്മേളനത്തിന് എത്തിയത്. ലോകനേതാക്കൻമാർ സംസാരിക്കുന്നത് നേരിൽ കാണണം. പറ്റിയാൽ ഒരു സെൽഫിയെടുക്കാം എന്ന പ്രതീക്ഷയിൽ.  രാവിലെ വളരെ നേരത്തേ എത്തി. എന്നാൽ കർശന നിയന്ത്രണമായതിനാൽ അകത്തേക്കു പ്രവേശനം ലഭിച്ചില്ല.

പക്ഷേ നേതാക്കളെല്ലാം അവരവരുടെ രാജ്യത്തിന്റെ പവലിയനിലെത്തുമെന്ന വാർത്ത ഞങ്ങളെ ആഹ്ലാദിപ്പിച്ചു. അങ്ങനെയിരിക്കെയാണ് ആഫ്രിക്കൻ പവലിയനിൽ ഒരാൾക്കൂട്ടം കണ്ടത്. ആഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ രാമഫോസ അവിടെ എത്തിയതാണ്.

ആൾക്കൂട്ടത്തെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കയ്യടിപ്പിച്ചും അദ്ദേഹം പ്രസംഗിച്ചു. ചുറ്റും തടിച്ചു കൂടിയ ജനങ്ങൾക്കിടയിൽ നിന്ന് ഞങ്ങളോട്  സംസാരിക്കാനും ഒപ്പം നിന്ന് സെൽഫി എടുക്കാനും അദ്ദേഹം മടി കാണിച്ചില്ല.

വളരെ ഊർജസ്വലമായ ഒരു അന്തരീക്ഷത്തിലാണ് ഞങ്ങളിപ്പോഴുള്ളത്. ലോകനേതാക്കൾ, ബിസിനസ് മേധാവികൾ, ആക്ടിവിസ്റ്റുകൾ, യുവാക്കൾ, കുട്ടികൾ എന്നിവരെല്ലാമടങ്ങുന്ന സമത്വപൂർണമായ വേദി. ലോകകുടുംബം എന്ന ആശയം ഏറ്റവും കൂടുതൽ വ്യക്തമായ ഒരിടം. പരിസ്ഥിതി പ്രവർത്തനത്തിനോടുളള ആത്മാർഥത അവരുടെ വാക്കിലും പ്രവൃത്തിയിലും വ്യക്തം.

cop3

ഇന്ത്യൻ പവലിയനു നേതൃത്വം നൽകുന്നത് ഈജിപ്തിലെ ഇന്ത്യൻ അംബാസഡർ അജിത് ഗുപ്തയാണ്. പരിസ്ഥിതി മന്ത്രി ഭുപേന്ദർ യാദവ് ഇന്ത്യയുടെ പ്രതിനിധി സംഘത്ത നയിക്കും. ഒരുപാട് ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ പവലിയനിൽ ഉണ്ടാകും. ബഹുസ്വരത, ആത്മാർഥമായ പ്രവർത്തനം എന്നിവയാണ് ഈ സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത്.

തയാറാക്കിയത്: ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നിന്ന് എലിസബത്ത് ഈപ്പൻ

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com